IndiaKeralaLatest

കാസര്‍കോട് നിന്നും കാണാതായ 21കാരിയെ തെലങ്കാനയില്‍ കണ്ടെത്തി

“Manju”

കാസര്‍കോട്: പുല്ലൂര്‍ പൊള്ളക്കടയില്‍ നിന്ന് കാണാതായ ആലിങ്കാല്‍ ഹൗസില്‍ ശ്രീധരന്റെ മകള്‍ കെ. അഞ്ജലി (21)യെ തെലങ്കാനയില്‍ കണ്ടെത്തി. ഒരു ലോഡ്ജില്‍ തനിച്ച്‌ താമസിച്ചു വരുന്നതിനിടെ സംശയം തോന്നിയ മലയാളി സമാജം പ്രവര്‍ത്തകര്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തിലാണ് അമ്ബലത്തറ പൊലീസ് അഞ്ജലിയാണിതെന്ന് കണ്ടെത്തിയത്.
കേസ് അന്വേഷിക്കുന്ന അമ്ബലത്തറ ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയവളപ്പില്‍, എസ്.ഐ മധുസൂദനന്‍, വനിതാ പൊലീസ് രതി എന്നിവര്‍ ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ ഹൈദരാബാദില്‍ എത്തി തെലുങ്കാന പൊലീസുമായി ബന്ധപ്പെട്ടു പെണ്‍കുട്ടിയെ കസ്റ്റഡിയില്‍ വാങ്ങി. ആധാര്‍ കാര്‍ഡ് പരിശോധിച്ചതില്‍ നിന്നാണ് അഞ്ജലിയെ തിരിച്ചറിഞ്ഞത്. ട്രെയിനില്‍ ആണ് ഹൈദരാബാദില്‍ എത്തിയതെന്ന് പറയുന്ന അഞ്ജലി പൊലീസിന്റെ മറ്റു ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തയ്യാറായിരുന്നില്ല.
ഇക്കഴിഞ്ഞ ഏപ്രില്‍ 19 നാണ് അഞ്ജലിയെ വീട്ടില്‍ നിന്നു കാണാതായത്. ഏപ്രില്‍ 25 ന് യുവതിയുടെ വിവാഹം നിശ്ചയിച്ചതായിരുന്നു. യുവതിയുടെ തിരോധാനം സംബന്ധിച്ച്‌ ഏറെ വിവാദമുയര്‍ന്നിരുന്നു. പൊലീസിന്റെ അന്വേഷണത്തില്‍ അഞ്ജലി കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെത്തി ചെന്നൈ മെയിലിന് കയറിയതായി കണ്ടെത്തിയിരുന്നു. ചെന്നൈ മുതല്‍ തെലങ്കാനയില്‍ എത്തുന്നത് വരെ അഞ്ജലി തനിച്ചായിരുന്നു യാത്ര ചെയ്തിരുന്നത്. പള്ളിക്കരയിലെ യുവാവിന്റെ കൂടെ പോയെന്ന സംശയത്തില്‍ അന്വേഷിച്ചെങ്കിലും ഇയാള്‍ ഗള്‍ഫിലാണെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്.
രണ്ടു തവണ പൊലീസ് ചെന്നൈയിലും ബംഗളൂരുവിലും പോയി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ബെംഗളൂരു വഴി ഹൈദരാബാദിലേക്ക് കടന്നെന്ന സംശയം ഉയര്‍ന്നതോടെ പൊലീസ് ആന്ധ്രയിലെയും തെലുങ്കാനയിലെയും മലയാളി സമാജം പ്രവര്‍ത്തകര്‍ക്ക് ലുക്ക് ഔട്ട് നോട്ടീസ് അയച്ചുകൊടുത്തിരുന്നു.
യാത്ര സ്വര്‍ണം വിറ്റ് കാശാക്കി
വിവാഹത്തിന് വീട്ടുകാര്‍ കരുതിവെച്ചിരുന്ന പത്ത് പവന്റെ ആഭരണങ്ങളും എടുത്താണ് അഞ്ജലി വീട്ടില്‍ നിന്ന് പോയത്. ഈ ആഭരണങ്ങള്‍ ചെന്നൈയിലെ ഒരു ജുവലറിയില്‍ വിറ്റുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ആഭരണങ്ങള്‍ വില്‍ക്കുന്ന സിസി ടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. വിവാഹ ജീവിതത്തോട് താല്പര്യം ഇല്ലാത്തതിനാല്‍ നാടുവിട്ടതാണെന്ന് പൊലീസ് കരുതുന്നുണ്ട്.

Related Articles

Back to top button