KeralaLatest

തൃശൂര്‍ പൂരം : ഇത്തവണ വെടിക്കെട്ടിന് അനുമതി

“Manju”

തൃശൂര്‍: ഇത്തവണത്തെ തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി നല്‍കി. കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും ഗുണ്ടിനുമാണ് നിലവില്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇത് കൂടാതെയുള്ള മറ്റ് വസ്‌തുക്കള്‍ വെടിക്കെട്ടിന് ഉപയോഗിക്കരുതെന്നും അധികൃതര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേന്ദ്ര ഏജന്‍സിയായ പെസോ ആണ് വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്.

മെയ് 8-ാം തീയതിയാണ് സാംപിള്‍ വെടിക്കെട്ട് നടത്തുക. തുടര്‍ന്ന് മെയ് 11-ാം തീയതി പുലര്‍ച്ചെ പ്രധാന വെടിക്കെട്ടും നടത്തും. മെയ് 10-ാം തീയതിയാണ് ഇത്തവണത്തെ തൃശൂര്‍ പൂരം. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്ന സാഹചര്യത്തില്‍ എല്ലാ ചടങ്ങുകളോടും കൂടിയാണ് ഇത്തവണ പൂരം നടത്തുക. ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് എല്ലാ ചടങ്ങുകളോടെയും പൂരം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

കോവിഡ് നിയന്ത്രണങ്ങള്‍ വരുന്നതിന് മുന്‍പ് നടത്തിയിരുന്നത് പോലെ മികച്ച രീതിയില്‍ പൂരം നടത്താനാണ് ഇത്തവണത്തെ തീരുമാനം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും പൂരം നിയന്ത്രണങ്ങളോടെ മാത്രമാണ് നടത്തിയിരുന്നത്. ഇത്തവണ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ ആളുകള്‍ക്ക് പൂര നഗരിയില്‍ പ്രവേശനം ഉണ്ടായിരിക്കും. അടുത്ത ആഴ്‌ച മുതല്‍ പൂരത്തോട് അനുബന്ധിച്ച്‌ നടത്തുന്ന പ്രദര്‍ശനത്തില്‍ ആളുകള്‍ക്ക് പ്രവേശനം അനുവദിക്കും. 180ഓളം പവലിയനുകളാണ്​ ഈ വര്‍ഷം പ്രദര്‍ശന നഗരിയിലുള്ളത്. മെയ് 23ന് ഇത് സമാപിക്കും.

Related Articles

Back to top button