IndiaLatest

ഇന്ത്യയില്‍ നിന്നും യു എസിലേക്ക് മടങ്ങാന്‍ 6.75 കോടിയുടെ പദ്ധതി

“Manju”

സിന്ധുമോള്‍ ആര്‍

 

ഹൈദരാബാദ് : യുഎസിലാണ് ജോലി, കുടുംബവും അവിടെയാണ്. പക്ഷേ കോവിഡ് ലോക്ഡൗണിൽ ഇന്ത്യയിൽ പെട്ടുപോയി. മടങ്ങിപ്പോയില്ലെങ്കിൽ ജോലി പോകും. അവിടെയെത്താൻ എന്താണു വഴി? ഇന്ത്യക്കാരായ പ്രവാസികളിൽ കുറച്ചുപേർ ആലോചിച്ചൊരു പോംവഴി കണ്ടെത്തി, ചാർട്ടേ‍ഡ് വിമാനം സംഘടിപ്പിക്കുക! സമ്പാദ്യമെല്ലാം ചേർത്ത് 9 ലക്ഷം ഡോളർ (ഏകദേശം 6.75 കോടി രൂപ) സ്വരുക്കൂട്ടി അവർ യാത്രയ്ക്കൊരുങ്ങുകയാണ്.

‘കലിഫോർണിയയിലെ ഒരു കമ്പനിയോടു സംസാരിച്ചപ്പോൾ 9 ലക്ഷം ഡോളർ വേണമെന്നാണ് ആവശ്യപ്പെട്ടത്. ഇത്രയും തുകയ്ക്കു വിമാനത്തിൽ ആളെ നിറയ്ക്കുകയെന്നതു പ്രയാസമാണെന്നു തോന്നി. ഇക്കാര്യം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. അഭൂതപൂർവമായ പ്രതികരണമാണു കിട്ടിയത്. പണം നൽകാൻ തയാറായി ധാരാളം പേർ മുന്നോട്ടുവന്നു’– ചാർട്ടേഡ‍് വിമാനത്തിനായുള്ള നടപടികൾ നയിക്കുന്ന എച്ച്1ബി വിസയുള്ള ഹൈദരാബാദ് സ്വദേശി പറഞ്ഞു.

ഇദ്ദേഹമടക്കം നൂറുകണക്കിന് ആളുകളാണു യുഎസിലേക്കു പോകാനാകാതെ ഇന്ത്യയിൽ കുടുങ്ങിയത്. യുഎസ് സർക്കാർ പ്രത്യേക വിമാനങ്ങൾ ഏർപ്പാടാക്കിയിരുന്നെങ്കിലും യുഎസ് പൗരന്മാർ അല്ലാതിരുന്നതിനാൽ അന്നു പോകാനായില്ല. ജോലി നഷ്ടപ്പെടുമെന്ന സാഹചര്യമായപ്പോഴാണു ചാർട്ടേഡ് വിമാനത്തിന്റെ സാധ്യത തേടിയത്. 283 സീറ്റുള്ള എ330ന് 9–9.50 ലക്ഷം ഡോളറാണ് ആവശ്യപ്പെട്ടത്. ഇതിൽ നിലവിൽ 100 യാത്രക്കാർക്കേ സഞ്ചരിക്കാനാകൂ. 278 സീറ്റുള്ള ബോയിങ് 767 വിമാനത്തിന് (100 യാത്രക്കാർ മാത്രം) 8.5 – 9 ലക്ഷം ഡോളറും ചോദിച്ചു.

ജോലിയും യുഎസിലെ ജീവിതവും നഷ്ടപ്പെടാതിരിക്കാൻ മറ്റു മാർഗങ്ങളില്ല. ചാർട്ടേഡ് വിമാനത്തിന്റെ ചർച്ചകൾ പുരോഗമിക്കുകയാണ്. അന്തിമ അനുമതി ലഭിച്ചിട്ടില്ല. പണമെത്ര ആയാലും യാത്രയ്ക്കു നിരവധി പേരാണ് ഒരുങ്ങിയിട്ടുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. ‘മാർച്ച് ആദ്യമാണു ഞാനെത്തിയത്. അതിനുശേഷം യുഎസിലെ ജോലി നഷ്ടപ്പെട്ടു. എന്നെ ആശ്രയിച്ചു കഴിയുന്ന ഭാര്യ ന്യൂജഴ്സിയിലാണ്. വിസ നിലനിർത്തണമെങ്കിൽ പുതിയ ജോലിക്ക് അപേക്ഷിക്കണം. ജോലി കിട്ടിയില്ലെങ്കിൽ കൺമുന്നിൽ സ്വപ്നങ്ങളെല്ലാം തകർന്നടിയും’– ചെന്നൈ സ്വദേശി പറഞ്ഞു.

Related Articles

Leave a Reply

Back to top button