KeralaLatest

ഉത്രയും കൃതിയും ബാക്കിയാകുന്ന വേദനകളും

“Manju”

 

ഉത്രയുടെ മരണം ഒരോർമ്മപ്പെടുത്തലായിരുന്നു. പെൺമക്കളുടെ ജീവിതം ഭദ്രമാക്കാൻ വേണ്ടി പൊന്നും പണവും ബാങ്ക് ബാലൻസും ചേർത്തു വയ്ക്കുന്ന അച്ഛനമമ്മാർക്കുള്ള ഭയപ്പെടുത്തുന്നൊരു ഓർമ്മപ്പെടുത്തൽ… പെണ്ണിന്റെ സുരക്ഷിതത്വം കൊതിച്ച് സ്വത്തുവകകൾ കൊണ്ട് തുലാഭാരം നടത്തുന്ന മാതാപിതാക്കളുടെ കാലത്ത് വിഷം വമിക്കുന്ന സൂരജുമാർ ചുറ്റുമുണ്ടെന്ന ഓർമ്മപ്പെടുത്തൽ. ഒടുവിൽ പവൻ തിളക്കവും പളപളാമിന്നുന്ന ജീവിത സൗഭാഗ്യങ്ങളും ഇല്ലാതെ ഉത്ര ആ പുഞ്ചിരി മാത്രം ബാക്കിയാക്കി പോയപ്പോൾ ചങ്കുനീറിയതും ഇതേ അച്ഛനമ്മമരാണ്.

ഉത്രയുടെ കൊലപാതകത്തിന് സമാനമായ രീതിയിൽ കൊല്ലപ്പെട്ട കൃതിയെന്ന പെൺകുട്ടിയുടെ കേസിന്റെ സ്ഥിതി ഇപ്പോൾ എന്താണ്? ഏഴു മാസം മുൻപ് നടന്ന കൊലപാതകത്തിലെ പ്രതി ജയിലിൽ കഴിഞ്ഞത് 50 ൽ താഴെ ദിവസങ്ങൾ. സെഷൻസ് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതി ഇപ്പോൾ സ്വതന്ത്രനായി ജീവിക്കുന്നു. കേസ് എന്താകുമെന്ന് അറിയാതെ കോടതി വരാന്തകളിൽ അപ്പീൽ നൽകി കയറിയിറങ്ങുകയാണ് ആ പെൺകുട്ടിയുടെ അച്ഛൻ.
ഏഴു മാസം മുൻപ് കിടക്കയിൽ മരിച്ച നിലയിലാണ് കൃതിയെ കാണുന്നത്. ഉത്രയുടെ മരണം നെഞ്ചിലെ നെരിപ്പോടായി തുടരുമ്പോൾ കൊല്ലം സ്വദേശിയായ കൃതിയുടെ അച്ഛൻ മോഹനൻ ഉത്രയ്ക്ക് സംഭവിച്ച ദുർവിധിക്കൊപ്പം തന്റെ മകളെക്കൂടി ചേർത്തുവയ്ക്കുന്നു. ഓർമകളെ പുറകോട്ടു പായിക്കുമ്പോൾ ആ അച്ഛന്റെ കൺമുന്നിൽ തെളിയുന്നത് മകളുടെ ജീവനറ്റ ശരീരമാണ്. വേദനകൾ കണ്ണീരായി ഒഴുകിയ നിമിഷത്തിലെപ്പോഴോ മോഹനൻ മകളുടെ ഓർമകളിൽ ആണ്ടു പോയി.
‘എന്റെ മകളെ കൊന്നവൻ ഇപ്പോഴും നിയമത്തിന്റെ ബന്ധനങ്ങളില്ലാതെ പുറത്തു സ്വൈര്യ വിഹാരം നടത്തുന്നു. എനിക്കറിയാം ഇവിടെ നടക്കുന്ന നാടകങ്ങളെല്ലാം അകലെയെവിടെയോ മറഞ്ഞിരുന്ന് എന്റെ കൃതിമോൾ കാണുന്നുണ്ട്. അവൾക്കു മുന്നിൽ പരാജിതനാണ് ഞാൻ!– മോഹനന്റെ വാക്കുകളിൽ വേദന. രണ്ട് മരണത്തിന്റേയും സ്വഭാവം ഒന്നായിരിക്കാം. സ്വത്തിനു വേണ്ടിയായിരിക്കാം ‍ഞങ്ങൾ രണ്ട് അച്ഛന്‍മാർക്കും മക്കളെ നഷ്ടപ്പെട്ടത്. പക്ഷേ ഉത്രയെ കൊന്ന സൂരജ് നിയമത്തെ ഭയപ്പെട്ടിരുന്നു. എന്റെ മകളുടെ ജീവനെടുത്തവൻ ഈ നിയമത്തെ കൂസാക്കിയിരുന്നില്ല. കാരണം ഒന്നേയുള്ളൂ, അവനൊരു ബോൺ ക്രിമിനലാണ്.

