KeralaLatestThiruvananthapuram

ദേശീയപാതയില്‍ കല്ലമ്പലത്തും ആറ്റിങ്ങലിലും ഉണ്ടായ വാഹന അപകടങ്ങളില്‍ രണ്ട് പേര്‍ മരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം:ദേശീയപാതയില്‍ കല്ലമ്പലത്തിന് സമീപവും ആറ്റിങ്ങലിലും ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടങ്ങളില്‍ രണ്ടുപേര്‍ മരിച്ചു. ആറ്റിങ്ങല്‍ മൂന്നുമുക്കില്‍ ഇന്ന് പുലര്‍ച്ചെ 2.30ന് ഉണ്ടായ അപകടത്തില്‍ തമിഴ്നാട് സ്വദേശി സ്റ്റീഫനാണ് മരിച്ചത്. ദേശീയപാതയുടെ നിര്‍മാണ ജോലികള്‍ നടക്കുന്ന സ്ഥലത്ത് നിറുത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിയുടെ പിന്നില്‍ തമിഴ്നാട് രജിസ്ട്രേഷന്‍ ലോറി ഇടിച്ചായിരുന്നു അപകടം. തമിഴ്നാട് രജിസ്ട്രേഷന്‍ ലോറിയിലെ ക്ലീനറായിരുന്നു സ്റ്റീഫന്‍. ഡ്രൈവര്‍ അപ്പുക്കുട്ടനെ പരിക്കുകളോടെ ആറ്റിങ്ങല്‍ വലിയകുന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പൊലീസെത്തിയാണ് ഇവരെ ലോറിയില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. സ്റ്റീഫന്‍റെ മൃതദേഹം പോസ്റ്റുമോ‌ര്‍ട്ടത്തിനുശേഷം പിന്നീട് ബന്ധുക്കള്‍ക്ക് കൈമാറും.ആറ്റിങ്ങല്‍ പൊലീസ് കേസെടുത്തു.

നാവായിക്കുളം ഡീസന്‍റ് മുക്കിന് സമീപം ഇന്ന് രാവിലെ ആറുമണിയോടെ ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞായിരുന്നു രണ്ടാമത്തെ അപകടം. ബൈക്ക് ഓടിച്ചിരുന്ന പലവക്കോട് കാട്ടുപുതുശേരി എഫ്.എഫ് മന്‍സിലില്‍ മുഹമ്മദ് ഫൈസിയാണ് മരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിനെ പരിക്കുകളോടെ കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതര പരിക്കേറ്റ മുഹമ്മദ് ഫൈസിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോ‌ര്‍ച്ചറിയിലേക്ക് മാറ്റി. കല്ലമ്പലം പൊലീസ് കേസെടുത്തു.

Related Articles

Back to top button