KeralaLatest

ദക്ഷിണേന്ത്യ ‘പവർഫുൾ’ ആകുന്നു

“Manju”

ടി.ജെ. ശ്രീജിത്ത്

ദക്ഷിണേന്ത്യ ‘പവർഫുൾ’ ആകുന്നു

തൃശ്ശൂർ: ലോകത്തെ ഏറ്റവും നീളമേറിയ വൈദ്യുതി ഇടനാഴികളിലൊന്ന് ഇന്ത്യയിൽ യാഥാർഥ്യമാകുന്നു. ഛത്തീസ്ഗഢിലെ റായ്ഗഢിൽനിന്ന് തൃശ്ശൂർ മണ്ണുത്തിയിലേക്കുള്ള ഇടനാഴിയുടെ ആദ്യഘട്ടം ബുധനാഴ്ച വിജയം കണ്ടു. റായ്ഗഢിൽനിന്ന് തമിഴ്നാട്ടിലെ പുഗലൂർ വരെയുള്ള 1775 കിലോമീറ്ററിൽ നടത്തിയ പരീക്ഷണ വൈദ്യുതിപ്രവാഹമാണ് വിജയമായത്. പുഗലൂരിൽനിന്ന് മണ്ണുത്തിയിലേക്കുള്ള ബാക്കിഭാഗം ജൂൺ, ജൂലായ് മാസങ്ങളിൽ പൂർത്തിയാകുമെന്നാണ് സൂചന.

ദക്ഷിണേന്ത്യയിലെ വൈദ്യുതിപ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുള്ള മെഗാപ്രോജക്ടാണിത്. പവർഗ്രിഡ് കോർപ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. റായ്ഗഢിലെ അൾട്രാ ഹൈവോൾട്ടേജ് ഡയറക്ട് കറന്റ് മെഗാ പവർ പ്ലാന്റിൽനിന്ന് പുഗലൂർവരെ 6000 മെഗാവാട്ട് വൈദ്യുതിയും പുഗലൂരിൽനിന്ന് മണ്ണുത്തിയിലേക്ക് (153 കിലോമീറ്റർ) 2000 മെഗാവാട്ട് വൈദ്യുതിയും എത്തിക്കും. ദക്ഷിണേന്ത്യയിലെ എട്ടുകോടി ജനങ്ങൾക്ക് പ്രയോജനം ലഭിക്കുമെന്ന് കരുതുന്ന പദ്ധതിക്ക് 4350 കോടിരൂപയാണ് ചെലവ്.

വൈദ്യുതി സ്വീകരിക്കുന്നതിനായി തൃശ്ശൂർ മണ്ണുത്തിയിൽ 2000 മെഗാവാട്ട് സബ്സ്റ്റേഷന്റെ നിർമാണം അവസാനഘട്ടത്തിലാണ്. സംസ്ഥാനത്തിന് ഓരോവർഷവും മുന്നൂറ് മെഗാവാട്ട് വൈദ്യുതി അധികമായി വേണ്ടിവരുന്നുണ്ട്. ഇതെത്തിക്കാൻ ഈ ഇടനാഴിയിലൂടെ കഴിയും. നേരത്തേ കമ്മിഷൻചെയ്ത കൊച്ചി ഇടമൺ വൈദ്യുതി ഇടനാഴിയുമായി ഇത് ബന്ധിപ്പിക്കുന്നതോടെ ലോവർപെരിയാർ, പെരിങ്ങൽക്കുത്ത്, ഷോളയാർ എന്നിവിടങ്ങളിൽനിന്നുള്ള വൈദ്യുതിയെ ആശ്രയിക്കാതെതന്നെ തൃശ്ശൂരിൽനിന്ന് വൈദ്യുതിവിതരണം സാധ്യമാകും.

Related Articles

Back to top button