KeralaLatestThiruvananthapuram

പുതിയ ബസ് പോർട്ടുകൾ പണിയാൻ കെഎസ്ആർടിസി

“Manju”

 

തിരുവനന്തപുരം • നിർമിച്ച വ്യാപാര സമുച്ചയങ്ങൾ അനാഥാവസ്ഥയിൽ നഷ്ടത്തിൽ കിടക്കുമ്പോൾ പുതിയ ബസ് പോർട്ടുകൾ നിർമിക്കാനുള്ള നീക്കവുമായി കെഎസ്ആർടിസി. ഗതാഗത വകുപ്പിന്റെ ഇ മൊബിലിറ്റി പദ്ധതിയുടെ കൺസൽറ്റൻസി സംബന്ധിച്ച് ആരോപണ വിധേയമായ പ്രൈസ്‌ വാട്ടർ‌ഹൗസ് കൂപ്പേഴ്സ്, റീബിൽഡ് കേരളയുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന കെപിഎംജി ഉൾപ്പെടെ 3 കമ്പനികളെയാണു വിശദ പദ്ധതി രേഖ (ഡിപിആർ) തയാറാക്കാൻ ഏൽപിക്കുന്നത്. ഡിപിആർ തയാറാക്കുന്നതിന് 6 കോടി രൂപയാണ് നൽകേണ്ടത്. ഏൺസ്റ്റ് ആൻഡ് യങ് ആണ് മൂന്നാമത്തെ കമ്പനി.

തിരുവനന്തപുരം, അങ്കമാലി, തിരുവല്ല, കോഴിക്കോട് എന്നിവിടങ്ങളിൽ കെഎസ്ആർടിസി നിർമിച്ച വ്യാപാര സമുച്ചയങ്ങൾ ഇപ്പോഴും നഷ്ടത്തിലാണ്. കടമുറികൾ ഒഴിഞ്ഞുകിടക്കുന്നു. ഇതിന്റേതടക്കം വർഷം 1700 കോടിയുടെ കടമാണു കെഎസ്ആർടിസിക്ക്. ഇതു കൂടാതെ കെഎസ്ആർടിസിയുടെ 25 സ്ഥലങ്ങളിൽ നിർമാണം പൂർത്തിയാകാത്ത വ്യാപാര സമുച്ചയങ്ങൾ പാതിവഴിയിൽ കിടക്കുന്നു. 25 കോടിയുണ്ടെങ്കിലേ ഇതൊക്കെ പൂർത്തിയാക്കാനാകൂ.

പുതിയ ബസ് പോർട്ടുകളുടെ കാര്യത്തിൽ കെഎസ്ആർടിസിയുടെ ഉന്നത തലത്തിൽ വിരുദ്ധാഭിപ്രായമുണ്ടായെങ്കിലും സർക്കാരിൽ നിന്നു സമ്മർദമുണ്ടായതോടെ ഉദ്യോഗസ്ഥ കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഓരോ ഡിപിആറിനും നൽകേണ്ട 2 കോടി രൂപയിൽ 10% വീതം ഓരോ മാസവും നൽകണമെന്നായിരുന്നു കമ്പനിയുടെ ആവശ്യം. ഇതിനെ എതിർത്ത കെഎസ്ആർടിസി 3 മാസത്തിലൊരിക്കൽ 10% വീതം 60% തുക നൽകിയ ശേഷം ബാക്കി ഡിപിആർ കൈമാറിക്കഴിഞ്ഞു നൽകാമെന്നു നിലപാടെടുത്തെങ്കിലും ഇതിലും തർക്കമുണ്ടായി.

കെഎസ്ആർടിസി കംപ്യൂട്ടർവൽക്കരണത്തിനു ഡിപിആർ തയാറാക്കാനും പ്രൈസ്‌വാട്ടർ‌ഹൗസ് കൂപ്പേഴ്സിനെ സർക്കാർ നിയോഗിച്ചിരുന്നു. 2 കോടി രൂപയായിരുന്നു ഇതിനും. എന്നാൽ, കെഎസ്ആർടിസി ഉദ്യോഗസ്ഥർ സ്വന്തം നിലയിൽ ഡിപിആർ ഉണ്ടാക്കി ആ പണം ലാഭിച്ചു.

സ്വകാര്യബസുകളും കെഎസ്ആർടിസി ബസുകളും ഇവിടെ കയറിപ്പോകും. ഓരോ സ്ഥലത്തിന്റെയും സാധ്യതകൾ അനുസരിച്ചാകും അവിടെ വ്യാപാര സമുച്ചയം വേണോ ഹോട്ടൽ വേണോ എന്നൊക്കെ തീരുമാനിക്കുക. ഓട്ടോ സ്റ്റാൻഡും ടാക്സി സ്റ്റാൻഡുമൊക്കെയുണ്ടാകും. ഓട്ടോയും ടാക്സിയും ഇവിടെ ഇടുന്നതിന് കെഎസ്ആർടിസിക്ക് പണം കൊടുക്കണം. ബസ് പോർട്ടിലെത്തുന്ന സ്വകാര്യബസുകളും കെഎസ്ആർടിസിക്ക് പണം നൽകും. സ്റ്റാൻഡിലെത്തുന്നവർക്കു താമസസൗകര്യവും ഒരുക്കും. ഓരോ ജില്ലയിലും ഏതൊക്കെ തരത്തിലുള്ള ബസ് പോർട്ടാണു വേണ്ടതെന്നാണു പഠിക്കുന്നത്.

‘കെഎസ്ആർടിസിയുടെ കൈവശമുള്ളത് 5000 കോടി രൂപ വിലമതിക്കുന്ന വസ്തുക്കളാണ്. ഇതിൽ നിന്നു വരുമാനം കണ്ടെത്തിയെങ്കിലും കടം വീട്ടണം. വ്യാപാര സമുച്ചയങ്ങൾ ദീർഘദൃഷ്ടിയില്ലാതെ നിർമിച്ചതിനാലാണു നഷ്ടത്തിലായത്. ഓരോ ജില്ലയിലും എന്തൊക്കെ നിർമിച്ചാൽ ലാഭത്തിലാകുമെന്നു പഠിക്കാനാണ് ഇൗ കമ്പനികളെ ഏൽപിക്കുന്നത്. ഇതിനു ചർച്ച നടക്കുന്നേയുള്ളൂ. ധാരണയിൽ എത്തിയിട്ടില്ല.’

ബിജു പ്രഭാകർ, കെഎസ്ആർടിസി എംഡി

Related Articles

Back to top button