AlappuzhaKeralaLatest

പരിസ്ഥിതി ദിനത്തില്‍ സംരക്ഷിത വനമൊരുക്കി മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത്

“Manju”

മാവേലിക്കര: പരിസ്ഥിതി ദിനം എത്തുമ്പോള്‍ മാത്രം പ്രകൃതിയെ കുറിച്ച് ചിന്തിക്കുന്ന ഈ കാലഘട്ടില്‍ ഒരു വനം തന്നെ നിര്‍മ്മിക്കുന്ന പ്രവര്‍ത്തിയിലേര്‍പ്പെട്ട് വെത്യസ്തമാക്കുകയാണ് മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദിന്റെ നേതൃത്വത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ ഒരു സംരക്ഷിത വനം ഒരുങ്ങുന്നത്. പ്രകൃതി മനുഷ്യനേപ്പോലെതന്നെ മറ്റ് ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്ന ചിന്താഗതി മുന്‍നിര്‍ത്തി വളരെ ദീര്‍ഘ വീക്ഷണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് പറഞ്ഞു.

മാവേലിക്കര ബ്ലോക്ക് പഞ്ചായത്തും ഫോക് ലാന്റും ചേര്‍ന്നാണ് സംരക്ഷിത വനമൊരുക്കല്‍ ആരംഭിച്ചത്. വരള്‍ച്ചയുടെയും കൊറോണയുടേയും 77 ദിനങ്ങളെ അതിജീവിച്ചാണ് സംരക്ഷിത വനം രണ്ടാം ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 17ന് 2 സെന്റ് സ്ഥലത്ത് 3 അടി താഴ്ചയില്‍ മണ്ണ് മാറ്റി ചാണകം, ഉമി, എന്നിവ നിറച്ച് 6 മാസം പ്രായമുള്ള തൈകള്‍ ജീവാമൃതം ചേര്‍ത്ത് നട്ടുപിടിപ്പിച്ചു. വരള്‍ച്ചാ സമയത്തും ലോക്ക് ഡൗണ്‍ കാലയളവിലെ ദിവസങ്ങളിലും രണ്ട് നേരം നനച്ച് പരിപാലിച്ചാണ് വൃക്ഷങ്ങളും ചെടികളും ഉള്‍പ്പടെയുള്ളവ വളര്‍ത്തിയെടുത്തത്.

മനുഷ്യനും പക്ഷികള്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്ന കായ്കനികളും അപൂര്‍വ്വ ഇനം ഔഷധസസ്യങ്ങളും അടങ്ങുന്നതാണ് സംരക്ഷിത വനം. അണലിവേകം, ഇലിപ്പ, ഇടമ്പിരി വലമ്പിരി, കാഞ്ഞിരം, ഉംഗ്, അക്കില്‍, ഈട്ടി, പൂവരശ്, വയണ, ജാതി, ആര്യവേപ്പ്, മുരിങ്ങ, അത്തി, കുടംപുളി, മലവേപ്പ്, താന്നി, തമ്പകം, നീര്‍മരുത്, ഇലഞ്ഞി, മാവ്, പ്ലാവ്, ഞാവല്‍, അരയാല്‍, പത്മുഖം, കറുകപ്പട്ട, കണിക്കൊന്ന, അശോകം, മന്ദാരം, ഗ്രാമ്പൂ, കറിവേപ്പ്, സീതപ്പഴം, മാദളനാരകം, ചെറുനാരകം തുടങ്ങിയവയാണ് സംരക്ഷിത വനത്തില്‍ നിലവിലുള്ളത്. സ്വാഭാവിക വനങ്ങളില്‍ വളരുന്ന വൃക്ഷങ്ങളാണ് ഇതില്‍ കൂടുതലും.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശഭരണ സ്ഥാപനം ഇത്തരത്തില്‍ ഒരു സംരക്ഷിത വനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 3 വര്‍ഷം കൊണ്ട് 15 വര്‍ഷം പ്രായമായ വനത്തിന്റെ തലത്തിലേക്ക് ഇത് രൂപാന്തരപ്പെടും. രഞ്ജിത്ത്, പ്രസാദ്, ജയന്‍, ജയലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംരക്ഷണ ജോലികള്‍ ചെയ്യുന്നത്. മരങ്ങളെ സംരക്ഷിച്ച് പുതിയ കാവുണ്ടാക്കി പ്രകൃതിയെ സംരക്ഷിക്കുക എന്നതാണ് മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ ലക്ഷ്യം.

Related Articles

Back to top button