KeralaLatest

ബ്ലെസിയുടെ ചിത്രങ്ങളിലെല്ലാം അവന്റെ അമ്മയുണ്ട്. പക്ഷേ ആ മുഖത്തൊരു ചിരി വരയ്ക്കാൻ അവനാകുന്നില്ല

“Manju”

 

കൊല്ലം • കല്ലുംതാഴം കൊച്ചുകുളം കാവേരി നഗർ 27 എന്ന വാടകവീട്ടിൽ അവന്റെ മുഖത്തേക്കു നിഷ്കളങ്കമായി നോക്കിയിരിക്കുന്ന ആ അമ്മയുടെ പേര് മഞ്ജു ജോർജ് എന്നാണ്. അച്ഛൻ ചിത്രകാരനായ പ്രിൻസ്.

2008 ഓഗസ്റ്റിൽ കൊല്ലം വിക്ടോറിയ ആശുപത്രിയിൽ കുഞ്ഞുബ്ലെസിയെ ഉദരത്തിൽപേറിയാണു മഞ്ജു എത്തിയത്. പക്ഷേ, പ്രസവ ശസ്ത്രക്രിയ കഴിഞ്ഞു പിന്നെ ആ അമ്മ എഴുന്നേറ്റില്ല, ഒരു വാക്കുപോലും സംസാരിച്ചിട്ടില്ല. കാത്തിരുന്നു പിറന്ന കുഞ്ഞുമകനെ ഒന്നു ചേർത്തുപിടിക്കാനായിട്ടില്ല.

ആശുപത്രി അധികൃതർ പിഴവു പരമാവധി മറച്ചു വയ്ക്കാൻ ശ്രമിച്ചെങ്കിലും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ പരിശോധനയിൽ തെളിഞ്ഞു; അനസ്തീസിയ കൊടുത്തതിലെ പിഴവാണു മഞ്ജുവിനെ എന്നന്നേക്കുമായി കിടപ്പിലാക്കിയതെന്ന്. വർഷങ്ങളോളം നീണ്ട ചികിത്സകൾക്കൊടുവിൽ വീൽച്ചെയറിൽ ഒതുങ്ങി മഞ്ജുവിന്റെ ജീവിതം. അപ്പോഴേക്കും ജീവിതത്തിന്റെ കലണ്ടറിൽ നിന്നു 12 വർഷം മറ‍ഞ്ഞിരുന്നു.

ഉളിയക്കോവിലിൽ വാടകവീട്ടിൽ കഴിഞ്ഞിരുന്ന പ്രിൻസിനു നീതിക്കായി കോടതികളുടെ വാതിലിൽ മുട്ടാനുള്ള ശേഷിയില്ലായിരുന്നു. ഉള്ളതൊക്കെ വിറ്റുപെറുക്കിയാണു മഞ്ജുവിന്റെ ചികിത്സ നടത്തിയത്. അന്നു മന്ത്രിയായിരുന്ന പി.കെ.ഗുരുദാസന്റെ ഇടപെടലിൽ മുഖ്യമന്ത്രിയുടെ സഹായനിധിയിൽ നിന്നു ലഭിച്ച 10,000 രൂപയാണ് ആകെ സർക്കാരിൽനിന്നു ലഭിച്ച സഹായം.
ഇതിനിടെ ചികിത്സയ്ക്കായി ലക്ഷങ്ങൾ ചെലവഴിക്കേണ്ടി വന്നു. ഇപ്പോഴും പ്രതിദിനം 500 രൂപയിലധികം വേണം. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ വരെ ഇടപെട്ടിട്ടും ആ കേസ് ഇനിയും എങ്ങുമെത്തിയിട്ടില്ല. മനുഷ്യത്വത്തിന്റെ പേരിൽ പോലും ഇതിനുത്തരവാദികളായ ഡോക്ടർമാർ ഇതുവരെ ഈ കുടുംബത്തെ തിരിഞ്ഞു നോക്കിയിട്ടില്ല.

കണ്ണീർ കലർന്ന ജീവിതയാത്രയിൽ ഇന്നും മഞ്ജുവിനൊപ്പം നടക്കുന്നു പ്രിൻസും ബ്ലെസിയും. മോഹൻലാലിനെ ഇഷ്ടപ്പെടുന്ന ബ്ലെസിയുടെ ചിത്രങ്ങളിൽ അദ്ദേഹവും പ്രകൃതിദൃശ്യങ്ങളും ധാരാളമുണ്ട്. കുരുന്നുപ്രായം മുതൽ വരയുടെ പ്രതിഭ കൊണ്ട് അനുഗ്രഹിക്കപ്പെട്ട അവൻ കോയിക്കൽ ഗവ.എച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. കനിവുള്ളവർക്ക് ഈ കുടുംബത്തിന്റെ കൈപിടിക്കാം, പ്രിൻസിനെ വിളിക്കാം. ഫോൺ നമ്പർ: 9847360062.

Related Articles

Back to top button