KeralaLatest

നഗരസഭാങ്കണത്തിലെ പൂച്ചെടികളോടൊപ്പം പച്ചക്കറി കൃഷി.

“Manju”

സേതുനാഥ് മലയാലപ്പുഴ

തിരുവനന്തപുരം നഗരസഭാ പരിസരത്തും ടെറസിലുമായി ആരംഭിച്ച കൃഷി മേയർ കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

കോവിഡ് അനന്തര അതിജീവനത്തിനായി
കൃഷി വ്യാപിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരമാണ് നഗരസഭാ പരിസരത്തും,ടെറസിലുമായി കൃഷി ആരംഭിച്ചതെന്ന് മേയർ കെ.ശ്രീകുമാർ അറിയിച്ചു.

നഗരസഭാ കോമ്പൗണ്ടിൽ 5 സെന്റോളം വരുന്ന സ്ഥലത്ത് ഇക്കോളജിക്കൽ എൻജീനറിയിങ് രീതിയനുസരിച്ചാണ് കൃഷിയൊരുക്കിയിരിക്കുന്നത്.

പൂച്ചെടികളോടൊപ്പം പച്ചക്കറി,പഴവർഗങ്ങൾ എന്നിവ കൃഷി ചെയ്യുമ്പോൾ മിത്രകീടങ്ങളെ ആകർഷി ക്കാനും ശത്രുകീടങ്ങളെ തുരത്തുകയും ചെയ്യാനാവുമെന്നതാണ് ഈ രീതിയുടെ പ്രത്യേകത. നഗരസഭാങ്കണത്തിലെ പൂച്ചെടികളോടൊപ്പം ഇനി ചീരയും,മുളകും വഴുതനയുമെല്ലാം കിളിച്ചു വരും പതിയെ ചാമ്പയും പപ്പായയും കായ്ക്കും.നഗരസഭയുടെ ടെറസിൽ തിരിനന രീതിയിൽ 300 ചെടിച്ചട്ടികളിലാണ് കൃഷിയൊരുക്കുന്നത്.

തരിശുഭൂമിയിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ആദ്യഘട്ടമായി കുറവന്‍കോണത്തുള്ള ഒരേക്കര്‍ ഭൂമിയിലും, വെള്ളായണിയിലെ അഞ്ചേക്കര്‍ തരിശു ഭൂമിയിലും ഉടൻ കൃഷിയിറക്കുമെന്നും മേയർ പറഞ്ഞു.

നിലവിൽ വീടുകളിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും,പച്ചക്കറിയിൽ നഗരത്തിന് സ്വയം പര്യാപ്‌ത നേടാനുമായി ജൈവവളക്കൂട്ട് എന്ന പേരിൽ 20000 വീടുകളിൽ വിത്തും വളവും നഗരസഭ വിതരണം ചെയ്യുന്നുണ്ട്.
കുടപ്പനക്കുന്ന് കൃഷിഭവന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

നഗരസഭയുടെ അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിലെ ക്യാമ്പിലുള്ള അതിഥി തൊഴിലാളികളാണ് വിത്തും വളവും വിതരണത്തിനായി തയ്യാറാക്കുന്നത്.

വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വഞ്ചിയൂർ പി.ബാബു,കൃഷി ഓഫീസർ ഷിനു വി.എസ്,ഹെൽത്ത് ഇൻസ്പെകടർ അനൂപ് റോയ് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button