IndiaLatest

തമിഴ്നാട് പാസിന് നിബന്ധനകൾ കര്‍ശനമായി

“Manju”

ശ്രീജ.എസ്

ചെന്നൈ∙ ലോക്ഡൗണിനെത്തുടർന്നു കുടുങ്ങിയ മലയാളികൾക്കു നാട്ടിലേക്കുള്ള യാത്ര കൂടുതൽ സങ്കീർണമാക്കി സർക്കാർ പാസ് നൽകുന്നതിനു നടപടിക്രമങ്ങൾ കടുപ്പിച്ചു. കേരളത്തിന്റെ പാസ് അപേക്ഷയ്ക്കൊപ്പം അ‌പ്‌ലോഡ് ചെയ്താൽ മാത്രമാണു ഇനി തമിഴ്നാട് പാസ് അനുവദിക്കുക. കൂട്ടമായി പോകുന്നവർ ഓരോരുത്തരുടെയും കേരള പാസ് പ്രത്യേകം അപ്‌ലോ‌ഡ് ചെയ്യണം. ഇതോടെ, നാട്ടിലെത്താനുള്ളവർക്കായി പൊതു വാഹനം ഏർപ്പെടുത്താനുള്ള സിടിഎംഎ ഉൾപ്പെടെയുള്ള സംഘടനയുടെ ശ്രമങ്ങളും വഴി മുട്ടി. തമിഴ്നാട് പാസ് ലഭിക്കുന്നതിനുള്ള നടപടിക്രമം ലളിതമാക്കാൻ കേരള സർക്കാർ ഇടപെടണമെന്നു സിടിഎംഎ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം വരെ രണ്ട് സംസ്ഥാനങ്ങളുടെയും പാസിനായി ഒരേ സമയം അപേക്ഷിക്കാമായിരുന്നു. ഒരേ സമയം പാസ് ലഭിച്ചാൽ കാലതാമസമില്ലാതെ യാത്രയ്ക്ക് ഒരുങ്ങാൻ സാധിച്ചു. എന്നാല്‍ ഇപ്പോൾ തമിഴ്നാടിന്റെ പാസിന് അപേക്ഷിക്കണമെങ്കിൽ കേരളത്തിന്റെ പാസ് ലഭിക്കണം. കേരള സർക്കാർ നൽകിയ പാസിന്റെ പകർപ്പ് ഓൺലൈൻ അപേക്ഷയ്‌ക്കൊപ്പം അപ്‌ലോഡ് ചെയ്യണം.

കേരള, തമിഴ്‌നാട് പാസുകളിലെ വിവരങ്ങൾ ഏകീകൃതമല്ലാത്തതും ആശയക്കുഴപ്പമുണ്ടാക്കുന്നു. തമിഴ്‌നാട് പാസിന് അപേക്ഷിക്കുമ്പോൾ കേരള പാസിന്റെ കാലാവധി എത്രദിവസമാണെന്ന് നൽകണം. എന്നാൽ കേരള പാസിൽ കാലാവധി നൽകിയിട്ടില്ല. അതിർത്തി കടക്കാൻ നൽകിയിരിക്കുന്ന തീയതിയും സമയവും മാത്രമാണ് കേരള പാസിലുള്ളത്. അതിർത്തി കടക്കാൻ അനുവദിക്കുന്ന തീയതിക്കു ഒരു ദിവസം മുൻപാണു മിക്കപ്പോഴും പാസ് ലഭിക്കുക. എന്നാൽ ഇതിനു ശേഷം ഒരു ദിവസത്തിനുള്ളിൽ തമിഴ്‌നാട് പാസ് ലഭിക്കാത്തതും യാത്ര മുടങ്ങുന്നതിനു കാരണമാകുന്നു.

നിലവിൽ 2500 ഓളം പേർ സിടിഎംഎ മുഖേന നാട്ടിലേക്ക് പോകാന്‍ റജിസ്റ്റർ ചെയ്തിട്ടുണ്ട്. പുതിയ നിബന്ധന വന്നതോടെ ഒരോരുത്തരും കേരളത്തിന്റെ പാസ് ലഭിച്ചതിനുശേഷം പ്രത്യേകം തമിഴ്‌നാടിന്റെ പാസിനായി അപേക്ഷിക്കേണ്ട സ്ഥിതിയാണ്. ഇത്തരത്തിലുള്ള സങ്കീർണതകകൾ ഒഴിവാക്കാൻ ഇരുസർക്കാരുകളും തയാറാകണമെന്നു സിടിഎംഎ യാത്ര സഹായ സമിതി ചീഫ് കോ-ഓർഡിനേറ്റർ സോമൻ കൈതക്കാട് ആവശ്യപ്പെട്ടു.

