KannurKeralaLatest

പിഞ്ചുകുഞ്ഞിനെ കടല്‍ ഭിത്തിയിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ പോലീസ് കുറ്റപത്രം സമർപ്പിച്ചു

“Manju”

ഹർഷദ്ലാൽ തലശ്ശേരി

കണ്ണൂര്‍: തയ്യിലില്‍ പിഞ്ചുകുഞ്ഞിനെ കടല്‍ ഭിത്തിയിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ പോലീസ് കുറ്റപത്രം സമർപ്പിച്ചു. അമ്മ ശരണ്യക്കും കാമുകനുമെതിരെയുള്ള കുറ്റപത്രം കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സമർപ്പിച്ചത്. കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ ശരണ്യ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. കൊലപാതകത്തിന് പ്രേരിപ്പിച്ചതിനും അത് മറച്ച് വെച്ചതിനുമാണ് കാമുകനെയും പ്രതിചേർത്തത്. നാടിനെ നടുക്കിയ ഒന്നര വയസുകാരന്റെ കൊലപാതകത്തില്‍ പരമാവധി തെളിവുകളെല്ലാം ശേഖരിച്ചാണ് പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയത്. കുഞ്ഞിനെ ശരണ്യ തന്നെയാണ് കൊന്നതെന്നതിന് ശാസ്ത്രീയ തെളിവുകളടക്കം ശേഖരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. കണ്ണൂർ സിറ്റി പൊലീസാണ് കുറ്റപത്രം തയ്യാറാക്കിയത്. കഴിഞ്ഞ ഫെബ്രുവരി 17-ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്ത് ശരണ്യ കടലിൽ എറിഞ്ഞു കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന് മൂന്നുമാസം ആകുമ്പോഴാണ് കേസിൽ പൊലീസ് കുറ്റപത്രം നൽകുന്നത്. അടച്ചിട്ട വീട്ടില്‍ അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവാണ് ആദ്യം പൊലീസില്‍ പരാതി നല്‍കിയത്. പിന്നാലെ കുട്ടിയുടെ അമ്മയുടെ ബന്ധു, പിതാവിനെതിരെ സംശയമുന്നയിച്ച് പൊലീസിന് പരാതി നല്‍കി. ഇതോടെ പ്രണവിനേയും ശരണ്യയേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ ഇരുവരും പരസ്പരം ആരോപണം ഉന്നയിച്ചത് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി. ഭർത്താവിനെ കുടുക്കാൻ ലക്ഷ്യമിട്ട കൊലപാതകത്തിൽ ചോദ്യം ചെയ്ത പൊലീസ് സംഘത്തെ വലയ്ക്കുന്ന തരത്തിലായിരുന്നു കസ്റ്റഡിയിൽ ശരണ്യയുടെ ആദ്യത്തെ മൊഴി. ഭർത്താവിനൊപ്പം കിടത്തിയ ശേഷമാണ് കുഞ്ഞിനെ കാണാതായത് എന്നായിരുന്നു വാദം. എന്നാല്‍, ശരണ്യയുടെ വസ്ത്രത്തിന്‍റെ ഫോറന്‍സിക് പരിശോധനാഫലത്തില്‍ ഉപ്പുവെള്ളത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് കേസന്വേഷണം വഴിമാറിയത്. തുടർന്ന് തെളിവുകൾ നിരത്തി മണിക്കൂറുകളോളം നടത്തിയ ചോദ്യം ചെയ്യലിലാണ് ശരണ്യ കുറ്റസമ്മതം നടത്തിയത്.

 

Related Articles

Back to top button