KeralaLatestThiruvananthapuram

സിക്ക പ്രതിരോധം, മെഡി. കോളേജില്‍ പ്രത്യേക ഒ.പിയും വാര്‍ഡുകളും

“Manju”

തിരുവനന്തപുരം: തലസ്ഥാനത്ത് സിക്ക വൈറസ് കൂടുതല്‍ പേരില്‍ കണ്ടെത്തിയതിനാല്‍ രോഗബാധിതരെ കിടത്തിചികിത്സിക്കുന്നതിനായി മെഡിക്കല്‍ കോളേജ് ആശുപത്രി പേവാര്‍ഡിന്റെ ഒരുനില മാറ്റിവയ്ക്കാന്‍ തീരുമാനിച്ചു. ഈ മുറികള്‍ കൊതുകു കടക്കാത്തവിധം നെറ്റ് ഉപയോഗിച്ച്‌ സുരക്ഷിതമാക്കും. രോഗികളുടെ എണ്ണം കൂടിയാല്‍ ഇവര്‍ക്കായി പ്രത്യേകവാര്‍ഡ് തുറക്കും. രോഗികളുടെ വര്‍ദ്ധനയ്ക്കനുസരിച്ച്‌ പ്രത്യേകം ഒ.പി ആരംഭിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഇന്നലെ ചേര്‍ന്ന മെഡിക്കല്‍ കോളേജ് ഔട്ട് ബ്രേക്ക് മോണിറ്ററിംഗ് യൂണിറ്റ് യോഗം തീരുമാനിച്ചു.

പനി, ശരീരത്തില്‍ തടിപ്പ് എന്നീ ലക്ഷണങ്ങളുമായി ഒ.പിയിലെത്തുന്ന രോഗികള്‍ക്ക് കൊതുക് നിര്‍മ്മാര്‍ജ്ജനം, കൊതുകുവലകളുടെ ഉപയോഗം എന്നിവയെക്കുറിച്ച്‌ ബോധവത്കരണത്തിനായി ലഘുലേഖകള്‍ നല്‍കും. മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തെ കൊതുക് നിര്‍മ്മാര്‍ജ്ജനത്തിന് ഞായറാഴ്ച പകര്‍ച്ചവ്യാധി പ്രതിരോധ വിഭാഗത്തിന്റെയും ഹൗസ് കീപ്പിംഗ് വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഡ്രൈഡേ ആചരിക്കും.

സിക്ക രോഗ പരിശോധനയ്ക്ക് 500 കിറ്റുകളും സിക്ക, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ എന്നീ രോഗങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന 500 പരിശോധനാകിറ്റുകളും ആശുപത്രിയില്‍ ലഭ്യമായിട്ടുണ്ട്. രോഗം സംശയിക്കുന്ന രോഗികളില്‍ പെട്ടെന്നുള്ള സ്ഥിരീകരണത്തിന് ഈ കിറ്റുകള്‍ ഉപയോഗിക്കും. അത്യാധുനിക പരിശോധന ആവശ്യമുള്ളവ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയയ്ക്കും. സിക്കയുടെ സാഹചര്യത്തില്‍ തുടര്‍ച്ചയായി കൊവിഡ് ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാര്‍ അവധി ഉപേക്ഷിച്ച്‌ അധിക ജോലിക്ക് തയ്യാറായെന്നും അധികൃതര്‍ അറിയിച്ചു.

അവയവമാറ്റത്തിന് വിധേയരാകുന്ന രോഗികള്‍ക്കും ഗര്‍ഭധാരണം കഴിഞ്ഞ് 20 ആഴ്ച തികയാത്ത ഗര്‍ഭിണികള്‍ക്കും രക്തം സ്വീകരിക്കേണ്ട സാഹചര്യമുണ്ടായാല്‍ രക്തദാതാക്കള്‍ക്ക് സിക്ക രോഗബാധ സ്ഥിരീകരിക്കാനുള്ള പി.സി.ആര്‍ പരിശോധന നടത്തും.

Related Articles

Back to top button