IndiaLatest

ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് ഇന്ന് 71-ാം ജന്മദിനം

“Manju”

ആർ. ഗുരുദാസ്

ഉപരാഷ്ട്രപതിയും പ്രമുഖനായ നേതാവുമായ വെങ്കയ്യ നായിഡുവിനെ ജന്മദിനാശംസകൾ

ആന്ധ്രാപ്രദേശിലെ നെല്ലൂർ, ചാവട്ടപാളം ഗ്രാമത്തിൽ കർഷകരായ രങ്കയ്യാ നായിഡുവിന്റെയും രമണമ്മയുടെയും മകനായി 1949 ജൂലായ് 1നാണ് വെങ്കയ നായിഡു ജനിച്ചത്. നെല്ലൂരിലെ സില്ല പാർഷാദ് ഹൈസ്‌കൂളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം നെല്ലൂരിലെ വി. ആർ. കോളേജിൽ നിന്ന് രാഷ്ട്രീയത്തിലും നയതന്ത്ര പഠനത്തിലും ബിരുദം നേടി. പിന്നീട് വിശാഖപട്ടണത്തെ ആന്ധ്ര യൂണിവേഴ്സിറ്റി ലോ കോളേജിൽ നിന്നും നിയമത്തിൽ ബിരുദവും അന്താരാഷ്ട്ര നിയമത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി

ചെറുപ്പത്തിൽ തന്നെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സേവകനായി പ്രവർത്തിച്ചിട്ടുണ്ട്.കോളേജ് വിദ്യാഭ്യാസത്തിനിടെ എ.ബി.വി.പിയിൽ അംഗമായി. ആന്ധ്ര സർവകലാശാലയുമായി ബന്ധപ്പെട്ട കോളേജുകളുടെ സ്റ്റുഡന്റ്സ് യൂണിയന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

1972ൽ കക്കാനി വെങ്കട രത്‌നം വിജയവാഡയിൽ നിന്ന് നേതൃത്വം നൽകിയ ആന്ധ്രാ മൂവ്മെന്റിലൂടെ ശ്രദ്ധേയനായ അദ്ദേഹം 1974 ൽ ആന്ധ്രാപ്രദേശിൽ ജയപ്രകാശ് നാരായണൻ അഴിമതിക്കെതിരെ നടത്തിയ ഛത്ര സംഘർഷ് സമിതിയുടെ കൺവീനറായി. 1975 ൽ ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖാപിച്ചതിനെ തുടർന്ന് പ്രതിഷേധിച്ചതിന് അദ്ദേഹം ജയിലിലടയ്ക്കപ്പെട്ടു. 1977–80 കാലഘട്ടത്തിൽ ജനതാ പാർട്ടിയുടെ യുവജന വിഭാഗത്തിന്റെ പ്രസിഡന്റായി

ഒരു വിദ്യാർത്ഥി നേതാവായി ഉയർന്നുവന്ന അദ്ദേഹം സമർത്ഥനായ ഒരു പ്രാസംഗികനുമായിരുന്നു. കർഷകരുടെയും മറ്റു പിന്നോക്ക വിഭാഗങ്ങളുടെയും വികസനത്തിനായി പ്രവർത്തിച്ച അദ്ദേഹം നെല്ലൂർ ജില്ലയിലെ ഉദയഗിരി നിയോജകമണ്ഡലത്തിൽ നിന്ന് 1978 ലും 1983 ലും എം. എൽ. എ ആയി തിരഞ്ഞെടുക്കപ്പെട്ടു. ആന്ധ്രപ്രദേശിൽ ബിജെപിയുടെ ആദ്യത്തെ എം. എൽ. എ യായ വെങ്കയ നായിഡു. ഏറ്റവും ജനപ്രിയ നേതാക്കളിൽ ഒരാളായി.സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ബിജെപിയുടെ വിവിധ സംഘടനാ പദവികൾ വഹിക്കുകയുണ്ടായി. 1996 മുതൽ 2000 വരെ പാർട്ടി വക്താവായി സേവനമനുഷ്ഠിച്ച അദ്ദേഹം 1998 ൽ കർണാടകയിൽ നിന്ന് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

1999 ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ എൻ‌ഡി‌എ സഖ്യം അധികാരത്തിൽ വന്നപ്പോൾ അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ കേന്ദ്ര ഗ്രാമവികസന മന്ത്രിയായി. ഗ്രാമവികസനത്തിലെ പരിഷ്കാരങ്ങൾ കൊണ്ടുവരികയും ‘പ്രധാൻ മന്ത്ര ഗ്രാമ സടക് യോജന’ പോലുള്ള നിരവധി പദ്ധതികൾക്ക് നേതൃത്വം നൽകുകയും ചെയ്തു. ദക്ഷിണേന്ത്യയിൽ നിന്നുള്ള മിക്ക രാഷ്ട്രീയക്കാരിൽ നിന്നും വ്യത്യസ്തമായി ഹിന്ദി പഠിക്കുകയും ഉത്തരേന്ത്യയിലെ പൊതു റാലികളെ അഭിസംബോധന ചെയ്യുകയും ചെയ്തു. 2002 മുതൽ 2004 വരെ പാർട്ടി ദേശീയ അദ്ധ്യക്ഷനുമായിരുന്ന അദ്ദേഹം 2004 ലും 2010 ലും കർണാടകയിൽ നിന്ന് വീണ്ടും രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു

2014ലെ നരേന്ദ്ര മോഡി സർക്കാരിൽ നഗരവികസന, പാർപ്പിട നഗരദാരിദ്ര്യ നിർമ്മാർജ്ജന, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രിയായി. 2017 ആഗസ്റ്റ് 11 നു നടന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സാനാർത്ഥിയായി വിജയിക്കുകയും സ്വതന്ത്ര ഭാരതത്തിന്റെ 13-ാമത് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

Related Articles

Back to top button