ArticleKeralaLatest

23 വർഷം പഴക്കമുള്ളൊരു സൗഹൃദചിത്രവുമായി അനൂപ് മേനോൻ

“Manju”

സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് അനൂപ് മേനോനും ശങ്കർ രാമകൃഷ്ണനും. വർഷങ്ങളുടെ പഴക്കമുള്ള ആ സൗഹൃദത്തെ ഓർമിപ്പിക്കുന്ന ഒരു ചിത്രം പങ്കുവയ്ക്കുകയാണ് അനൂപ് മേനോൻ ഇപ്പോൾ. 1997ൽ നിന്നുള്ളതാണ് ചിത്രം.

നടൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം ഏറെ ശ്രദ്ധ നേടിയവരാണ് ഇരുവരും. അവതാരകനായി തന്‍റെ കരിയർ തുടങ്ങിയ അനൂപ് മേനോൻ പിന്നീട് ടെലിവിഷൻ സീരിയലുകളിലൂടെയാണ് പ്രേക്ഷകരുടെ ഇഷ്ടം കവർന്നത്. ശ്യാമപ്രസാദിന്റെ ‘ശമനതാളം’ എന്ന സീരിയലിലൂടെയായിരുന്നു അനൂപ് മേനോന്‍റെ തുടക്കം. ‘കാട്ടുചെമ്പകം’ ആയിരുന്നു ആദ്യ സിനിമ. പകൽ നക്ഷത്രങ്ങൾ, കോക്ക്ടെയിൽ, ബ്യൂട്ടിഫുൾ എന്നിവയുടെ തിരക്കഥകൾ തയ്യാറാക്കി തിരക്കഥാകൃത്ത് എന്ന രീതിയിലും അനൂപ് തന്റെ പ്രതിഭ തെളിയിച്ചു.

‘കേരള കഫേ’യിലെ, ‘ഐലൻഡ് എക്സ്പ്രസ്’ എന്ന സിനിമയുടെ കഥയും തിരക്കഥയും എഴുതികൊണ്ടായിരുന്നു ശങ്കർ രാമകൃഷ്ണന്റെ സിനിമ പ്രവേശനം. സന്തോഷ് ശിവന്‍റെ ’ഉറുമി’ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയതോടെ ശങ്കർ രാമകൃഷ്ണന്‍റെ കരിയറും ശ്രദ്ധ നേടി. രഞ്ജിത്ത് ചിത്രം ‘സ്പിരിറ്റി’ലൂടെ അഭിനയത്തിലേക്കും ശങ്കർ രാമകൃഷ്ണൻ ചുവടുവെച്ചു. ‘പതിനെട്ടാം പടി’ എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായും ശങ്കർ അരങ്ങേറ്റം കുറിച്ചിരുന്നു.

ശങ്കർ രാമകൃഷ്ണനു പിന്നാലെ അനൂപ് മേനോനും സംവിധാന രംഗത്തേക്ക് കടക്കുകയാണ് ‘കിങ് ഫിഷ്’ എന്ന ചിത്രത്തിലൂടെ. അനൂപ് സംവിധാനം ചെയ്ത ‘കിങ് ഫിഷ്’ തിയേറ്ററുകളിൽ എത്താനിരിക്കുകയാണ്. യാദൃശ്ചികമായാണ് സംവിധായകന്‍റെ റോൾ അനൂപിനെ തേടിയെത്തുന്നത്. വി.കെ. പ്രകാശായിരുന്നു മുൻപ് ‘കിങ് ഫിഷ്’ സംവിധാനം ചെയ്യേണ്ടിയിരുന്നത്. എന്നാൽ മറ്റൊരു സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് വികെ പ്രകാശ് തിരക്കായതോടെ സംവിധായകന്‍റെ വേഷം കൂടി അനൂപ് മേനോൻ ഏറ്റെടുക്കുകയായിരുന്നു. സംവിധായകൻ രഞ്ജിത്തും ഒരു പ്രധാന റോളിൽ ചിത്രത്തിലുണ്ട്. ഒരു മുഴുനീള കഥാപാത്രമായാണ് രഞ്ജിത്ത് ചിത്രത്തിൽ എത്തുന്നത്. ദശരഥ വർമ എന്ന കഥാപാത്രത്തെ രഞ്ജിത്തും നെയ്മീൻ ഭാസി എന്നു വിളിപ്പേരുള്ള ഭാസ്കര വർമയെന്ന കഥാപാത്രത്തെ അനൂപ് മേനോനും അവതരിപ്പിക്കുന്നു.

മഹാദേവൻ തമ്പി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൽ ദുർഗ കൃഷ്ണയാണ് നായിക. ധനേഷ് ആനന്ദ്, ലാൽ ജോസ്, ഇർഷാദ്, നിരഞ്ജ അനൂപ്, നിസ്സ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. റാന്നി, കുട്ടിക്കാനം, എറണാകുളം , ബെഗളൂരു, ദുബായ് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷനുകൾ. സംഗീതം രതീഷ് വേഗയും കലാസംവിധാനം ദുന്ദുവും നിർവ്വഹിക്കും.

Related Articles

Back to top button