എഴുത്തിടം | Ezhuthidam

രാത്രികൾ ഉറങ്ങുന്നില്ല

“Manju”

ഹരീഷ് റാം…

താരകങ്ങൾ പൂത്തുലഞ്ഞ ആകാശമാകെ നിലാവുണ്ടായിരുന്നു. റോഡിൽ തെളിഞ്ഞു നിൽക്കുന്ന സ്ട്രീറ്റ് ലൈറ്റിനു ചുറ്റും പ്രാണികൾ മത്സരിച്ച് വലം വെക്കുന്നത് നോക്കിയിരിക്കുമ്പോൾ, അവളുടെ ക്ഷീണിച്ച ഹൃദയമിടിപ്പ് എനിക്ക് കേൾക്കാമായിരുന്നു.

വൈറസിന്റെ അട്ടക്കാലുകൾ പതുങ്ങി നടക്കുന്ന, സ്പെയിനിലെ രാത്രികളും ഉറങ്ങിയിരുന്നില്ല. മാസ്ക് ധരിച്ച മുഖത്തെ കണ്ണുകൾ തുറന്ന്, അവളുറക്കം തൂങ്ങുകയാണ്. അവൾ നേഴ്സായി ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ ‘, അഡ്മിറ്റായിരിക്കുന്നവരിൽ ആരു വേണമെങ്കിലും, ഉറക്കത്തിന്റെ ആഴങ്ങൾ തേടാം. മൗനത്തിന്റെ ഇരുട്ടിലേക്ക് കടന്നു പോയവർ ബാക്കി വെച്ച, വൈറസിന്റെ വറ്റുകൾക്കിടയിൽ, സ്വയം പ്രതിരോധം തീർക്കുകയാണവൾ. ഇവിടെ വേട്ടക്കാരന് തളർച്ചയില്ല. ഇരക്കും ഇരയുടെ കാവലാളിനും ഒരേ കിതപ്പാണ്. സകല ചലനങ്ങളേയും നിശ്ചലമാക്കിയ വേട്ടക്കാരൻ, അവൻ പോലും അറിയാതെ ഇരകളെ കാത്തിരിക്കുകയാണ്.

അവൾ നട്ട മുല്ലച്ചെടി ഇന്നൊരു പൂവിനെ പെറ്റു. അതവൾ അറിഞ്ഞില്ല. നിലാവെട്ടത്തിൽ, പൂവിന്റെ നുണക്കുഴിയിൽ മഞ്ഞുകണമിരുന്ന് തിളങ്ങുന്നത് ജനലിലൂടെ എനിക്ക് കാണാമായിരുന്നു. വിളിക്കുമ്പോഴൊക്കെ മുല്ല പൂത്തോയെന്ന്, മറക്കാതെ അവൾ അന്വക്ഷിച്ചിരുന്നു. ഇന്നലെ മാത്രം അവൾ ചോദിച്ചില്ല. മുല്ലപൂവിനെ, മുടിയിൽ തിരുകാൻ അവൾക്കേറെ ഇഷ്ടമായിരുന്നു. അവൾ വാട്ട്സ് അപ്പിൽ അയച്ചു തന്ന, സെൽഫിയിൽ, മാസ്കിന്റെ അരികുകൾ വരച്ച പാടുകളിൽ , ചോര കനലായി എരിഞ്ഞിരുന്നു.

ചാനലുകളിലെ ബ്രേക്കിംഗ് ന്യൂസുകളിലൊന്നും സമാധനത്തിന്റെ വെള്ളരി പ്രാവുകൾ ചിറകടിച്ചില്ല. രാവിലത്തെ വാർത്തകളൊരുക്കി, അവരും ഉറങ്ങാതെയിരിക്കുകയാണ്. ടി വി ഓഫ് ചെയ്ത്, ഞാൻ സിറ്റൗട്ടിൽ ചെന്നിരുന്നു.

നിലാവും മുല്ലപ്പൂവും എന്തോ അടക്കം പറയുന്നുണ്ട്. ഞാനുറങ്ങാത്തത് കൊണ്ട് അവർക്ക് ഉറങ്ങാൻ തോന്നില്ലായെന്നായിരിക്കുമോ. “ഇനിയെത്ര ദിവസങ്ങളിങ്ങനെ …. ജൂലൈയിലെങ്കിലും നാട്ടിലെത്താൻ പറ്റുമോ “.. ഇന്നു വിളിച്ചപ്പോൾ അവൾ ചോദിച്ചു. ” നീ വിഷമിക്കണ്ട..എല്ലാം ശരിയാകും ” എന്നല്ലാതെ എനിക്ക് ഒന്നും പറയാനില്ലായിരിന്നു. ഉറക്കത്തിന്റെ വാതിലുകൾ തുറന്നാലുടൻ, അട്ടക്കാലുകൾ ഇഴഞ്ഞു വരുന്നതായി അവൾ സ്വപ്നം കാണുകയാണ്.

മുല്ല പൂവിന്റെ ഫോട്ടോ ഞാനവൾക്ക് വാട്ട്സപ്പിൽ അയച്ചുകൊടുത്തു. നീല ടിക്കുകൾ തെളിഞ്ഞെങ്കിലും, അവൾ മറുപടിയൊന്നും എഴുതിയില്ല.

 

Related Articles

Check Also
Close
Back to top button