ArticleLatest

മണ്ണിനെയും മനുഷ്യനെയും സ്നേഹിച്ച കോവിലിൽ’ തട്ടകം’ ഒഴിഞ്ഞിട്ട് പത്താണ്ട്

“Manju”

മലയാളസാഹിത്യത്തിലെ ഗോത്രത്തനിമ നിറഞ്ഞ അനുഭവേദ്യഎഴുത്തിന്റെ സൃഷ്ടാവാണ് വട്ടംപറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍ എന്ന കോവിലന്‍.നമ്മെ വിട്ടു പിരിഞ്ഞിട്ട് പത്ത് വർഷമായി, 87-ആം വയസ്സിൽ 2010 ജൂൺ 2-ന് പുലർച്ചെ 2:40-ന് കുന്നംകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു

കഥകളുടെ യാഥാർത്ഥ്യവും ശക്തമാ‍യ കഥാപാത്രാവിഷ്കാരവും തുളച്ചുകയറുന്ന ഭാഷയും കോവിലന്റെ കഥകളെ വ്യത്യസ്തമാക്കുന്നു. പട്ടാളക്കാരനായിരുന്ന കാലം വളരെ മിഴിവോടെ കൃതികളിൽ ആവിഷ്കരിച്ചു.അവയെല്ലാം തന്നെ അവിസ്മരണീയങ്ങളായി. പല പതിറ്റാണ്ടുകളായി മലയാള സാഹിത്യ, സാംസ്കാരിക മണ്ഡലങ്ങളിലെ ശക്തമായ സാന്നിദ്ധ്യമായിരുന്നു കോവിലൻ.

2006-ൽ കേരള സർക്കാറിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ പ്രമാണിച്ച് അദ്ദേഹത്തിനു ലഭിച്ചു.തോറ്റങ്ങൾ, തട്ടകം ,ശകുനം ഏ മൈനസ് ബി, ഏഴമെടങ്ങൾ, താഴ്വരകൾ,ഭരതൻ, ഹിമാലയം തുടങ്ങിയവയാണ് പ്രധാന കൃതികൾഭാര്യ ശാരദ . രണ്ട് പെണ്മക്കളും ഒരു മകനുമടക്കം മൂന്ന് മക്കളുണ്ട്.

വിശപ്പിന്റെ കഥാകാരൻ എന്ന് അറിയപ്പെടുന്നത് അന്തസ്സായി കരുതിയ എഴുത്തുകാരനാണ് കോവിലൻ. വിശപ്പ് കോവിലൻ കഥകളിൽ ഒരനുഭവമാണ്. ലോകമഹായുദ്ധങ്ങൾ പടർത്തിയ വറുതിയുടെ അന്തരീക്ഷം ഗ്രാമജീവിതത്തിൽ നേരിട്ട് കണ്ടറിയാൻ കോവിലനു സാധിച്ചു. അന്നത്തിനു വഴിതേടിയുള്ള അലച്ചിലിനിടയിലും സൈനിക ക്യാമ്പുകളിലെ കർത്തവ്യനിരതമായ ജീവിതത്തിനിടയിലും വിശപ്പിന്റെ വിലക്ഷണ മുഖഭാവങ്ങൾ കോവിലൻ നേരിട്ടറിഞ്ഞു.അദ്ദേഹത്തിന്റെ ഒരു പട്ടാളക്കഥയിൽ പെഗോഡകളുടെ നാടായ ബർമ്മയിൽ രണ്ടാം ലോക മഹായുദ്ധകാലത്ത് ഉടുതുണിക്കുമറുതുണി ഇല്ലാതെ വിശപ്പുമാറ്റാൻ വാഴപ്പോള അറിഞ്ഞു തിളപ്പിച്ച് കുടിക്കുന്ന ഒരു പെൺകിടാവിനെ വിവരിക്കുന്നുണ്ട്.

തൃശ്ശൂർ ജില്ലയിലുള്ള ഗുരുവായൂരിനടുത്ത് കണ്ടാണശ്ശേരിയിലാണ് 1923 ജൂലൈ 9-ന് (മലയാള വർഷം 1098 മിഥുനം 25) കോവിലൻ ജനിച്ചത്. വട്ടോമ്പറമ്പിൽ വേലപ്പനും കൊടക്കാട്ടിൽ കാളിയുമായിരുന്നു മാതാപിതാക്കൾ. കണ്ടാണശ്ശേരി എക്സെൽ‌സിയർ സ്കൂളിലും, നെന്മിനി ഹയർ എലമെന്ററി സ്കൂളിലും പാവറട്ടി സാഹിത്യ ദീപിക സംസ്കൃത കോളജിലും പഠിച്ചു. 1943 മുതൽ 1946 വരെ റോയൽ ഇന്ത്യൻ നേവിയിലും, 1948 മുതൽ 1968 വരെ കോർ ഒഫ് സിഗ്നൽ‌സിലും പ്രവർത്തിച്ചു.

