KeralaLatest

അശാസ്ത്രീയമായ നിര്‍മ്മാണം വെള്ളക്കെട്ടായി റോഡുകള്‍

“Manju”

സിന്ധുമോള്‍ ആര്‍

വക്കം: വക്കം ഗ്രാമ പഞ്ചായത്തിലെ റോഡുകള്‍ മഴയില്‍ വെള്ളക്കെട്ടുകളായി. പ്രധാന റോഡായ നിലയ്ക്കാമുക്ക് – കായിക്കരക്കടവ് വരെയുള്ള മൂന്ന് കിലോമീറ്റര്‍ ദൂരത്തില്‍ ഒരു ഡസനിലധികം സ്ഥലങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. ഇട റോഡുകളാല്‍ സമ്പന്നമായ വക്കം ഗ്രാമ പഞ്ചായത്തില്‍ 14 വാര്‍ഡുകളിലുമായി മുപ്പതിലധികം ഇട റോഡുകളില്‍ നിലവില്‍ വെള്ളക്കെട്ടുണ്ട്.

ഭൂരിപക്ഷം റോഡുകളിലും മലിനജലം ഒഴുകി പോകാനുള്ള ഓടകള്‍ ഇല്ല. ഉള്ളവയില്‍ മഴക്കാലപൂര്‍വ ശുചീകരണവും നടത്തിയിട്ടില്ല. നിലയ്ക്കാമുക്ക് – വക്കം റോഡില്‍ ആങ്ങാവിള വരെ ഓടയുണ്ടെങ്കിലും മണ്ണും പാഴ് വസ്തുക്കളും കൊണ്ട് നിറഞ്ഞതിനെ തുടര്‍ന്ന് മഴ വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്.

വക്കം ചന്തമുക്ക് ജംഗ്ഷനിലെ വെള്ളക്കെട്ടും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. വെള്ളക്കെട്ടിന് പരിഹാരമായി പലയിടങ്ങളിലും ഇന്റര്‍ലോക്ക് സംവിധാനത്തില്‍ നിര്‍മ്മിച്ച റോഡുകളില്‍ നിര്‍മ്മാണപ്പിഴവ് വ്യാപകമെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ കഴിഞ്ഞതുമില്ല. വക്കം പുളിവിളാകം – മുക്കാലവട്ടം റോഡ്, പുന്നക്കുട്ടം – വിളയില്‍ റോഡ്, തുടങ്ങിയ റോഡുകളിലെ ഇന്റര്‍ലോക്ക് സംവിധാനം തകര്‍ന്ന നിലയിലാണ്. വക്കം മാര്‍ക്കറ്റ് ജംഗ്ഷനില്‍ വെള്ളക്കെട്ടിന് പരിഹാരമായി നിര്‍മ്മിച്ച ഇന്റര്‍ലോക്ക് സംവിധാനം സ്ഥിരം വെള്ളക്കെട്ടാക്കി മാറ്റി. വക്കം റൂറല്‍ ഹെല്‍ത്ത് സെന്ററിന്റെ മുന്നിലെ ഇന്റര്‍ലോക്ക് സംവിധാനവും ഇതിനകം തകര്‍ന്ന് കഴിഞ്ഞു.

വക്കത്തെ കോടം പള്ളി റോഡ്, ഹൈസ്കൂള്‍ റോഡിലെയും വെള്ളക്കെട്ട് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. പല ഇടറോഡുകളിലും വെള്ളക്കെട്ടില്‍ നിന്ന് മോചനം ലഭിക്കാനായി ഇന്റര്‍ലോക്ക് സംവിധാനം ഏര്‍പ്പെടുത്തിയത് ഇപ്പോള്‍ വിനയായി. ഈ റോഡുകളില്‍ വാഹനത്തിരക്ക് കുറവായിരുന്നിട്ടും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്റര്‍ലോക്ക് സംവിധാനം തകരാന്‍ തുടങ്ങി.
പുന്നകുട്ടം റോഡ് നവീകരിച്ചിട്ട് മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. ഇവിടെ ഇതിനകം തന്നെ തകര്‍ച്ചയും തുടങ്ങി. റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കേണ്ടവര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലിരുന്ന് കൈകാര്യം ചെയ്തതാണിതിന് കാരണമെന്ന് ആക്ഷേപമുണ്ട്. ഇന്റര്‍ലോക്ക് പാകിയ ശേഷം അതിന്റെ വിടവില്‍ മണലോ, പാറപ്പൊടിയോ നിറയ്ക്കാതിരുന്നതും അതിന് ശേഷം മുകളില്‍ റോളര്‍ ഉരുട്ടാതിരുന്നതും ഇന്റര്‍ലോക്കുകളുടെ ആയുസ് കുറച്ചെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

Related Articles

Back to top button