ആദ്യ വിവാഹം വേർപെടുത്തിയ ശേഷമാണ് വൈശാഖ് കൃതിയുമായി അടുക്കുന്നത്. ഞങ്ങൾ തിരിച്ചറിയും മുന്നേ അവരുടെ രജിസ്റ്റർ വിവാഹം കഴിഞ്ഞിരുന്നു. പിന്നെയും ഏറെ കാലം കഴിഞ്ഞാണ് വിവാഹം നാലാളറിയെ നടക്കുന്നത്. രണ്ടാം വിവാഹമാണെന്നും മൂന്നര വയസ്സുള്ള കുഞ്ഞുണ്ടെന്നും അറിഞ്ഞാണ് വൈശാഖ് കൃതിയെ വിവാഹം ചെയ്തത്. പക്ഷേ വിവാഹ ശേഷം എന്റെ കുട്ടി സന്തോഷമെന്തെന്ന് അറിഞ്ഞിട്ടില്ല. അന്നു തൊട്ടിന്നു വരെ അവളുടെ സ്വർണവും സ്വത്തും അവൻ ധൂർത്തടിച്ചു. തോന്നിയ പോലുള്ള ജീവിതം. ബിസിനസ് ആവശ്യമെന്ന് പറഞ്ഞ് വസ്തു പണയപ്പെടുത്തിയും മറ്റും പല തവണയായി 25 ലക്ഷത്തിലധികം രൂപാ വാങ്ങി. ഏകദേശം 60 ലക്ഷത്തിനടുത്ത് പണമെങ്കിലും പലപ്പോഴായി തട്ടിയെടുത്തു. പണമാണ് ഉന്നമെന്ന് തോന്നിയ നിമിഷത്തിലാണ് അവൾ ചതി തിരിച്ചറിയുന്നത്. പണം കൊടുക്കുന്നത് നിർത്തിയപ്പോൾ അവന്റെ ഭാവം മാറി. സ്വർണത്തിന്റെ ലോക്കറിന്റെ താക്കോൽ കൃതി എടുത്തു മാറ്റി. അത് ഞങ്ങളെ ഏൽപ്പിച്ചപ്പോഴാണ് അവന്റെ പകയേറിയത്. സ്വത്തിനോടുമുള്ള ആര്‍ത്തി കാരണം വൈശാഖ് തന്നെ കൊല്ലുമെന്ന് ഭയക്കുന്നതായി അവൾ പലപ്പോഴായി ഞങ്ങളോട് പറഞ്ഞിരുന്നു. അവളെ ഞങ്ങളുടെ മുന്നിലിട്ട് മർദ്ദിക്കുന്നതിലേക്ക് വരെയെത്തി കാര്യങ്ങൾ. പുറത്തു പറഞ്ഞാൽ വച്ചേക്കില്ലെന്ന് ഭീഷണിപ്പെടുത്തി. ഇതെല്ലാം അറിയാവുന്ന എന്റെ കുട്ടി താൻ മരണപ്പെട്ടാൽ സ്വത്തിന്റെ ഏക അവകാശി മകള്‍ മാത്രമായിരിക്കുമെന്നും വൈശാഖിന് ഭർത്താവെന്ന നിലയിൽ സ്വത്തില്‍ ഒരവകാശവും ഉണ്ടാകില്ലെന്നും കത്തിൽ എഴുതി വച്ചിരുന്നു. ഇതോടെയാണ് അവൻ സ്നേഹം നടിച്ച് വീണ്ടുമെത്തിയത്. പണം തിരികെ നൽകി പ്രശ്ന പരിഹാരത്തിനെന്ന വ്യാജേനയാണ് മരണം നടന്ന ദിവസം അവൻ എത്തിയത്. ഞങ്ങളെ വിശ്വസിപ്പിക്കുന്നതിനായിട്ടാകണം, അവൾക്ക് സമ്മാനമായി സ്വർണമോതിരം വാങ്ങിയിട്ടുണ്ട് എന്നു പറഞ്ഞായിരുന്നു വരവ്. പക്ഷേ ആ വരവിൽ എല്ലാം അവസാനിച്ചു. അവൻ തിരിച്ചു പോകുമ്പോഴേക്കും എന്റെ കുഞ്ഞിന്റെ ജീവൻ പോയിരുന്നു.– മോഹനൻ കണ്ണീർ തുടച്ചു.

കൃതി കൊലക്കേസിൽ പ്രതി വൈശാഖ് കുറ്റം സമ്മതിച്ചിരുന്നു. കോടതി ശിക്ഷിച്ച വൈശാഖിന് 44–ാം ദിവസം ജാമ്യം ലഭിച്ചു. സെഷൻസ് കോടതി നൽകിയ ജാമ്യം റദ്ദാക്കാനായി ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചിട്ടുണ്ടെന്ന് കൃതി കൊലപാതക കേസ് അന്വേഷിക്കുന്ന ജലാലുദ്ദീൻ പറഞ്ഞു. കുടുംബ പ്രശ്നങ്ങളുടെ പേരിലുണ്ടായ വഴക്കിനെ തുടർന്നാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് വൈശാഖ് ബൈജു അന്ന് പൊലീസിന് മൊഴിനൽകിയിരുന്നു. മരണം നടക്കുന്ന ദിവസം വൈകിട്ട് 7 ന് വീട്ടിലെത്തിയ വൈശാഖ് കിടപ്പുമുറിയിൽ ഭാര്യ കൃതിയുമായി സംസാരിച്ചു പിണങ്ങി. ദേഷ്യം വന്നതോടെ കട്ടിലിൽ ഇരുന്ന കൃതിയെ തലയ്ക്ക് പിടിച്ച് തലയിണയിൽ അമർത്തി വച്ചു. പിന്നീട് പിടിവിട്ട് നോക്കിയപ്പോൾ ചലനമറ്റ നിലയിലായിരുന്നു. കൊലപ്പെടുത്താൻ വേണ്ടി ചെയ്തതല്ലെന്നും അപ്പോഴത്തെ ദേഷ്യത്തിൽ ചെയ്തതാണെന്നും അയാൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

Related Articles

Back to top button