തമിഴ്നാട് അതിർത്തിയിൽ കേരളത്തിന്റെ പാസില്ലാതെ ആളുകള്‍ കഴിഞ്ഞ ദിവസങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതെത്തുടർന്നു കേരള ഡിജിപി ലോക്നാഥ് ബെഹ്റ, തമിഴ്നാട് ഡിജിപി ജെ.കെ.ത്രിപാഠിയുമായി കഴിഞ്ഞ ദിവസം ഫോണിൽ സംസാരിച്ചു. കേരള പാസില്ലാത്തവരെ തമിഴ്നാട്ടിൽ തന്നെ തടയണമെന്നു കേരള ഡിജിപി അഭ്യർഥിച്ചതായാണു സൂചന. ഇതിനു പിന്നാലെയാണു തമിഴ്നാട് പാസിനായി കേരളത്തിന്റെ പാസ് കൂടി അപ്‌ലോഡ് ചെയ്യണമെന്ന വ്യവസ്ഥ വന്നത്.

കേരളത്തിന്റെയും തമിഴ്നാടിന്റെ പാസില്ലാതെ യാത്ര ചെയ്താൽ അതിർത്തിയിൽനിന്നു തിരിച്ചുവരേണ്ടിവരും. കേരളത്തിന്റെ നിർദേശപ്രകാരം തമിഴ്നാട് പൊലീസും പരിശോധന ശക്തമാക്കി. തമിഴ്നാട് പൊലീസ് ഇനി കേരളത്തിന്റെ പാസും പരിശോധിക്കും. കേരളത്തിന്റെ പാസിൽ പറഞ്ഞ സമയത്തു മാത്രം അതിർത്തിയിലെത്തുക. അതിനു മുൻപെത്തിയാൽ അതിർത്തിയിൽ തടയും. എന്നാൽ, പാസിലെ സമയം കഴിഞ്ഞു പോയാലും പ്രശ്നമില്ല. ഒരു വാഹനത്തിൽ പോകുന്നവർ എല്ലാവർക്കും ഒരേ ദിവസത്തെ പാസാണെന്ന് ഉറപ്പുവരുത്തുക. അല്ലെങ്കിൽ ആ ദിവസം പാസുള്ളവരെ മാത്രം അതിർത്തി കടത്തിവിടും. മറ്റുള്ളവരെ തടയും.

നോർക്കയിൽ റജിസ്റ്റർ ചെയ്തവർ യാത്രാ സമയവും വാഹനവും തീരുമാനിക്കുന്നതിനു മുൻപ് ജാഗ്രത സൈറ്റിൽ പാസിന് അപേക്ഷിക്കരുത്. ഒരു തവണ വെറുതെ അപേക്ഷിച്ചിട്ടാൽ പിന്നീട് വാഹന സൗകര്യമുണ്ടാകുമ്പോൾ അപേക്ഷിച്ചാൽ അസാധുവാകും. ഇങ്ങനെ ഒട്ടേറെ പേർക്കു യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതിയുണ്ടായി. പാസിൽ നൽകിയിരിക്കുന്ന വാഹനത്തിനു അസൗകര്യമുണ്ടായാൽ മറ്റൊരു വാഹനത്തിന്റെ നമ്പർ നൽകാനുള്ള ഓപ്ഷനില്ലാത്തതും ആശയകുഴപ്പമുണ്ടാക്കുന്നു. പാസിൽ നമ്പർ നൽകിയിരിക്കുന്ന വാഹനം പഞ്ചറായതിനെ തുടർന്ന് മറ്റൊരു വാഹനത്തിൽ പോയവരെ കഴിഞ്ഞ ദിവസം തമിഴ്നാട് പൊലീസ് തടഞ്ഞു.

Related Articles

Back to top button