InternationalLatest

ഇന്ത്യയുടെ വിദേശനാണ്യ ശേഖരം സര്‍വകാല റെക്കോഡില്‍

“Manju”

ശ്രീജ.എസ്

ആലപ്പുഴ: കേന്ദ്ര സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനം ഉയര്‍ത്തുന്ന മന്ത്രി തോമസ് ഐസക്കും സമ്മതിച്ചു ഇന്ത്യയുടെ വിദേശനാണ്യ ശേഖരം സര്‍വകാല റെക്കോഡിലെന്ന്. ഇന്ത്യയുടെ വിദേശ വിനിമയ കരുതല്‍ ശേഖരം 507 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരിക്കുന്നു. (ഏതാണ്ട് 40 ലക്ഷം കോടി രൂപ). ലോക്ഡൗണ്‍ തുടങ്ങിയപ്പോള്‍ വിദേശവിനിമയ ശേഖരം ഇടിയാന്‍ തുടങ്ങിയതാണ്. എന്നാല്‍ കോര്‍പ്പറേറ്റ് നികുതി ഇളവുകള്‍ പ്രഖ്യാപിച്ചശേഷം ഗതിമാറി. മെയ് മാസത്തില്‍ 12 ബില്യണ്‍ ഡോളറാണ് വര്‍ദ്ധിച്ചത്. ജൂണ്‍ ആദ്യവാരം മൂന്നു ബില്യണ്‍ വര്‍ധിച്ചു. അങ്ങനെ 500 ബില്യണ്‍ രേഖ കടന്നു. ഇന്നിപ്പോള്‍ 507 ബില്യണായി. നിശ്ചയമായും ഇത് ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഗുണകരമാണ്. ഇറക്കുമതി ആയാസരഹിതമാകും. രൂപയുടെ മൂല്യം ഇടിയുന്നതു തടയാനാകും. ഇത്രയും കരുതല്‍ ശേഖരമുള്ളപ്പോള്‍ ഇന്ത്യ സുരക്ഷിതമെന്നു കണ്ട് കൂടുതല്‍ വിദേശമൂലധനം വരുമെന്നും ഐസക്ക് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

വ്യാപാരം പോലെതന്നെ വിദേശമൂലധനം വരുമ്പോള്‍ നമുക്ക് ഡോളര്‍ കിട്ടും. വിദേശമൂലധനം പോകുമ്ബോള്‍ ഡോളര്‍ ചുരുങ്ങും. അതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. വിദേശ വിനിമയ ശേഖരം പെരുകുന്നത് വ്യാപാരക്കമ്മി ഇല്ലാതായതുകൊണ്ടല്ല. സാമ്പത്തിക തകര്‍ച്ചയിലാണെങ്കിലും വിദേശമൂലധനം ഷെയര്‍മാര്‍ക്കറ്റിലും മറ്റും കളിക്കുന്നതിനു വേണ്ടി ഇന്ത്യയിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടാണ്. അവരെ ആകര്‍ഷിക്കാനുതകുന്ന നയമാണ് ഇന്ത്യാ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിനുവേണ്ടിയാണ് ഉത്തേജക പാക്കേജു പോലും കടിഞ്ഞാണിട്ട് നിര്‍ത്തിയത്.

ഇപ്പോഴെല്ലാം ഭദ്രമെന്നു കരുതി നാളെയും ഇങ്ങനെ തുടരുമെന്ന് കരുതരുതെന്നും ഐസക്ക് പറയുന്നു. വിദേശത്തുനിന്നും വരുന്ന ഈ മൂലധനത്തിന് എപ്പോള്‍ വേണമെങ്കിലും വന്നതുപോലെ തിരിച്ചുപോകാം. വിദേശമൂലധനത്തെ പ്രീതിപ്പെടുത്താനുള്ളതെല്ലാം ചെയ്തുകൊണ്ടിരുന്നേ പറ്റൂ. അവര്‍ അപ്രീതരായാല്‍ കാറ്റുപോകുന്ന ബലൂണ്‍ പോലെ ഈ വിദേശനാണയ ശേഖരം ചുരുങ്ങും. രാജ്യം അഗാധമായ പ്രതിസന്ധിയിലേയ്ക്ക് കൂപ്പുകുത്തുമെന്നും ഐസക്ക് പറയുന്നു.

Related Articles

Back to top button