IndiaLatest

രാജ്യത്ത് കൊവിഡ് കേസുകളില്‍ റെക്കോര്‍ഡ് വര്‍ദ്ധന, 24 മണിക്കൂറിനിടെ 15,968 പേര്‍ക്ക് രോഗം

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 15,968 പേര്‍ക്ക് പുതുതായി കൊവിഡ് ബാധിച്ചു. രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,56,183 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 465 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. ആകെ കൊവിഡ് മരണം 14,476 ആയി വര്‍ദ്ധിച്ചു. നിലവില്‍ 1,83,022 പേരാണ് രാജ്യത്തുടനീളം ചികിത്സയില്‍ തുടരുന്നത്. 2,58,685 പേര്‍ ഇതുവരെ രോഗമുക്തരായി ആശുപത്രിവിട്ടു. ഇതോടെ രോഗമുക്തി 56.7 ശതമാനമാനമായി വര്‍ദ്ധിച്ചു.

ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ 3947 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 66,602 ആയി ഉയര്‍ന്നു. 68 പേര്‍ കൂടി കൊവിഡ് ബാധിച്ച്‌ മരിച്ചു. ഇതോടെ ഡല്‍ഹിയില്‍ മരിച്ചവരുടെ എണ്ണം 2301 ആയി. നിലവില്‍ 24,988 പേര്‍ക്കാണ് രോഗമുള്ളത്.

അതേസമയം ഡല്‍ഹിയില്‍ ആയിരം കിടക്കകളുള്ള പുതിയ കൊവിഡ് ആശുപത്രികള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. പത്ത് ദിവസത്തിനുള്ളില്‍ ആശുപത്രി പ്രവ‍ര്‍ത്തനം തുടങ്ങും. കരസേനക്കാണ് ആശുപത്രിയുടെ നടത്തിപ്പ് ചുമതല.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരും മരണവും 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. 1.40 ലക്ഷത്തോളം ആളുകള്‍ക്ക് മഹാരാഷ്ട്രയില്‍ കൊവിഡ് പിടിപെട്ടു. മരണം 6500 കടന്നു. തമിഴ്‌നാട്ടില്‍ 64000 ത്തിലേറെ രോഗികളുണ്ട്. മരണസംഖ്യ 900ത്തിലേക്ക് അടുക്കുകയാണ്.

അതേസമയം, രാജ്യത്ത് കൊവിഡ് പരിശോധനകള്‍ കൂട്ടാന്‍ നിര്‍ദേശവുമായി ഐ.സി.എം.ആര്‍ രംഗത്തെത്തി. രോഗലക്ഷണങ്ങളുള്ള എല്ലാവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ഐ.സി.എം.ആര്‍ നിര്‍ദേശിക്കുന്നത്. റാപ്പിഡ് ആന്റിജെന്‍ ടെസ്റ്റ് അടക്കമുള്ള വിവിധ കൊവിഡ് പരിശോധന രീതികള്‍ നടപ്പാക്കി പരിശോധനകളുടെ എണ്ണം കൂട്ടാന്‍ സംസ്ഥാനങ്ങള്‍ക്ക് അടക്കം ഐ.സി.എം.ആറിന്റെ നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

Related Articles

Back to top button