KeralaLatest

പൗരത്വ നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി; നടപ്പാക്കേണ്ടി വരും: സുരേഷ് ഗോപി

“Manju”

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചതിനെതിരെ വിമര്‍ശനവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുകയാണെന്ന് സുരേഷ് ഗോപി പറഞ്ഞു. നിയമം നടപ്പാക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. കേരളം ഇന്ത്യയുടെ ഭാഗമാണെന്നും ഇത് കേരളത്തിലും നടപ്പിലാക്കേണ്ടി വരുമെന്നും സുരേഷ് ഗോപി പറയുന്നു. ഇത് കേരളത്തില്‍ നടപ്പിലാക്കുമോ എന്ന കാത്തിരുന്ന് കാണാമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനല്ല രാജ്യത്തിന്റെ നേട്ടത്തിനാണ് സിഎഎ നടപ്പിലാക്കുന്നതെന്ന് സുരേഷ് ഗോപി പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. നിയമം എന്നായാലും നടപ്പിലാക്കേണ്ടതാണ്. ദാരിദ്ര്യനിര്‍മാര്‍ജനം ഉള്‍പ്പെടെയാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കിലെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പൗരത്വ ഭേദഗതി നടപ്പിലാക്കാനുള്ള നീക്കം രാജ്യത്തെ അസ്വസ്ഥമാക്കാനാണെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന. വര്‍ഗീയ ധ്രുവീകരണമാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. നിയമ ഭേദഗതിയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുസ്ലിം ലീഗ് പ്രതികരിച്ചു. പൗരത്വ ഭേദഗതി നിയമം കേരളത്തിലെന്നല്ല, ഇന്ത്യയില്‍ തന്നെ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു.

 

Related Articles

Back to top button