KeralaLatest

നിയന്ത്രണം പാളിയാൽ വൻ വിപത്ത് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം ∙ നിയന്ത്രണങ്ങൾ പാളിപ്പോയാൽ കോവിഡ് പ്രതിരോധം കൈവിട്ടു പോകുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. പ്രതീക്ഷിക്കാത്ത വിപത്തു വരും. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും കൂടുതൽ ആളുകൾ വരുന്നതോടെ രോഗവ്യാപനം തടയുകയെന്നതു വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമ്പർക്കത്തിലൂടെ രോഗവ്യാപനം ഉണ്ടായാൽ സ്ഥിതി സങ്കൽപ്പാതീതമായിരിക്കും. അതുകൊണ്ട് നിയന്ത്രണങ്ങൾ കർശനമാക്കും. നിലവിൽ ചികിത്സയിലുള്ള 32 രോഗബാധിതരിൽ 23 പേർക്കും രോഗം ബാധിച്ചതു കേരളത്തിനു പുറത്തുനിന്നാണ്. കാസർകോട് ഒരാളിൽ നിന്ന് 22 പേർക്കും കണ്ണൂരിൽ 9 പേർക്കും വൈറസ് ബാധിച്ചു. വയനാട്ടിൽ 6 പേരാണു സമ്പർക്കത്തിലൂടെ രോഗികളായത്. സംസ്ഥാനത്ത് ഇതുവരെയുള്ള രോഗികളിൽ 70% പുറത്തുനിന്നു വന്നവരാണ്.

ഇതുവരെ 33,116 പേർ റോഡ് മാർഗവും 1406 പേർ വ്യോമ മാർഗവും 833 പേർ കപ്പൽ മാർഗവും സംസ്ഥാനത്ത് എത്തി. വിമാനത്തിൽ വന്നവരിൽ 7 പേർക്കു രോഗബാധയുണ്ടായി. ഇവർക്കൊപ്പം യാത്ര ചെയ്ത എല്ലാവരെയും ക്വാറന്റീനിൽ പാർപ്പിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് 89,950 പേർക്കു പാസ് നൽകിയിട്ടുണ്ട്. ഇതിൽ 45,157സോണുകളിൽ നിന്നാണ് എത്തുന്നത്. രോഗം ബാധിക്കാതിരിക്കാൻ ഓരോരുത്തരും ഏറെ ജാഗ്രതപുലർത്തണമെന്നാണ് ഇതു തെളിയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീട്ടിൽ ക്വാറന്റീനിൽ കഴിയുന്നവർ പുറത്തിറങ്ങിയാൽ അവരെ സർക്കാരിന്റെ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്കു മാറ്റുമെന്നു മുഖ്യമന്ത്രി പറഞ്ഞു. ക്വാറന്റീനിൽ കഴിയുന്നവർ വീട്ടിൽ തന്നെ ഉണ്ടെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം പൊലീസിനാണ്. പുറത്തുനിന്നു വരുന്നവർക്കു ഹോം ക്വാറന്റീനു പകരം റൂം ക്വാറന്റീനാണു നടപ്പാക്കുന്നത്. ഇവർ മുറിയിൽ തന്നെ കഴിയണം.

മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പൊലീസിനു നിർദേശം നൽകിയിട്ടുണ്ട്. വഴിയോരങ്ങളിൽ മാസ്ക് വിൽക്കുന്നുണ്ട്. ചിലർ മാസ്ക് മുഖത്തു വച്ചു നോക്കി തിരഞ്ഞെടുക്കുന്ന രീതിയും തുടരുന്നു. അതിനാൽ മാസ്ക് വിൽപനയെക്കുറിച്ച് ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കും.

വിദേശത്തുള്ള ഗർഭിണികളെയും ഇതര രോഗങ്ങൾ ഉള്ളവരെയും എത്തിക്കുന്നതിനു പ്രത്യേക വിമാനം അയയ്ക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടു. എസി ട്രെയിനുകൾ രോഗം പടരുന്നതിനു സാധ്യത വർദ്ധിപ്പിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. ട്രെയിനുകൾക്ക് നിലവിൽ മംഗളൂരു കഴിഞ്ഞാൽ കോഴിക്കോടാണ് സ്റ്റോപ്പ. കണ്ണൂരും കാസർകോടും എത്തേണ്ടവർ മംഗളൂരുവിൽ ഇറങ്ങണം. ഇവരുടെ നാട്ടിലേക്കുള്ള യാത്രയുടെ സുരക്ഷിതത്വം പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Check Also
Close
Back to top button