KeralaLatest

കാലാവസ്ഥാമാറ്റം പഠിക്കാന്‍ വി സാറ്റ്

“Manju”

അള്‍ട്രാവയലറ്റ് കിരണങ്ങളേയും അതിന്റെ പ്രഭാവത്തെക്കുറിച്ചും പഠിക്കാനായി ബഹിരാകാശ പ്രയാണത്തിനൊരുങ്ങി തിരുവനന്തപുരം ലാല്‍ ബഹാദൂര്‍ ശാസ്ത്രി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോണ്‍ വുമണിലെ (എല്‍.ബി.എസ്.ഐ.ടി.ഡബ്യൂ.) വിദ്യാര്‍ഥിനികള്‍ വികസിപ്പിച്ച WESAT. ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്‌പേസ് ക്ലബാണ് ഈ കുഞ്ഞന്‍ ഉപഗ്രഹത്തിന് പിന്നില്‍. നവംബറില്‍ ഐ.എസ്.ആര്‍.ഒയുടെ പി.എസ്.എല്‍.വി. പേടകമായിരിക്കും ഉപഗ്രഹം 600 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുക.

ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രമോഷന്‍ ആന്‍ഡ് ഓഥറൈസേഷന്‍ സെന്ററുമായി (ഇന്‍-സ്‌പേസ്) ധാരണാപത്രം ഒപ്പുവെച്ചതായി എല്‍.ബി.എസ്.ഐ.ടി.ഡബ്യൂവിലെ അസിസ്റ്റന്റ് പ്രൊഫസറും സ്‌പേസ് ക്ലബ്ബ് കോര്‍ഡിനേറ്ററുമായ ലിസി അബ്രഹാം അറിയിച്ചു. എന്നാല്‍, സ്‌പോണ്‍സര്‍മാരെ കിട്ടാത്തതാണ് നിലവില്‍ സംഘം അഭിമുഖീകരിക്കുന്ന പ്രധാന ബുദ്ധിമുട്ട്. ഉപഗ്രഹം വികസിപ്പിക്കാന്‍ നിലവില്‍ 10 ലക്ഷത്തോളം രൂപ ചെലവഴിച്ചു. ഏറ്റവും ചെലവേറിയതും പ്രയാസമേറിയതുമായ ഫാബ്രിക്കേഷന്‍ ഘട്ടത്തിലേക്കാണ് ഇനി പ്രവേശിക്കാനുള്ളത്. ഇതിനായി സ്‌പോണ്‍സര്‍ഷിപ്പോ സര്‍ക്കാര്‍ ധനസഹായമോ തങ്ങള്‍ക്ക് ആവശ്യമാണെന്ന് ലിസി എബ്രഹാം മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.

മൂന്നുവര്‍ഷം മുമ്പാണ് ഉപഗ്രഹം വികസിപ്പിക്കാനുള്ള ആശയവുമായി എല്‍.ബി.എസ്.ഐ.ടി.ഡബ്യൂ. രംഗത്തെത്തുന്നത്. 30 വിദ്യാര്‍ഥിനികള്‍ ചേര്‍ന്നാണ് കുഞ്ഞന്‍ ഉപഗ്രഹം നിര്‍മിച്ചത്. അള്‍ട്രാവയലറ്റ് കിരണങ്ങളെക്കുറിച്ചും അത് കേരളത്തിന്റെ താപനിലയിലും കാലാവസ്ഥാമാറ്റത്തിലുമുണ്ടാക്കുന്ന സ്വാധീനം പഠിക്കാനുമാണ് ഉപഗ്രഹംകൊണ്ട് ലക്ഷ്യമിടുന്നത്.

വിക്രം സാരാഭായ് സ്പേസ് സെന്ററാണ് പദ്ധതിക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നത്. വിക്ഷേപണത്തിന് മുമ്പ് ഐ.എസ്.ആര്‍.ഒയുടെ വിവിധ ഘട്ടങ്ങളിലുള്ള പരിശോധനകളുണ്ടാവും. ഇതില്‍ വിജയിച്ചാല്‍ എല്‍.ബി.എസ്.ഐ.ടി.ഡബ്യൂവിലെ വിദ്യാര്‍ഥിനികളുടെ ദീര്‍ഘനാളത്തെ അധ്വാനത്തിന് ചിറകുലഭിക്കും.


Related Articles

Back to top button