KeralaLatest

കുത്തിയിരുപ്പ് സമരം 12ന്

“Manju”

എസ് സേതുനാഥ് മലയാലപ്പുഴ

 

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ദുരിതത്തിലായ കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടേയും പരമ്പരാഗത മേഖലയില്‍ ഉള്‍പ്പടെ പണിയെടുക്കുന്ന അസംഘടിത തൊളിലാളികളുടെയും പ്രശ്‌നങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും പരിഹാരം കണ്ടെത്താനുമായി മേയ് 12ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസുകള്‍ക്ക് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്നവരാണ് ഈ വിഭാഗങ്ങളില്‍പ്പെടുന്ന സാധാരണ തൊഴിലാളികള്‍. നിത്യവൃത്തിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന ഇവര്‍ നേരിടുന്ന പ്രയാസം അതീവഗുരുതരമാണ്.ലോക്ക് ഡൗണിലെ നിയന്ത്രണങ്ങളില്‍ നിന്നും കര്‍ഷകരേയും മത്സ്യത്തൊഴിലാളികളേയും ഒഴിവാക്കിയിരുന്നങ്കിലും അടച്ചിടല്‍ വലിയതോതിലാണ് ഇക്കൂട്ടരെ ബാധിച്ചത്.

രണ്ടു പ്രളയങ്ങളെ അതിജീവിച്ച നമ്മുടെ കര്‍ഷകര്‍ക്ക് കിട്ടിയ അപ്രതീക്ഷിതമായ പ്രഹരമാണ് കോവിഡ് മഹാമാരി.കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഉത്പന്നങ്ങള്‍ സംഭരിക്കാനും വിപണികളില്‍ എത്തിക്കാനും കഴിയുന്നില്ല. മിക്കവരും സ്വകാര്യ ധനകാര്യസ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള ബാങ്കുകളില്‍ നിന്നും ഉയര്‍ന്ന പലിശയ്ക്ക് പണം കടമെടുത്താണ് കൃഷിയിറക്കുന്നത്. ഇപ്പോള്‍ പലരും ജപ്തി ഭീഷണി നേരിടുന്നവരാണ്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം കൊണ്ട് ഒരു പ്രയോജനവും ഇവര്‍ക്ക് ലഭിക്കുന്നില്ല. മൊറട്ടോറിയത്തേക്കാള്‍ കര്‍ഷകര്‍ക്ക് ആവശ്യം ഒരു വര്‍ഷത്തേക്കെങ്കിലും പലിശരഹിത വായ്പയാണ്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കര്‍ഷകരുടെ 72000 കോടിയുടെ കാര്‍ഷിക കടം എഴുതിത്തള്ളിയതിന് സമാനമായി ഇപ്പോള്‍ കാര്‍ഷിക കടം എഴുതിതള്ളാന്‍ നരേന്ദ്ര മോദി തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

ദാരിദ്ര്യത്തിന്റെ കണ്ണീര്‍ കയത്തിലാണ് തീരദേശത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളകള്‍. ഏറ്റവും അപകടരമായ സാഹചര്യത്തിലാണ് സാഹസികരായ ഈ സഹോദരങ്ങള്‍ തൊഴിലെടുക്കുന്നത്. അവരുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കേണ്ടത് ഏറ്റവും പ്രധാന്യമര്‍ഹിക്കുന്ന വിഷയമാണ്.

കശുവണ്ടി,കയര്‍,കൈത്തറി തുടങ്ങി പരമ്പരാഗത മേഖലകളില്‍ പണിയെടുക്കുന്നവരുടെ അവസ്ഥയും പരമദയനീയമാണ്. മറ്റുമേഖലയില്‍ പണിയെടുക്കുന്ന അസംഘടിത തൊഴിലാളികളും അതീവദുഖത്തിലാണ്.ഇവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് അടിയന്തിര പ്രധാന്യം അര്‍ഹിക്കുന്ന വിഷയമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Related Articles

Back to top button