IndiaLatest

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; മലയാളി ഉൾപ്പെടെ രണ്ട് സൈനികര്‍‍ക്ക് വീരമൃത്യു

“Manju”

ശ്രീനഗര്‍: ജമ്മുകശ്മീരിലെ രജൗരി ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മലയാളിയടക്കം രണ്ട് സൈനികര്‍ക്ക് വീരമൃത്യു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി എം ശ്രീജിത്ത്, ആന്ധ്രാപ്രദേശ് സ്വദേശി എം ജസ്വന്ത് റെഡ്ഡി എന്നിവരാണ് വീരമൃത്യു വരിച്ചത്.
വ്യാഴാഴ്ച രാത്രിയോടെ നിയന്ത്രണ രേഖയ്ക്ക് സമീപം സുന്ദര്‍ബനി സെക്ടറിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തടയുന്നതിനിടെയായിരുന്നു ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഭീകരരില്‍ നിന്ന് എകെ 47 തോക്കുകളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു. കൂടുതല്‍ ഭീകരര്‍ക്കായി പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.
‘മേഖലയിൽ ഭീകരർ ഉള്ളതായി വീണ്ടും വിവരം ലഭിച്ചതോടെ ഇവരെ കണ്ടെത്തി നശിപ്പിക്കാൻ സേന വീണ്ടും തിരച്ചിൽ തുടങ്ങുകയായിരുന്നു. ഇതിനിടെ ദാദൽ കാടുകളിൽവച്ചു സേന ഭീകരരുമായി മുഖാമുഖം വന്നു. തീവ്രവാദികൾ വെടിവയ്പ്പും ഗ്രനേഡ് ഉപയോഗവും തുടങ്ങിയതോടെ തിരിച്ചടിച്ച സേന 2 ഭീകരരെ വധിച്ചു. 2 ജവാൻമാരും വീരമൃത്യു വരിച്ചു.’– സേനാ വക്താവ് അറിയിച്ചു.
തിരുവങ്ങൂര്‍ മാക്കാട് വല്‍സന്റെയും ശോഭനയുടെയും മകനാണ് ശ്രീജിത്ത്. ഭാര്യ; ഷജിന. മക്കള്‍: അതുല്‍ജിത്ത്, തന്‍മയ ലക്ഷ്മി.
ജമ്മു വിമാനത്താവളത്തിനു നേരേ പാക്കിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തിയതിനു പിന്നാലെ ഇന്ത്യൻ സേന മേഖലയിൽ വ്യാപക പരിശോധനയാണു നടത്തുന്നത്. ജൂൺ 29നു രാജൗരി ജില്ലയിൽ സേന പരിശോധന നടത്തിയിരുന്നു.

Related Articles

Back to top button