ചരൽമണ്ണും മുനിമടയും കുടക്കല്ലുകളും നിറഞ്ഞ ഭൂപ്രദേശമാണ് കോവിലന്റെ തട്ടകമായ കണ്ടാണശ്ശേരി. പുല്ലാനിക്കുന്നിന്റെ നെറുകയിൽ ചവിട്ടിനിന്നുകൊണ്ടാണ് കോവിലൻ സർഗ്ഗവ്യാപാരത്തിൽ ഏർപ്പെട്ടത്. കണ്ടാണശ്ശേരിയുടെ ഹൃദയസ്വരമാണ് കഥകളിലും നോവലുകളിലും കൂടി കോവിലൻ ആസ്വാദകരെ കേൾപ്പിച്ചത്. പട്ടാളത്തിലും പ്രവാസജീവിതത്തിലും ആയിരുന്നപ്പോഴും അദ്ദേഹം കണ്ടാണശ്ശേരിയെന്ന സ്വന്തം ദേശത്തെ തൊട്ടുനിന്നു. സാർവ്വലൗകിക മാനദണ്ഡങ്ങൾ കൊണ്ട് നിർണ്ണയിക്കാനാവാത്ത പ്രാദേശിക ചരിത്രത്തിലെ ഈടുവയ്പ്പുകളെയും സംഭവപരമ്പരകളെയും സർഗാത്മകമായി പുനരവതരിപ്പിച്ചു.

മണ്ണും മനുഷ്യനും തമ്മിലുള്ള പ്രഗാഢമായ ബന്ധത്തെ ഇത്രത്തോളം തീവ്രമായി അവതരിപ്പിച്ചിട്ടുള്ള വേറേ എഴുത്തുകാർ അപൂർവ്വമാണ്. ‘മനക്കോട്ടകളി’ലും ‘ഒരു കഷണം അസ്ഥി’യിലും ഈ പാരസ്പര്യത്തിന്റെ വ്യത്യസ്തത അനുഭവവേദ്യമാണ്. സൈനികജീവിതപശ്ചാത്തലമാണ് മനക്കോട്ടകളുടേതെങ്കിലും കഥയിലുടനീളം മണ്ണും ഭൂമിയും കഥാസ്ഥലമാകുന്നു.

മണ്ണിന്റെ ആകർഷണവലയത്തിൽ മനുഷ്യമോഹങ്ങളും ലക്ഷ്യങ്ങളും നിർണയിക്കപ്പെടുന്നു. സ്വന്തം മണ്ണിലേക്കു തിരിച്ചു പോകാനുള്ള മനുഷ്യന്റെ ത്വര ‘മനുഷ്യാ നീ മണ്ണാകുന്നു’ എന്ന ബൈബിൾ ദർശനത്തെ യാണ് തൊട്ടു നിൽക്കുന്നത്. മലയാളി സൈനികനായ കുഞ്ഞിരാമന്റെ മനസ്സിലെ കെടാത്ത കനലാണ് ഈ മൺകൂറ്. പുന്നെല്ലും വൈക്കോലും മഴയിൽ കുതിരുമ്പോൾ ഉതിർന്നു പൊങ്ങുന്ന സുഗന്ധം ആ പട്ടാളക്കാരന്റെ ഓർമ്മയിൽ എപ്പോഴുമുണ്ടായിരുന്നു.

മലയാളത്തിലെ ഏറ്റവും മികച്ച സ്ത്രീപക്ഷ രചനകളിലൊന്നാണ് കോവിലന്റെ ‘വേണ്ടാംകടി.’ ഫെമിനിസ്റ്റ് ആശയങ്ങളും സ്ത്രീമുന്നേറ്റങ്ങളും കേരളീയാന്തരീക്ഷത്തിൽ സജീവമാകുന്നതിനും എത്രയോ വർഷം മുമ്പാണ് പെണ്ണായിപ്പിറന്നാൽ വന്നു കൂടാവുന്ന ദുരന്താനുഭവങ്ങളെ മുൻനിർത്തി കോവിലൻ വേണ്ടാംകടിയുടെ കഥയെഴുതിയത്. പരിമിതമായ ജീവിതസാഹചര്യങ്ങളുള്ള ഒരു വീട്ടിലെ മുത്തച്ഛൻ, അച്ഛൻ, അമ്മ, ആറ് പെൺകുഞ്ഞുങ്ങൾ എന്നിവരെ കേന്ദ്രീകരിച്ചാണ് .

Related Articles

Back to top button