IndiaKeralaLatest

ഇത്തവണയും നിയമസഭയില്‍ കുവൈറ്റ് മലയാളികള്‍ക്കുമുണ്ടൊരു എംഎല്‍എ.

“Manju”

കുവൈറ്റ്: തോമസ് ചാണ്ടിയുടെ അസാന്നിധ്യത്തില്‍ നിയമസഭയിലേയ്ക്ക് വീണ്ടുമൊരു പ്രാവസി എംഎല്‍എ കൂടി, അതും തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസാണെന്നത് കുവൈറ്റിലെ മലയാളി സമൂഹത്തെ സംബന്ധിച്ച് ഏറെ സന്തോഷം നല്‍കുന്നതുതന്നെ.
തോമസ് ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം തന്നെ കുട്ടനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നതാണ്. എന്നാല്‍ കോവിഡ് സാഹചര്യത്തിലായിരുന്നു അന്ന് ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിച്ചത്.
പൊതു തെരഞ്ഞെടുപ്പില്‍ എന്‍സിപിയും ഇടതു മുന്നണിയും തോമസ് കെ തോമസിനെ തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. അത് വിജയം കാണുകയും ചെയ്തു.
ഇതോടെ കുവൈറ്റ് മലയാളികളെ സംബന്ധിച്ച് കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയം അവരുടെ സ്വന്തമായി മാറിയിരിക്കുകയാണ്. മാത്രമല്ല, തോമസ് കെ തോമസ് എന്ന കുവൈറ്റ് മലയാളികളുടെ സ്വന്തം ഹൈഡ‍ൈന്‍ തോമാച്ചന്‍ ഇനി കുവൈറ്റ് പ്രവാസികളുടെ കൂടി എംഎല്‍എയാകും.
കുവൈറ്റില്‍ സ്കൂളുകളും റസ്റ്ററന്‍റുമൊക്കെ ഉള്ള വ്യവസായ ഗ്രൂപ്പിന്‍റെ ഉടമകളാണ് അന്തരിച്ച തോമസ് ചാണ്ടിയും സഹോദരന്‍ തോമസ് കെ തോമസും.
വിവിധ സാഹചര്യങ്ങളില്‍ കുവൈറ്റില്‍ പോലീസ് ആവശ്യങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി അന്യനാട്ടില്‍ ക്ലേശിക്കുന്ന പ്രവാസികള്‍ക്കായി നെഞ്ചുറപ്പോടെ പോലീസ് സ്റ്റേഷനുകളില്‍ ഉള്‍പ്പെടെ കടന്നുചെന്ന് സഹായിക്കാന്‍ മുന്നില്‍ നില്‍ക്കുന്ന വ്യക്തിയാണ് ഹൈഡൈന്‍ തോമാച്ചന്‍.
മലയാളികളായ പ്രവാസികള്‍ക്കെതിരെ പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള അന്യ നാട്ടുകാരായ പ്രവാസികള്‍ ഗുണ്ടായിസം കാണിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ അതിനെതിരെ പ്രതികരിക്കുന്നതും തോമസ് കെ തോമസിന്‍റെ പ്രത്യേകതയായിരുന്നു.
അങ്ങനെ ഏത് വിധത്തിലും കുവൈറ്റ് മലയാളികള്‍ക്ക് ആശ്രയവും അഭയവുമായിരുന്ന തോമസ് കെ തോമസിന്‍റെ നിയമസഭാ പ്രവേശനം കുവൈറ്റ് സമൂഹം കൈയ്യടിയോടെയാണ് സ്വീകരിച്ചിരിക്കുന്നത്.
എന്‍സിപിയില്‍ തോമസ് കെ തോമസിനെ കൂടാതെ മന്ത്രി എകെ ശശീന്ദ്രനും വിജയിച്ചിട്ടുണ്ട്. സ്വാഭാവികമായും മന്ത്രിസ്ഥാനം എന്‍സിപിക്ക് അവകാശപ്പെട്ടതാണ്. ശശീന്ദ്രന്‍ മാറിനില്‍ക്കുന്ന സാഹചര്യം ഉണ്ടായാല്‍ തോമസ് കെ തോമസിന് നറുക്ക് വീണേക്കാം.

Related Articles

Back to top button