KeralaLatest

ബലംപ്രയോഗം കൂടാതെ ലോക്ഡൗണ്‍ നടപ്പിലാക്കാനായത് പോലീസിന്‍റെ വിജയമെന്ന് ഡി.ജി.പി

“Manju”

എസ് സേതുനാഥ് മലയാലപ്പുഴ

കോവിഡ് രോഗ പ്രതിരോധത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ സംസ്ഥാനത്ത് കര്‍ശനമായി നടപ്പാക്കുന്നതിന് പൊതുജനങ്ങളുടെ എല്ലാവിധ സഹകരണവും പോലീസിന് ലഭിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളും ജനങ്ങള്‍ കൃത്യമായി പാലിച്ചത് കോവിഡിന് എതിരെയുളള പോരാട്ടത്തില്‍ വന്‍ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. ഐ.പി.എസ് പ്രൊബേഷണറി ഓഫീസര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്ഡൗണ്‍ നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും നടപ്പാക്കാന്‍ സംസ്ഥാനത്ത് ഒരിടത്തും പോലീസിന് ബലംപ്രയോഗിക്കേണ്ടിവന്നില്ലെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. സാഹചര്യത്തിന്‍റെ ഗൗരവം മനസിലാക്കി നാട്ടുകാരും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളും പോലീസിനോട് പൂര്‍ണമായും സഹകരിച്ചു. രോഗം പിടിപെടാനുളള സാഹചര്യത്തില്‍ 24 മണിക്കൂറും ജോലിചെയ്തിട്ടും കേരളത്തില്‍ പോലീസുകാര്‍ക്ക് ആര്‍ക്കും തന്നെ രോഗം പടരാതിരുന്നത് ആരോഗ്യസുരക്ഷാമേഖലയിലും പോലീസ് സ്വീകരിച്ച മുന്‍കരുതലുകളുടെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. ഡ്രോണിന്‍റെ ഉപയോഗം, ആരോഗ്യസുരക്ഷയ്ക്കും നിയമം നടപ്പാക്കുന്നതിനുമായി ഉപയോഗിച്ച ആപ്പുകളുടെ സാങ്കേതികത എന്നിവ പോലീസിന്‍റെ വിജയത്തിന് ഏറെ പങ്കുവഹിച്ചതായി അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യപ്രവര്‍ത്തകരോടൊപ്പം വൈറസ് ബാധക്കെതിരെ 24 മണിക്കൂറും കര്‍മ്മമണ്ഡലത്തില്‍ ഉണ്ടായിരുന്നവരാണ് കേരളത്തിലെ പോലീസുകാര്‍. പകര്‍ച്ചവ്യാധികളെ ചെറുക്കാന്‍ യാതൊരുവിധ പരിശീലനവും ലഭിച്ചിട്ടില്ലാത്ത പോലീസുദ്യോഗസ്ഥര്‍ക്ക് ആ ചുമതല ഭംഗിയായി നിര്‍വ്വഹിക്കാന്‍ കഴിഞ്ഞത് അവരുടെ കര്‍ത്തവ്യ ബോധവും ആത്മാര്‍ത്ഥതയും കൊണ്ടുമാത്രമാണ്. രാത്രി വൈകുംവരെ കൊടുംചൂടത്ത് ജനത്തിന്‍റെ ആവശ്യമറിഞ്ഞുമാത്രം പ്രവര്‍ത്തിച്ച പോലീസിന് പലകോണുകളില്‍ നിന്നും പ്രശംസ ലഭിച്ചു. ഭക്ഷണവും ശീതളപാനീയവും ഫലവര്‍ഗ്ഗങ്ങളുമൊക്കെ ഡ്യൂട്ടിയിലുളള പോലീസുകാര്‍ക്ക് നാട്ടുകാര്‍ തന്നെ എത്തിച്ചുകൊടുക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്. വ്യക്തികളും സന്നദ്ധസംഘടനകളും പോലീസിന് ആവശ്യമായ മാസ്കുകളും കൈയ്യുറകളും സാനിട്ടൈസറുകളും എത്തിച്ചുകൊടുക്കുകയുമുണ്ടായി. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചരണത്തിനും പോലീസ് വൻ പ്രാധാന്യമാണ് നൽകിയത്.

സാര്‍ക്ക് രാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെ 160 പോലീസ് ഓഫീസര്‍മാരാണ് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. കോവിഡ് പ്രതിരോധത്തിന് കേരളാ പോലീസ് വഹിച്ച പങ്ക് രാജ്യാന്തരതലത്തില്‍ പ്രശംസിക്കപ്പെട്ട സാഹചര്യത്തിലാണ് ഐ.പി.എസ് പ്രൊബേഷണറി ഓഫീസര്‍മാര്‍ക്ക് ക്ലാസ്സെടുക്കാന്‍ നാഷണല്‍ പോലീസ് അക്കാഡമി ഡയറക്ടര്‍ സംസ്ഥാന പോലീസ് മേധാവിയെ ക്ഷണിച്ചത്.

Related Articles

Back to top button