KeralaLatest

മുഖ്യമന്ത്രി അപഹാസ്യനാവുന്നത് കേന്ദ്രസർക്കാരുമായി ആലോചിക്കാതെ കാര്യങ്ങൾ ചെയ്യുന്നതിനാൽ: കെ.സുരേന്ദ്രൻ

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തിൻെറ പരിധിക്കപ്പുറമുള്ള കാര്യങ്ങൾ കേന്ദ്രസർക്കാരുമായി ആലോചിക്കാതെ സ്വയം പ്രഖ്യാപിച്ച് അപഹാസ്യനാവുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. തിരിച്ചുവരുന്ന എല്ലാവരും കൊവിഡ് ടെസ്റ്റ് നിർബന്ധമായും നടത്തണമെന്ന് പറഞ്ഞ സംസ്ഥാന സർക്കാർ ഇപ്പോൾ പി.പി.ഇ കിറ്റ് മതിയെന്നാണ് പറയുന്നത്. പി.പി.ഇ കിറ്റുള്ളവർക്ക് തിരിച്ചുവരാം എന്നു പറയുന്ന മുഖ്യമന്ത്രി കിറ്റ് ആര് കൊടുക്കുമെന്നും എങ്ങനെ കൊടുക്കുമെന്നും പറയാതെ ഉരുണ്ട് കളിക്കുകയാണ്. തിരുവനന്തപുരം സംസ്ഥാന കാര്യാലയത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കിറ്റ് വിമാനകമ്പനി കൊടുക്കുമെന്ന് പറയുന്ന സംസ്ഥാന സർക്കാർ ഈ കാര്യത്തിൽ കേന്ദ്രസർക്കാരുമായി ആശയവിനിമയം നടത്താൻ തയ്യാറാവുന്നില്ല. ഓരോ ദിവസവും പുതിയ നൂലാമാലകളുണ്ടാക്കി പ്രശ്നം വഷളാക്കുകയാണ് പിണറായി വിജയൻ ചെയ്യുന്നത്. മലയാളിയായ വിദേശകാര്യസഹമന്ത്രി വി.മുരളീധരൻെറ നേതൃത്വത്തിൽ കേന്ദ്രസർക്കാർ സ്തുത്യർഹമായ പ്രവർത്തനം നടത്തുമ്പോൾ അതിന് പാരവെക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. എന്നാൽ സംസ്ഥാനം എത്ര ദ്രോഹിച്ചാലും പ്രവാസി വിഷയത്തിൽ കേന്ദ്രസർക്കാർ പിന്നോട്ടില്ല. മുഖ്യമന്ത്രിയുടെ മണ്ടത്തരങ്ങൾ കാരണം 10 ദിവസമായി നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾ തീ തിന്നുകയാണ്. നോർക്കവഴി രജിസ്റ്റ‌ർ നടത്താൻ പറഞ്ഞ് ലക്ഷക്കണക്കിന് പ്രവാസികളെ സർക്കാർ എന്തിനാണ് പറ്റിച്ചതെന്ന് സുരേന്ദ്രൻ ചോദിച്ചു. കൊവിഡ് പൊസിറ്റീവായവരെ പ്രത്യേക വിമാനത്തിൽ എത്തിക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി മണ്ടത്തരം മനസിലാക്കി അത് വിഴുങ്ങി. പിന്നീടും മണ്ടത്തരങ്ങളുടെയും തിരുത്തലുകളുടേയും ഘോഷയാത്രയായിരുന്നു. ഇങ്ങനെ തുടർച്ചയായി തീരുമാനങ്ങൾ മാറ്റിയ ഏതെങ്കിലും സംസ്ഥാന സർക്കാരുകൾ രാജ്യത്തുണ്ടോയെന്നും സുരേന്ദ്രൻ പരിഹസിച്ചു.
ഇടയ്ക്കിടെ നിലപാട് മാറ്റി പറയുന്നതിലൂടെ പ്രവാസികളുടെ മടങ്ങിവരവ് മുടക്കുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം.

പ്രവാസികളെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവഗണിക്കുകയാണെന്ന് പറയുന്ന യു.ഡി.എഫ് ഇന്ത്യയിൽ തിരിച്ചെത്തിയ പ്രവാസികളിൽ പകുതിയിലേറെ പേരും മലയാളികളാണെന്നത് വിസ്മരിക്കരുത്. ഒന്നര മാസം കൊണ്ട് തിരിച്ചുവരാൻ ആഗ്രഹിക്കുന്ന എല്ലാവരെയും നാട്ടിലെത്തിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. 10 വർഷം യു.പി.എ രാജ്യം ഭരിച്ചപ്പോൾ പ്രവാസികളുടെ അവസ്ഥ എന്തായിരുന്നെന്ന് എല്ലാവർക്കുമറിയാം. ഒരു ലക്ഷത്തോളം വരുന്ന മലയാളികൾ നാട്ടിൽ തിരിച്ചെത്തിയിട്ടുണ്ടെങ്കിൽ അത് കേന്ദ്രസർക്കാരിൻെറ ഇടപെടൽ കൊണ്ടുമാത്രമാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

അംഗങ്ങൾക്ക് നല്ല യോഗ്യത,ചെയ‌ർമാന് പാർട്ടി യോഗ്യത ബാലാവകാശകമ്മീഷനിൽ അംഗങ്ങൾക്ക് നല്ല യോഗ്യതയും ചെയർമാന് പാർട്ടി യോഗ്യതയുമാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. വാളയാർ പോലുള്ള സംഭവങ്ങൾ നടക്കുമ്പോൾ പോക്സോ കേസുകളിൽ രാഷ്ട്രീയ ഇടപെടൽ നടത്താനാണ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പാർട്ടിക്കാരനെ കമ്മീഷൻ ചെയർമാനാക്കാൻ സർക്കാർ തീരുമാനിച്ചത്. വനിതാകമ്മീഷൻ തുറന്ന് പറഞ്ഞതു പോലെ ഭരണഘടനാ സ്ഥാപനങ്ങളിലെല്ലാം പാർട്ടി കോടതിയും പാർട്ടി പൊലീസിനെയും അനുസരിക്കുന്നവരെ തിരുകികയറ്റുകയാണ് പിണറായി സർക്കാരെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

ബംഗാളിലെ സി.പി.എം- കോൺഗ്രസ് സഖ്യം കേരള നേതാക്കൾ നിലപാട് വ്യക്തമാക്കണം. പശ്ചിമ ബംഗാളിലെ സി.പി.എം- കോൺഗ്രസ് പരസ്യ സംഖ്യത്തെ കുറിച്ച് കേരളത്തിലെ സി.പി.എം- കോൺഗ്രസ് നേതാക്കൾ നിലപാട് വ്യക്തമാക്കണമെന്ന് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇരുപാർട്ടിയുടേയും ദേശീയനേതൃത്വങ്ങളും കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയും സഖ്യത്തെ പിന്തുണച്ച സ്ഥിതിക്ക് ബന്ധം കേരളത്തിലേക്കും വ്യാപിപ്പിക്കാൻ തയ്യാറാണോയെന്ന് സംസ്ഥാന നേതാക്കൾ വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Related Articles

Back to top button