KeralaLatest

കോവിഡ് : മരണനിരക്കു കുറച്ച് ഇന്ത്യ

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡൽഹി : കോവിഡ് വിഴുങ്ങി നാലാം മാസവും മരണനിരക്കു കുറച്ച് ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ കണക്കാക്കുമ്പോൾ, ഓരോ 10 ലക്ഷം പേരിലും 2 പേർ മാത്രമാണ് ഇന്ത്യയിൽ മരിക്കുന്നത്. രോഗം ആദ്യം പടർന്ന ചൈനയിലും സ്ഥിതി ഭേദമാണ്. അവിടെ 10 ലക്ഷത്തിൽ 3 മരണം മാത്രം.

ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്ത 15 രാജ്യങ്ങളിൽ, ജനസംഖ്യാനുപാതിക താരതമ്യത്തിൽ ഏറ്റവുമധികം മരണം ബെൽജിയത്തിലാണ്. അവിടെ 10 ലക്ഷത്തിൽ 763 ആണ് മരണനിരക്ക്. സ്പെയിനിൽ 580, ഇറ്റലിയിൽ 511, യുകെയിൽ 482, ഫ്രാൻസിൽ 414, യുഎസ്എയിൽ 252 എന്നിങ്ങനെയാണ് മരണസംഖ്യ. നേരത്തെ പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച് (മേയ് 7 വരെയുള്ള കണക്ക്) ഇന്ത്യയിൽ 1.29 ആയിരുന്നു മരണനിരക്ക്.

രോഗബാധിതരിൽ ഏറ്റവും കുറഞ്ഞ മരണ നിരക്ക് റഷ്യയിലാണ്– 0.9%. രണ്ടാമത് ഇന്ത്യ – 3.23%. യുഎസ് (6.72%), സ്പെയിൻ (9.9%), യുകെ (14.4%), ഇറ്റലി (13.97%), ഫ്രാൻസ് (15%), ബ്രസീൽ (6.9%), ജർമനി (4.4%) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ മരണ നിരക്ക്.

ആർടി പിസിആർ ടെസ്റ്റ് കൂട്ടുന്നതിനുസരിച്ചു പല സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. തമിഴ്നാട്ടിലാണ് അതിരൂക്ഷം. രാജ്യത്ത് ഏറ്റവും കൂടുതൽ പരിശോധന (2.66 ലക്ഷം) നടന്ന ഇവിടെ 8718 പേർക്കു കോവിഡ് സ്ഥിരീകരിച്ചു.

കേരളത്തിൽ പരിശോധന കേന്ദ്രങ്ങളുടെ എണ്ണം 21 ആയി. തിരുവനന്തപുരം ആർസിസിയിലാണ് പുതുതായി അനുമതി നൽകിയത്. സർക്കാർ മേഖലയിൽ 15 ലാബുകളിലും സ്വകാര്യ മേഖലയിൽ ആറിടത്തുമാണ് കേരളത്തിൽ പരിശോധനാ സൗകര്യമുള്ളത്.

പ്രതിദിന കോവിഡ് പരിശോധനയിൽ റെക്കോർഡ്. ഇന്നലെ മാത്രം 94,671 പേർക്കു കോവിഡിനുള്ള സ്രവ പരിശോധന നടന്നു. ഇതോടെ രാജ്യത്തെ ആകെ പരിശോധന 20 ലക്ഷത്തിനടുത്തെത്തി.

അതേസമയം, ജനസംഖ്യാനുപാതികമായ പരിശോധനയിൽ ഇന്ത്യ പിന്നിലാണ്. ഇന്ത്യയിൽ ഓരോ 10 ലക്ഷം പേരിലും 1500 ൽ ആളുകൾക്കേ ഇവിടെ പരിശോധന നടത്തുന്നുള്ളൂ. എന്നാൽ യു​എസിൽ 10 ലക്ഷം പേരിൽ 30,018 പേർക്കും സ്പെയിനിൽ 52,781 പേർക്കും പരിശോധന നടക്കുന്നുണ്ട്. ആകെ പരിശോധനകളുടെ എണ്ണത്തിൽ യുഎസ് ആണ് മുന്നിൽ. ഒരു കോടിയിൽ പരം ആളുകളെ അവിടെ പരിശോധിച്ചു.

കോവിഡ് പകർച്ചവ്യാധി നേരിടുന്നതിന് ഇന്ത്യയ്ക്ക് ബ്രിക്സ് ബാങ്ക് 100 കോടി ഡോളർ (ഏകദേശം 7500 കോടി രൂപ) അടിയന്തര വായ്പ നൽകി. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സ്, ബെയ്ജിങ് ആസ്ഥാനമായി രൂപീകരിച്ച ന്യൂ ഡവലപ്മെന്റ് ബാങ്ക് ഏപ്രിൽ 30 ന് ഈ തുക അനുവദിച്ചിരുന്നതാണ്.

ഇന്ത്യയുടെ അഭ്യർഥനപ്രകാരം രോഗവ്യാപനം തടയുന്നതിനും വിവിധ മേഖലകളിലുണ്ടായ നഷ്ടം നികത്തുന്നതിനും വേണ്ടിയാണ് വായ്പ അനുവദിച്ചിട്ടുള്ളത്.

Related Articles

Back to top button