IndiaLatest

ബിജെപി എംഎല്‍എ അരവിന്ദ് ഗിരി അന്തരിച്ചു

“Manju”

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ അരവിന്ദ് ഗിരി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ലഖ്‌നൗവില്‍ ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ വാഹനത്തില്‍ വച്ച്‌ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

ലഖിംപൂര്‍ ഖേരി ജില്ലയിലെ ഗോല നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് അരവിന്ദ് ഗിരി. ഈ മണ്ഡലത്തില്‍ നിന്ന് ഇത് അഞ്ചാം തവണയാണ് അരവിന്ദ് ഗിരി എംഎല്‍എയാകുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അരവിന്ദ് ഗിരിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ലഖിംപൂര്‍ ഖേരി ജില്ലയിലെ ഗോല നിയമസഭാ സീറ്റില്‍ നിന്നുള്ള ബിജെപി എംഎല്‍എ അരവിന്ദ് ഗിരിയുടെ മരണം അങ്ങേയറ്റം ദുഃഖകരമാണെന്ന് യോഗി ആദിത്യനാഥ് കുറിച്ചു.

1958 ജൂണ്‍ 30 നാണ് അരവിന്ദ് ഗിരി ജനിച്ചത്. 1994 ല്‍ സമാജ്വാദി പാര്‍ട്ടിയിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിലേക്ക് എത്തിയത്. 1995-ല്‍ തിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് വോട്ടിന് വിജയിച്ച്‌ ഗോല മുനിസിപ്പാലിറ്റി പ്രസിഡന്റായി. 1996ല്‍ ആദ്യമായി എസ്പി സ്ഥാനാര്‍ഥിയായി 49,000 വോട്ടുകള്‍ നേടി എംഎല്‍എയായി.

2017ല്‍ അരവിന്ദ് ഗിരി പാര്‍ട്ടി മാറി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി അദ്ദേഹത്തിന് ടിക്കറ്റ് നല്‍കുകയും ഗോല നിയമസഭയില്‍ നിന്ന് നാലാം തവണയും എംഎല്‍എയാവുകയും ചെയ്തു. 2022ലും അരവിന്ദ് ഗിരി ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച്‌ വിജയിച്ചു.

Related Articles

Back to top button