KeralaLatest

രോഗക്കിടക്കയില്‍ നിന്നും അച്ഛനുമെത്തി പ്രദീപിനെക്കാണാൻ

“Manju”

ഒടുവില്‍ അച്ഛനും അറിഞ്ഞു.! പ്രദീപിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ രോഗക്കിടക്കയില്‍ നിന്നുമെത്തി, നാടിന് വേണ്ടിയാണല്ലോ എന്ന് അച്ഛന്‍
പുത്തൂര്‍: പൊന്നൂക്കരയിലെ വീട്ടുമുറ്റത്ത് എത്തിയ പൊന്നുമകനെ അവസാനമായി ഒരു നോക്ക് കാണാന്‍ ആ അച്ഛനുമെത്തി. നടക്കാന്‍ പോലും വയ്യെങ്കിലും ഓക്‌സിജന്‍ മാസ്‌ക് അഴിച്ചുവെച്ച്‌ വീടിനു പുറത്തേയ്‌ക്ക് വരാന്‍ തന്നെ രാധാകൃഷ്ണന്‍ തീരുമാനിക്കുകകയായിരുന്നു. രണ്ട് ദിവസം മുന്‍പാണ് മകന്‍ പ്രദീപ് ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച വിവരം പിതാവിനെ അറിയിച്ചത്.
‘കുടുംബം അനാഥമായാലും സാരമില്ല, നാടിന് വേണ്ടിയാണല്ലോ എന്റെ മകന്‍ മരിച്ചത്’ പ്രദീപിന്റെ ഭൗതികദേഹത്തിനരികെ എത്തിയ അച്ഛന്‍ മന്ത്രിച്ചുകൊണ്ടേ ഇരുന്നു. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ആഴ്‌ച്ചകളായി ഓക്‌സിജന്‍ സഹായത്തോടെയുള്ള കിടക്കയില്‍ കഴിയുകയായിരുന്നു രാധാകൃഷ്ണന്‍. ആരോഗ്യത്തെ ബാധിക്കുമെന്നതിനാലാണ് മരണവിവരം രാധാകൃഷ്ണനെ അറിയിക്കാതിരുന്നത്.
ഔദ്യോഗികമായി ദുഃഖം അറിയിക്കാന്‍ വന്നവര്‍ പോലും വീട്ടില്‍ കയറാതെ മടങ്ങുകയായിരുന്നു. അസ്വഭാവികത തോന്നാതിരിക്കാന്‍ അയല്‍വാസികളും കുടുംബക്കാരും ശ്രദ്ധിച്ചു. മരണ വിവരം അറിഞ്ഞ് കോയമ്ബത്തൂരിലേക്ക് തിരിച്ച ഇളയ മകന്‍ പ്രസാദിനെ കാണാതായതോടെ അച്ഛന്‍ ഇടയ്‌ക്കിടയ്‌ക്ക് തിരക്കുമായിരുന്നു. പ്രദീപിനെ കാണാന്‍ പോയിരിക്കുകയാണെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. ഒടുവില്‍ അച്ഛനും ആ വിവരം അറിഞ്ഞതോടെ പൊന്നൂക്കരയിലെത്തിയ എല്ലാവരേയും ആ കാഴ്‌ച്ച സങ്കടത്തിലാഴ്‌ത്തി.
തൃശൂര്‍ പുത്തൂര്‍ പൊന്നൂക്കര അറയ്‌ക്കല്‍ വീട്ടില്‍ രാധാകൃഷ്ണന്റെയും കുമാരിയുടെയും മകനാണ് പ്രദീപ്. ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞ അച്ഛനെ തിരികെ വീട്ടിലെത്തിക്കുകയും മകന്റെ ജന്മദിനം ആഘോഷിക്കുകയും ചെയ്ത് തിരികെ ജോലിയില്‍ പ്രവേശിച്ച്‌ നാലാം ദിവസമാണ് അപകടം. ആറുമാസം മുന്‍പാണ് കോയമ്ബത്തൂര്‍ സൂലൂരിലെത്തിയത്.
ഉന്നത ഉദ്യോഗസ്ഥരോടൊപ്പം ഹെലികോപ്റ്ററില്‍ പോകുന്നവെന്ന വിവരം തലേദിവസം ഫോണ്‍ വിളിച്ചപ്പോള്‍ പ്രദീപ് പറഞ്ഞിരുന്നതായി അമ്മ കുമാരി പറയുന്നു. അപകട ദിവസം രാവിലെ പ്രദീപ് തിരികെ വിളിക്കാത്തതിനെ തുടര്‍ന്ന് മടങ്ങി വന്ന് കാണില്ലെന്നാണ് കരുതിയത്. എന്നാല്‍ രാത്രി വീടിനു ചുറ്റുമെത്തിയവരുടെ പ്രതികരണങ്ങളില്‍നിന്നും പ്രദീപ് ഇനി ഒരിക്കലും മടങ്ങിവരില്ലെന്ന് ആ വീട്ടുകാര്‍ അറിയുകയായികുന്നു.
2004 ലാണ് വ്യോമസേനയില്‍ ചേര്‍ന്നത്. അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിന്റെ ഫ്‌ലൈറ്റ് ഗണ്ണറായിരുന്നു പ്രദീപ്. എയര്‍ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും കശ്മീര്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഛത്തീസ്ഗഡില്‍ കമ്യൂണിസ്റ്റ് ഭീകരര്‍ക്കെതിരായ ഓപ്പറേഷനുകളിലും പങ്കെടുത്തിട്ടുണ്ട്.

Related Articles

Back to top button