KeralaLatest

റേഷൻ കാർഡില്ലാത്തവർക്കു സൗജന്യ അരി നൽകിയ കടകൾക്ക് തുല്യയളവിൽ സപ്ലൈകോ അരി നൽകും.

“Manju”

 

തൃശൂർ.ലോക്ഡൗൺ കാലത്തു സർക്കാർ നിർദേശപ്രകാരം റേഷൻ കാർഡില്ലാത്തവർക്കു സൗജന്യമായി അരി വിതരണം ചെയ്ത വ്യാപാരികൾക്കു പകരം അരി നൽകാൻ സപ്ലൈകോയുടെ തീരുമാനം. റേഷൻ കാർഡില്ലാത്തവർ ആധാർ കാർഡും സത്യവാങ്മൂലവും ഹാജരാക്കി റേഷൻ കടകളിൽ നിന്ന് 5 മുതൽ 15 കിലോ വരെ യ അരി ഏപ്രിൽ മാസത്തിൽ കൈപ്പറ്റിയിരുന്നു. കടകളിൽ മുൻകൂട്ടി അരി എത്തിക്കാതെയാണ് സപ്ലൈകോ അരി വിതരണത്തിന് ഉത്തരവിട്ടത്.

ഇതിനു പകരമായി കടക്കാർ വിതരണം ചെയ്ത അതേ അളവിൽ അരി എത്തിക്കാൻ സപ്ലൈകോ തീരുമാനിച്ചതു വ്യാപാരികൾക്ക് ആശ്വാസമായി. സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ ഏപ്രിലിൽ വിതരണം ചെയ്ത അരിയുടെ കണക്ക് ഇനം തിരിച്ചു പട്ടിക തയാറാക്കി അതതു ഡിപ്പോകൾക്കു കൈമാറാൻ താലൂക്ക് സപ്ലൈ ഓഫിസർമാർക്കു നിർദേശം നൽകിയിട്ടുണ്ട്.

ഈ പട്ടികയുടെ അടിസ്ഥാനത്തിൽ റേഷൻ കടകളിലേക്കു ഡിപ്പോയിൽ നിന്ന് അരി എത്തിച്ചുനൽകും. അതേസമയം, ഇത്തരത്തിൽ വിതരണം ചെയ്യുന്ന അരി റേഷൻ കടകളിൽ കൃത്യമായി എത്തുന്നുണ്ടെന്ന് താലൂക്ക് സപ്ലൈ ഓഫിസർമാർ ഉറപ്പു വരുത്തണമെന്നു കർശന നിർദേശമുണ്ട്. വിതരണ റജിസ്റ്റർ ഫർക്ക ഇൻസ്പെക്ടർമാർ പരിശോധിച്ചു സാക്ഷ്യപ്പെടുത്തണം. വിതരണം നടത്തിയ അരിയുടെ കണക്ക് ജില്ലാ സപ്ലൈ ഓഫിസർമാർ സിവിൽ സപ്ലൈസ് ഡയറക്ടറെ അറിയിക്കണമെന്നും നിർദേശമുണ്ട്.

Related Articles

Back to top button