KeralaLatest

മിട്ടു പൂച്ചേ വിളിയില്‍ നാടറിഞ്ഞ് സായി ശ്വേത

“Manju”

വി.എം.സുരേഷ് കുമാർ

വടകര: “മിട്ടു പൂച്ചേ” എന്ന വിളി കേരളം ഏറ്റെടുത്തിരിക്കുകയാണ്. ഒന്നാം ക്ലാസിലെ ഓണ്‍ലൈന്‍ അധ്യയനത്തിന്റെ ആദ്യ ദിവസം തന്നെ സായി ശ്വേത എന്ന അധ്യാപിക കുട്ടികളുടെ മനസില്‍ ഇടം നേടി. ഒപ്പം നാടിന്റെ അഭിനന്ദനവും പിടിച്ചുപറ്റി.
വടകര പുറമേരി മുതുവടത്തൂര്‍ വിവിഎല്‍പി സ്‌കൂളിലെ ഈ അധ്യാപിക ഇങ്ങനെയൊരു തിളക്കം പ്രതീക്ഷതേയില്ല. കഴിഞ്ഞ വര്‍ഷം മാത്രം അധ്യാപക രംഗത്തെത്തിയ ഇവര്‍ തഴക്കം വന്നവരെ പോലെ ക്ലാസ് കൈകാര്യം ചെയ്തു. ഇത് സംസ്ഥാനത്തെങ്ങുമുള്ള കുട്ടികള്‍ വിക്ടേഴ്‌സ് ചാനലിലൂടെ സശ്രദ്ധം ആസ്വദിച്ചു. കൊച്ചുകുട്ടികളുടെ മനസില്‍ എളുപ്പം ഇടം നേടാന്‍ അവതരണം സഹായിച്ചു.
ഒന്നാം ക്ലാസുകാരില്ലാത്ത വീട്ടുകാര്‍പോലും ക്ലാസ് വീക്ഷിച്ചു. ക്ലാസ് ആരംഭിച്ചതോടെ വീടുകളിലെ മുതിര്‍ന്നവരും ടി.വി.ക്കു മുമ്പിലെത്തി. കണ്‍മുന്നില്‍ ടീച്ചറെന്നപോലെ വീടുകള്‍ക്കകത്തിരുന്ന് കുഞ്ഞുങ്ങള്‍ അവര്‍ക്കൊപ്പം ചേര്‍ന്നു. ടീച്ചറുടെ മുമ്പില്‍ കുട്ടികളുണ്ടോ എന്ന് പരിപാടി കാണുന്നവര്‍പോലും സംശയിച്ചുപോകുന്ന തരത്തിലായിരുന്നു അവതരണം. മുതുവടത്തൂര്‍ സ്‌കൂളിലെത്തി നാലുദിവസം മുമ്പാണ് വിക്ടേഴ്സ് ചാനല്‍ അധികൃതര്‍ ശ്വേതയുടെ ക്ലാസ് ചിത്രീകരിച്ചത്.
ലോക് ഡൗണ്‍ കാലത്ത് സംസ്ഥാന തലത്തില്‍ അധ്യാപകരോട് കഥകളും കവിതകളും അവതരിപ്പിച്ച് അധ്യാപക കൂട്ടം വാട്സാപ്പ്ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു. ഇത് ഉന്നതവിദ്യാഭ്യാസ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നവാഗതരെ സ്വാഗതംചെയ്യാന്‍ സായി ശ്വേതക്കു ഭാഗ്യംതെളിഞ്ഞത്. സമൂഹമാധ്യമങ്ങളില്‍ താരമായ ശ്വേത നല്ലൊരു അഭിനയക്കാരി കൂടിയാണ്. പഠിക്കുന്ന കാലത്തു മോണോ ആക്ട്, നാടോടി നൃത്തം എന്നിവയില്‍ സമ്മാനം കരസ്ഥമാക്കിയിട്ടുണ്ട്.
മേപ്പയൂര്‍ അഞ്ചാപീടികയാണ് സായി ശ്വേതയുടെ സ്വദേശം. സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന മുതുവടത്തൂര്‍ സ്വദേശി ദിലീപാണ് ഭര്‍ത്താവ്. ഇദ്ദേഹത്തിന്റെയും മറ്റു ബന്ധുക്കളുടെയും അകമഴിഞ്ഞ പിന്തുണയുള്ളതായി സായി ശ്വേത പറഞ്ഞു.

Related Articles

Back to top button