KeralaLatest

പുതിയ ഫോണിൽ അർഷ ആദ്യം വിളിച്ചത് സബ് ജഡ്‌ജിനെ !!

“Manju”

അനൂപ് എം സി

പരവനടുക്കം എം ആർ എച്ച് എസ്സ് സ്കൂളിലെ എട്ടാം തരം വിദ്യാത്ഥിനിയാണ് അർഷ .ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങിയപ്പോൾ സ്കൂളിലെ മലയാളം അദ്ധ്യാപിക വി.എസ്സ് .ഗീത അർഷയെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. അപ്പഴാണ് അറിയുന്നത് ക്ളാസുകൾ കേൾക്കാൻ അവളുടെ വീട്ടിൽ ടി വിയില്ല. വൈദ്യുതിയുമില്ല. സ്മാർട്ട് ഫോണും അവൾക്കില്ല.

എന്തിനേറെ പറയുന്നു; പറയാൻ തക്ക ഒരു വീടുപോലുമില്ല. ഭിത്തികൾ ഇല്ലാത്ത, പ്ലാസ്റ്റിക്ക് ഷീറ്റ് മറച്ച ഒരു ഷെഡിലാണ് അവളും അമ്മ സുശീലയും പത്താം ക്ളാസ് കഴിഞ്ഞു നില്ക്കുന്ന ചേട്ടനും താമസിക്കുന്നത്. സുശീലയുടെ ഭർത്താവ് വർഷങ്ങൾക്കു മുമ്പ് അവരെ ഉപേക്ഷിച്ചു പോയി. ചിറ്റാരിക്കാലിൽ വീട്ടുജോലിക്കു പോയാണ് സുശീല കുടുംബം പുലർത്തുന്നത് . വെസ്റ്റ് എളേരി പഞ്ചായത്തിൽ ആലത്തടി പറമ്പ എന്ന സ്ഥലത്ത് സ്വന്തമായുള്ള അഞ്ച് സെൻ്റ് ഭൂമിയിലാണ് ഏതു സമയത്തും നിലംപൊത്താറായ കൂര.

അർഷയുടെ പരിതാപകരമായ അവസ്ഥ അറിഞ്ഞ അദ്ധ്യാപിക, ഭർത്താവും ഹൊസ്ദുർഗ് ലീഗൽ സർവ്വീസസ് കമ്മിറ്റിചെയർമാനും സബ് ജഡ്ജിയുമായ കെ.വിദ്യാധരനെ പ്രസ്തുത കാര്യം അറിയിച്ചു. അദ്ദേഹത്തിൻ്റെ നിർദ്ദേശപ്രകാരം ഉടനെ തന്നെ പാരാലീഗൽ വളണ്ടിയർ കെ. മഹേശ്വരി സ്ഥലത്ത് എത്തി വിവരം അന്വേഷിച്ചു റിപ്പോർട്ട് നല്കി. വെസ്റ്റ്എളേരി പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡണ്ടും ജഡ്ജിയുടെ നിർദ്ദേശപ്രകാരം വീട്ടിലെത്തി. റേഷൻ കാർഡ് ഇല്ലാത്തതു കൊണ്ടാണ് ഇതുവരെ പഞ്ചായത്തിൻ്റെ ഭവന നിർമ്മാണ പദ്ധതികളിൽ ഉൾപ്പെടാതെ പോയത് എന്നും ഇപ്പോൾ റേഷൻകാർഡ് ഉണ്ട് എന്നും അടുത്ത ഭവന പദ്ധതിയിൽ സുശീലയെ പരിഗണിക്കുമെന്നും സെക്രട്ടറി ഉറപ്പു നല്കി.

വെള്ളരിക്കുണ്ട് തഹസിൽദാരും അർഷയുടെ വിവരങ്ങൾ തിരക്കി വേണ്ടുന്ന സഹായം നല്കാമെന്ന് ജഡ്ജിയെ അറിയിച്ചു.ഇന്ന് വെള്ളരിക്കുണ്ട് ലയൺസ് ക്ലബ് അർഷക്ക് പുതിയ സ്മാർട്ട് ഫോൺ നല്കി.പാരാലീഗൽ വളണ്ടിയർമാരായ കെ.മഹേശ്വരി, കെ.സതീശൻ, ലീഗൽ സർവ്വീസസ് കമ്മിറ്റിയിലെ സ്റ്റാഫ് ടി.രാമചചന്ദ്രൻ, എച്ച്.വി.ദയാനന്ദ എന്നിവർ ചേർന്ന് മൊബൈൽ ഫോൺ അർഷക്ക് സമ്മാനിച്ചു. പുതിയ ഫോണിൽ അർഷ ജഡ്ജിയെ വിളിച്ച് നന്ദി അറിയിച്ചു.

പഞ്ചായത്തിൽ നിന്നും വീട് ലഭിക്കുന്നതു വരെ ഈ കടുംബത്തിന് അടച്ചുറപ്പുള്ള ഒരു ഷെഡ്ഡ് നിർമ്മിച്ചു നല്ക്കുവാൻ കമ്മറ്റിയുടെ ഇടപെടൽ മൂലംകാഞ്ഞങ്ങാട് സത്യസായി ട്രസ്റ്റ് സന്നദ്ധ മായി മുന്നോട്ടു വന്നിട്ടുണ്ട്. ഷെഡ് നിർമ്മാണം ഉടൻ ആരംഭിക്കും.

Related Articles

Back to top button