KeralaLatest

നാടിന് നൊമ്പരമായി ഡിന്നിയുടെ വാക്കുകൾ

“Manju”

 

തൃശൂർ • ‘എന്തായാലും നമ്മുടെ നാട്ടിലെത്തിയല്ലോ, ധൈര്യമായിരിക്കുക, പ്രാർഥിക്കുക… തീർച്ചയായും നമ്മൾ രക്ഷപ്പെടും. ഒരാഴ്ച കഴിഞ്ഞ‌ു പരിശോധനാഫലം നെഗറ്റീവ് ആകുമ്പോൾ ആ സന്തോഷ വാർത്ത ഞാൻ അറിയിക്കാം..’

കോവിഡ് ബാധിച്ചു മാലെയിൽ നിന്നെത്തി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേ ഇന്നലെ മരിച്ച തൃശൂർ വിആർ പുരം സ്വദേശി ഡിന്നി ചാക്കോയുടെ ശബ്ദസന്ദേശം നാടിന്റെ സങ്കടമായി. രോഗം സ്ഥിരീകരിച്ചപ്പോൾ പലരും വീട്ടിലും മറ്റും വിളിച്ചു വിവരം തിരക്കിയ പശ്ചാത്തലത്തിലാണു കഴിഞ്ഞ 17നു ശബ്ദസന്ദേശം റിക്കോർഡ് ചെയ്ത് ഡിന്നി പ്രചരിപ്പിച്ചത്.
ശബ്ദ സന്ദേശം ഇങ്ങനെ: ‘‘ഞാൻ എന്റെ വീട്ടിലായിരുന്നുവെന്നു കരുതി പലരും വിളിക്കുന്നുണ്ട്. ആരും പേടിക്കേണ്ട; ആരുമില്ലാത്ത ബന്ധുവീട്ടിലാണു താമസിച്ചത്. ആ വീട്ടിലേക്ക് ആരും വന്നിട്ടില്ല. അവിടെനിന്ന് ഒന്നും പുറത്തേക്കു പോയിട്ടുമില്ല. മാലെയിൽ കൊറോണ ബോധവൽക്കരണ സംഘത്തിൽ ഞാനുമുണ്ടായിരുന്നു. അതിനാൽ കാര്യങ്ങളറിയാം. ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. കുടുംബാംഗങ്ങളും ഇവിടെയുണ്ട്. ഫോണെടുക്കാൻ പറ്റിയെന്നു വരില്ല.
എനിക്ക് മെസേജ് വിട്ടാൽ മതി. മറുപടി തരാം. ചെറിയ പനിയും ചുമയുമുണ്ട്. ധൈര്യമായിരിക്കുക, പ്രാർഥിക്കുക. നമ്മൾ രക്ഷപ്പെടും’’. മാലെയിൽ അധ്യാപകനായിരുന്നു ഡിന്നി. മേയ് 16നു രോഗം സ്ഥിരീകരിച്ചു. മാലെയിൽ നഴ്സായ ഭാര്യ ജിനിക്കും (33) മകൻ ജോവാനും (3) ഭാര്യാ മാതാവിനും (53) കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഭേദമായി.

Related Articles

Back to top button