KeralaLatest

സര്‍ക്കാറിന്‍റെ ചെലവുചുരുക്കല്‍ ; സെക്രട്ടേറിയറ്റിലെ അധികജീവനക്കാരെ തദ്ദേശസ്ഥാപനങ്ങളിലേക്ക് പുനര്‍വിന്യസിക്കുന്നു.

“Manju”

ഇ – ഓഫീസ് വന്നതോടെ സെക്രട്ടേറിയറ്റില്‍ മാത്രം ഇപ്പോള്‍ 554 അറ്റന്‍ഡര്‍മാരും 204 കംപ്യൂട്ടര്‍ അസിസ്റ്റന്‍റമാരും അധികമാണെന്നും അതിനാല്‍ സെക്രട്ടേറിയറ്റിലെ അധികജീവനക്കാരെ തദ്ദേശസ്ഥാപനങ്ങളിലേക്ക് പുനര്‍വിന്യസിക്കണമെന്ന് വിദഗ്ധ സമിതി.

ചെലവുചുരുക്കല്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയുടേയതാണ് നിര്‍ദേശം. സെക്രട്ടേറിയറ്റ് അറ്റന്‍ഡര്‍ 554, സെക്രട്ടേറിയറ്റ് കംപ്യൂട്ടര്‍ അസിസ്റ്റന്‍ഡ് 204, അച്ചടിവകുപ്പ് 90, ബുക്‌സ് ആന്‍ഡ് പബ്ലിഷിങ് സൊസൈറ്റി 113, സ്‌റ്റേഷനറി വകുപ്പ് 52, ആകെ 1013. ഇങ്ങനെയാണ് അധിക ജീവനക്കാരുടെ കണക്ക്. സി.ഡി.എസ്. ഡയറക്ടര്‍ പ്രൊഫ. സുനില്‍ മാണി അധ്യക്ഷനായ സമിതി ഇടക്കാല റിപ്പോര്‍ട്ടാണ് ഇപ്പോള്‍ നല്‍കിയത്.

ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍.കെ. സിങ്, ധനവിനിയോഗ സെക്രട്ടറി സഞ്ജയ് കൗള്‍, നഗരവികസന പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്. അന്തിമ റിപ്പോര്‍ട്ട് ജൂലായില്‍ നല്‍കും.എല്ലാ സര്‍ക്കാര്‍ ഓഫീസിലും ജോലിഭാരത്തെപ്പറ്റി പഠിക്കാന്‍ യോഗ്യതയുള്ള ഏജന്‍സിയെ നിയോഗിക്കണമെന്നും തദ്ദേശസ്ഥാപനങ്ങളിലെ സമാന തസ്തികകളിലേക്ക് സ്വയംമാറാന്‍ അധികമുള്ള ജീവനക്കാര്‍ക്ക് അവസരം നല്‍കണമെന്നും സമിതി നിര്‍ദേശിക്കുന്നു. കൂടാതെ, ആഭ്യന്തരവകുപ്പിലോ നിയമവകുപ്പിലോ ‘ഓഫീസ് ഓഫ് കമ്മിഷണേഴ്‌സ് ഓഫ് എന്‍ക്വയറി’ രൂപവത്കരിക്കണമെന്നും സമിതി നിര്‍ദേശിക്കുന്നു. കേരളത്തിലെ ജയില്‍ച്ചെലവ് വളരെക്കൂടുതലാണെന്നും സമിതി വിലയിരുത്തി. തടവുപുള്ളികള്‍ക്ക് സസ്യാഹാരം നല്‍കാനും മാംസാഹാരം വേണമെങ്കില്‍ അവരില്‍നിന്ന് പണം ഈടാക്കണമെന്നും സമിതി പറയുന്നു.

Related Articles

Back to top button