KeralaLatest

ആ മിണ്ടാപ്രാണി ഗർഭിണി കൂടിയായിരുന്നു

“Manju”

 

ഭക്ഷണം തേടി മനുഷ്യവാസ മേഖലയിൽ എത്തിയ ഗർഭിണിയായ പിടിയാനയ്ക്ക് ദാരുണാന്ത്യം. സൈലന്റ് വാലി നാഷണൽ പാർക്കിലുള്ള ആനയാണ് പടക്കങ്ങൾ നിറച്ച കൈതച്ചക്ക കഴിക്കാൻ ശ്രമിച്ച് പൊള്ളലേറ്റതിനെ തുടർന്ന് ചരിഞ്ഞത്. തുമ്പിക്കൈക്കും നാവിനുമെല്ലാം സാരമായ പൊള്ളലേറ്റതിനെ തുടർന്ന് വെള്ളത്തിലിറങ്ങിയ ആന അതേ നിൽപ്പിൽ തന്നെ ചരിയുകയായിരുന്നു.

നിലമ്പൂർ വനമേഖലയിലെ സെക്ഷൻ ഓഫീസറായ മോഹൻ കൃഷ്ണൻറെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം പുറം ലോകമറിഞ്ഞത്. 15 വയസ്സായിരുന്നു പിടിയാനയുടെ പ്രായം. ഗർഭ കാലത്തിന്റെ തുടക്കമായതിനാൽ വയറ്റിലുള്ള കുഞ്ഞിനും കൂടി വേണ്ട രീതിയിൽ ഭക്ഷണം ലഭിക്കുന്നതിനു വേണ്ടിയാവണം പിടിയാന നാട്ടിലിറങ്ങിയതെന്ന് മോഹൻ കൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. എന്നാൽ അപകടം അറിയാതെ കാട്ടുപന്നികളെ കുടുക്കുന്നതിനുവേണ്ടി പടക്കം നിറച്ചു വെച്ചിരുന്ന കൈതച്ചക്ക കഴിക്കാൻ ശ്രമിച്ചതോടെ പിടിയാനയുടെ നാവിനും തുമ്പിക്കൈക്കുമെല്ലാം പൊള്ളലേറ്റു. അസഹനീയമായ വേദനയോടെ വീടുകൾക്കിടയിലൂടെ ആന പിന്നീട് പരക്കം പായുകയായിരുന്നു.
ഒടുവിൽ പൊള്ളലിൽ നിന്നും അൽപം ആശ്വാസം തേടിയാവണം ആന വെള്ളിയാർ പുഴയിൽ ചെന്നിറങ്ങിയത്.തുമ്പിക്കൈയുടെ പകുതിയിലേറെ വെള്ളത്തിൽ താഴ്ത്തി ഏറെ നേരം ഒരേ നിൽപ്പ് തുടർന്നു. ആനയുടെ മുഖത്തും തുമ്പികൈയ്യിലുമായി പൊള്ളലേറ്റ മുറിവുകളും ഉണ്ടായിരുന്നു. ആനയുടെ അവസ്ഥ മനസ്സിലാക്കി വേണ്ട ചികിത്സയും പരിചരണവും നൽകുന്നതിനുവേണ്ടി വനംവകുപ്പ് ഉദ്യോഗസ്ഥർ ദ്രുത ഗതിയിൽ നടപടികളെടുത്തു തുടങ്ങിയിരുന്നു. ഒറ്റ രാത്രി കൊണ്ട് തന്നെ ആനയെ കരയിൽ കയറ്റുന്നതിനു വേണ്ടി സുരേന്ദ്രൻ, നീലകണ്ഠൻ എന്നീ ആനകളെയും തയാറാക്കി.എന്നാൽ രക്ഷാപ്രവർത്തനങ്ങൾക്ക് വേണ്ടി കാത്തു നിൽക്കാതെ വെള്ളത്തിൽ നിന്ന അതേ നിലയിൽ തന്നെ പിടിയാന മരണത്തിനു കീഴടങ്ങുകയായിരുന്നു.
പിന്നീട് നടന്ന പോസ്റ്റുമോർട്ടത്തിലാണ് ആന ഗർഭിണിയായിരുന്നു എന്ന വിവരമറിഞ്ഞത്. സാരമായി പൊള്ളലേറ്റതിനു പുറമേ തുമ്പിക്കൈ ഏറെ നേരം വെള്ളത്തിൽ താഴ്ത്തി നിന്നതിനാൽ ശ്വാസനാളത്തിലും ശ്വാസകോശത്തിലും വെള്ളം കയറിയതാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അസിസ്റ്റൻറ് ഫോറസ്റ്റ് വെറ്റിനറി ഓഫീസറായ ഡോക്ടർ ഡേവിഡ് എബ്രഹാമാണ് ആനയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്.ആനയെ ആദ്യമായി നിരീക്ഷിച്ചപ്പോൾ തന്നെ അത് രക്ഷപ്പെടാനുള്ള സാധ്യത തീരെയില്ലെന്ന് തിരിച്ചറിഞ്ഞിരുന്നു എന്ന് അദ്ദേഹം പറയുന്നു. ആനയുടെ അവസ്ഥ മനസ്സിലാക്കിയതോടെ അതിന് ദയാവധം നൽകണമെന്ന് ഉദ്യോഗസ്ഥർക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും ചികിത്സ നൽകാനുള്ള ശ്രമങ്ങൾ തുടരാനായിരുന്നു അവർക്കു ലഭിച്ച നിർദ്ദേശം. എന്നാൽ കരയ്ക്ക് കയറ്റാനുള്ള നടപടികൾ എടുത്തു തുടങ്ങും മുൻപ് തന്നെ ആന വെള്ളത്തിൽ വച്ച് മരണപ്പെട്ടു.
പോസ്റ്റുമോർട്ടം നടത്തിയ സമയത്ത് ആന ഗർഭിണിയായിരുന്നു എന്ന തിരിച്ചറിവ് ഏറെ വേദനയുണ്ടാക്കിയതായിഡോക്ടർ ഡേവിഡ് എബ്രഹാം പറയുന്നു.ഇതിനോടകം 250 ഓളം ആനകളുടെ പോസ്റ്റ്മോർട്ടം നടത്തിയിട്ടുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ഇത് ആദ്യമായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആനയുടെ ശരീരം വനത്തിനുള്ളിൽ എത്തിച്ച് അവിടെ തന്നെയാണ് അടക്കം ചെയ്തു. കാട്ടുപന്നികൾക്ക് വേണ്ടിയുള്ള ഇത്തരം കെണികളിൽ അകപ്പെട്ട് ഇതാദ്യമായല്ല ഒരു ആന ചരിയുന്നത്. ഏപ്രിൽ മാസത്തിൽ കൊല്ലം ജില്ലയിലെ പത്തനാപുരം സമാനമായ ഒരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.

Related Articles

Back to top button