KeralaLatest

ശ്രീചിത്രയുടെ കോവിഡ് കിറ്റുകൾക്ക് അംഗീകാരം

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം∙ ശ്രീചിത്ര വികസിപ്പിച്ചെടുത്ത ആർഎൻഎ എക്‌സ്ട്രാക്ഷൻ കിറ്റ് ‘ചിത്ര മാഗ്ന’യ്ക്ക് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി. കോവിഡ്-19 പിസിആർ, ലാംപ് പരിശോധനകൾക്കായി മാഗ്നറ്റിക് ബീഡ് അടിസ്ഥാന ആർഎൻഎ എക്‌സ്ട്രാക്ഷൻ കിറ്റാണ് ശ്രീചിത്ര വികസിപ്പിച്ചത്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പരിശോധിച്ച് ഗുണനിലവാരം ഉറപ്പിച്ച കിറ്റുകൾക്ക് ഡ്രഗ് കൺട്രോളർ അനുമതി നൽകിയതോടെ ഉൽപ്പാദനം ഉടൻ ആരംഭിക്കാനും കിറ്റുകൾ വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കാൻ കൊച്ചി ആസ്ഥാനമായ കമ്പനിയുമായി കരാറായി.

സ്രവങ്ങളിൽനിന്ന് ആർഎൻഎ വേർതിരിക്കുന്നതിനായി നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ശ്രീചിത്ര വികസിപ്പിച്ചെടുത്ത ആർഎൻഎ എക്‌സ്ട്രാക്ഷൻ കിറ്റാണ് ചിത്ര മാഗ്ന. രോഗിയിൽനിന്ന് ശേഖരിച്ച സാംപിളിൽനിന്ന് ആർഎൻഎ പിടിച്ചെടുക്കുന്നതിനും കേന്ദ്രീകരിക്കുന്നതിനുമായി കാന്തിക നാനോപാർട്ടിക്കിളുകൾ ഉപയോഗിക്കുന്നു. വിപണിയിൽ ലഭ്യമായ മറ്റു ആർഎൻഎ വേർതിരിക്കൽ കിറ്റുകളുമായി താരതമ്യം ചെയ്തു നടത്തിയ പരീക്ഷണങ്ങളിൽ ഇതുവഴി ലഭിക്കുന്ന ആർഎൻഎ കേന്ദ്രീകരണം 6-7 മടങ്ങ് കൂടുതലാണെന്ന് വ്യക്തമായിട്ടുണ്ട്. രോഗികളിൽനിന്നുള്ള സ്രവം ശേഖരിച്ച് സൂക്ഷിക്കുമ്പോഴും ലാബിലേക്ക് കൊണ്ടുപോകുമ്പോഴും ചില വൈറസുകളുടെ ആർഎൻഎ വിഘടിച്ചു പോകാറുണ്ട്. ഇങ്ങനെയുള്ള ആർഎൻഎയും പിടിച്ചെടുക്കാൻ മാഗ്നറ്റിക് ബീഡ് അടിസ്ഥാന സാങ്കേതിക വിദ്യയ്ക്ക് കഴിയും. ഇതു ചിത്ര മാഗ്നയുടെ പ്രാധാന്യം വർധിപ്പിക്കുന്നു.

ലാംപ് ടെസ്റ്റിന് മാത്രമല്ല ആർടി പിസിആർ പരിശോധനയ്ക്ക് ആവശ്യമുള്ള മികച്ച നിലവാരമുള്ള ആർഎൻഎക്ക് വേണ്ടിയും ചിത്ര മാഗ്ന ഉപയോഗിക്കാം. പിസിആർ, ലാംപ് ടെസ്റ്റുകളുടെ പരിശോധനാഫലം കൃത്യമാകണമെങ്കിൽ മികച്ച ഗുണമേന്മയും സാന്ദ്രതയുമുള്ള ആർഎൻഎ വേർതിരിച്ചെടുക്കാൻ കഴിയണം. ഏതാനും ചില ഇന്ത്യൻ കമ്പനികളെ മാറ്റിനിർത്തിയാൽ രാജ്യത്ത് ഉപയോഗിക്കുന്ന ഭൂരിഭാഗം ആർഎൻഎ വേർതിരിക്കൽ കിറ്റുകളും ഇറക്കുമതി ചെയ്യുന്നവയാണ്. ഇവയുടെ ലഭ്യതക്കുറവ് വൻതോതിൽ ആർടി പിസിആർ പരിശോധന നടത്തുന്നതിന് തടസമാകുന്നുണ്ട്. ചിത്ര ജീൻലാംപ് എൻ വികസിപ്പിച്ചെടുത്ത ഡോ. അനൂപ് തെക്കുവീട്ടിലിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ചിത്ര മാഗ്നയും വികസിപ്പിച്ചെടുത്തിരിക്കുന്നത്.

Related Articles

Back to top button