KeralaKollamLatest

ന​ഗരസഭയിലെ തെരുവ് വിളക്കുകള്‍ എല്‍.ഇ.ഡി.യാക്കാന്‍ സ്വകാര്യ കമ്പനിക്ക് കരാര്‍

“Manju”

ശ്രീജ.എസ്

കൊല്ലം: കൊല്ലം നഗരസഭയില്‍ എല്‍ഇഡി ബള്‍ബിന്റെ പേരില്‍ ഇടത് മുന്നണിയില്‍ പോര് മുറുകുന്നു. ന​ഗരസഭയിലെ 23733 തെരുവ് വിളക്കുകള്‍ എല്‍ഇഡി ആക്കുന്നതിനായുള്ള കരാര്‍ പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കി സ്വകാര്യ കമ്പനിക്ക് നല്‍കിയത് അഴിമതിയാണെന്ന് സി.പി.ഐ. ആരോപിക്കുന്നു. സിപിഎം നേതാവ് വി രജേന്ദ്രബാബു മേയറായിരിക്കെയാണ് കരാര്‍ ഒപ്പിട്ടത്.

കൊല്ലം നഗരസഭ പരിധിയിലെ 23733 തെരുവ് വിളക്കുകളാണ് എല്‍ ഇ ഡി ബള്‍ബുകള്‍ ആക്കി മാറ്റുന്നത്. ഇതിനായി ടെണ്ടര്‍ വിളിച്ചപ്പോള്‍ കെല്‍ട്രോണ്‍, കൊല്ലം മീറ്റര്‍ കമ്പനി തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും പങ്കെടുത്തു. പൊതുമേഖല സ്ഥാപനങ്ങളെ തള്ളി കരാര്‍ നേടിയത് മുംബൈ ആസ്ഥാനമായ ഇ സ്മാര്‍ട്ട് കമ്പനിയാണ്.

എനര്‍ജി സേവിങ്സ് പദ്ധതി പ്രകാരം നഗരസസഭ ഇപ്പോള്‍ തെരുവ് വിളക്കുകള്‍ കത്തിക്കുന്നതിന്റെ വൈദ്യുതി ബില്‍ തുക, 31 ലക്ഷം രൂപ അതേപടി കമ്പനിക്ക് നല്‍കും. അതില്‍ നിന്ന് കമ്പനി ബില്‍ അടക്കണം. എല്‍. ഇ. ഡി. ആയതിനാല്‍ ഇത്രയും തുക ബില്‍ വരില്ല. അതിനാല്‍ ലാഭം ഉറപ്പ്. ഈ ലാഭ വിഹിതത്തില്‍ 10 ശതമാനം കോര്‍പറേഷന് നല്‍കണം. ഇതാണ് കരാര്‍ വ്യവസ്ഥ. ഏതെങ്കിലും ബള്‍ബ് കേടായാല്‍ 48 മണിക്കൂറിനകം അത് മാറ്റണം. ഇല്ലെങ്കില്‍ ദിവസത്തിന് 25 രൂപ വീതം നഗരസഭയ്ക്ക് നല്‍കണമെന്നും കരാറിലുണ്ട്. എന്നാല്‍ ഈ കരാറാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

പൊതുമേഖല സ്ഥാപനങ്ങളെ എന്തിന് ഒഴിവാക്കി എന്നാണ് ചോദ്യം. മാത്രവുമല്ല, എല്‍ ഇ ഡി ആകുമ്പോള്‍ വലിയ തോതില്‍ വൈദ്യുതി ലാഭിക്കാനാകുമെന്നും അധിക ലാഭം എടുക്കാന്‍ ഇ സ്മാര്‍ട്ടിന് കഴിയമെന്നും ഇത് അഴിമതിക്കുള്ള നീക്കമാണെന്നുമാണ് ആരോപണം.

Related Articles

Back to top button