LatestThiruvananthapuram

ബസുകൾ എവിടെയെത്തി; കണ്ടെത്താൻ ‘ചലോ ആപ്’

“Manju”

തിരുവനന്തപുരം; ബസുകൾ എവിടെ എത്തിയെന്നു കണ്ടെത്താനുള്ള ട്രാക്കിങ് സൗകര്യവും ഡിജിറ്റലായി പണം നൽകി ടിക്കറ്റെടുക്കാനുള്ള സംവിധാനവുമായി കെഎസ്ആർടിസി ‘ചലോ ആപ്പി’ന്റെ പ്രവർത്തനം തുടങ്ങി. ഡിജി സ്വിഫ്റ്റ് ബസ്സുകൾ ഉപയോഗിച്ച് ഓപ്പറേറ്റ് ചെയ്യുന്ന 90 സിറ്റി സർക്കുലർ സർവീസുകളിലും പോയിന്റ് സർവീസുകളിലും ആയി തിരുവനന്തപുരം ജില്ലയിലാണ് ആദ്യഘട്ടത്തിൽ ആപ്പ് ഉപയോഗിച്ച് യാത്ര ചെയ്യാൻ സാധിക്കുന്നത്.

ട്രാക്കിംഗ് സംവിധാനം നിലവിൽ തൃശ്ശൂർ ജില്ലയിൽ പരീക്ഷണഘട്ടത്തിലാണ്. കാസർകോട്, വയനാട്, കോട്ടയം, എറണാകുളം ജില്ലകളിലെ ചില സിറ്റി ബസ്സുകൾ ട്രാക്ക് ചെയ്യാനുള്ള സംവിധാനവും ചലോ ആപ്പിൽ ലഭ്യമാണ്. ഓരോ റൂട്ടിലും സർവീസ് നടത്തുന്ന ബസുകൾ എവിടെയെത്തിയെന്നും ഏത് സ്റ്റോപ്പിൽ എപ്പോൾ ബസ് എത്തും എന്നുമുള്ള വിവരങ്ങൾ ലഭിക്കുന്നതിനായി സ്മാർട്ട് ഫോണിലെ പ്ലേസ്റ്റോറിൽ നിന്ന് ചലോ ആപ്പ് ഡൗൺലോഡ് ചെയ്ത് സിറ്റി തെരഞ്ഞെടുത്താൽ മതിയാകും.

ചലോ ആപ്പ് വഴി ഡിജിറ്റൽ മാർഗ്ഗങ്ങളായ യു പി ഐ, എടിഎം കാർഡ്, ക്രെഡിറ്റ് കാർഡ്, ചലോ പേ വാലറ്റ് എന്നിവയുപയോഗിച്ച് പണമടച്ച് ടിക്കറ്റ് എടുക്കാനും സാധിക്കും. കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ സഹായത്തോടെയാണ് ചലോ മൊബിലിറ്റി സൊല്യൂഷന് ടെൻഡർ നൽകിയിരിക്കുന്നത്.

കേരളത്തിലെ എല്ലാ സർവീസുകളിലും ഈ സംവിധാനം പരീക്ഷണഘട്ടത്തിലെ പോരായ്മകൾ പരിഹരിച്ച് നാലുമാസത്തിനുള്ളിൽ ഏർപ്പെടുത്തുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചിട്ടുണ്ട്.

 

Related Articles

Back to top button