ArticleLatestഎഴുത്തിടം | Ezhuthidam

രാമായണമാസം അവസാനിക്കുമ്പോൾ നിശബ്ദ തപസ്വിനിയായ ഊർമിളയെ കൂടി നമുക്ക് ഓർമിക്കാം

“Manju”

ആർഷ രമണൻ

പുത്രസ്നേഹം കൊണ്ട് വിവേകത്തിന്റെ കണ്ണടഞ്ഞു പോയ സ്വാർത്ഥിയായ കൈകേയിയും,അവരുടെ മനസ്സിൽ വിഷം കടത്തിവിടുന്ന മന്ദരയും,പതിവ്രതാ ധർമവും ഭർതൃധർമവും പരിപാലിക്കുന്നത് ജീവിതത്തിൽ മറ്റെന്തിനേക്കാളും മഹത്തരമാണെന്ന് വിശ്വസിച്ചു ജീവിച്ച മണ്ഡോദരിയും, താരയും അങ്ങനെ അങ്ങനെ നിരവധി ഉദാത്ത കഥാപാത്രങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുന്ന രാമായണത്തിൽ ആദികവി സീതയുടെ നിഴൽ കൊണ്ട് മറച്ചൊരു പെണ്ണുണ്ട്… അധികമാരാലും ശ്രദ്ധിക്കപ്പെടാതെ പോയൊരു അമൂല്യ രത്നം… ഊർമിള

അവഗണനയിലായ ഒരു സ്ത്രീ കഥാപാത്രം എന്നതിലുപരി രാമായണത്തിലെ സ്ത്രീ ജീവിതങ്ങളിൽ ഊർമ്മിളയോട് പ്രത്യേകിച്ചൊരു മമത നമുക്കുണ്ട്..സീതാ പരിത്യാഗസമയത്ത് സീതയെ ഉപേക്ഷിക്കരുത് എന്ന് രാമനോട് പറഞ്ഞ ഒരേ ഒരാളും ഊര്മിളയാണ്. പതിയുടെ അസാന്നിധ്യത്തിലും തന്റെ കടമകൾ മറക്കാത്ത ഊർമിള..

സീതയെ കവിയും കാലവും വർണ്ണിച്ചപ്പോൾ നിഴലായി മാറി പോയ ഊർമിള.. എവിടെയും അവഗണിക്കാൻ മാത്രം വിധിക്കപ്പെട്ട ജന്മം.. ജനകന്റെ രക്തത്തിൽ പിറന്നിട്ടും ജാനകിയാകാത്തവൾ… മിഥിലാപുരിയുടെ ഏക അവകാശി ആയിരുന്നിട്ടും മൈഥലിയാകാത്തവൾ..പതിനാലു വർഷം വിരഹ ദുഃഖം അനുഭവിച്ചിട്ടും വൈദേഹി ആകാത്തവൾ…രാമായണം മുന്നോട്ടു വയ്ക്കുന്ന ത്യാഗത്തിന്റെ സന്ദേശങ്ങളിൽ ചെറുതല്ലാത്ത പങ്കു വഹിക്കുന്നുണ്ട് ഊർമ്മിള. വനവാസത്തിനായി പുറപ്പെടുന്ന ലക്ഷമണനോട് കൂടെ ഞാനും വരട്ടെ എന്ന് ഊർമിള മനസ്സ് കൊണ്ട് ചോദിച്ചിട്ടുണ്ടാവില്ലേ..? ആരുമില്ലാത്തവളായിതീർന്ന ഊർമിളയുടെ നെടുവീർപ്പുകൾ ആ വലിയ രാജകൊട്ടാരത്തിന്റെ മൂലയിൽ ഏകാന്തതയിൽ മാത്രം ഒതുങ്ങിയിട്ടുണ്ടാവില്ലേ…? അവളുടെ പ്രണയപൂർണമായ സ്മരണകൾ എത്ര പ്രാവശ്യം ലക്ഷമണനെ തേടി അലഞ്ഞിട്ടുണ്ടാവും..എന്നാൽ ലക്ഷ്മണനാകട്ടെ ഊർമ്മിളയെ പരിപൂർണമായും മറന്നു. ഒരു പ്രാവശ്യം പോലും ഊർമിളയുടെ സ്മരണ ലക്ഷ്മണനെ അലട്ടുന്നില്ല. ഒരു വാക്കുപോലും ലക്ഷ്മണൻ ഓർമയ്ക്കായി നൽകുന്നുമില്ല. സ്വന്തം ജീവിതം സീതയ്ക്കും രാമനുമായി ഉഴിഞ്ഞു വച്ചപ്പോൾ ഏറ്റവും മഹത്തായ സഹോദരസങ്കല്പമായി ലക്ഷ്മണൻ വാഴ്ത്തപ്പെട്ടു.എന്നാൽ എല്ലാ ചുമതലകളിൽ നിന്നും ലക്ഷ്മണനെ മുക്തനാക്കി ഒരു വാക്കുകൊണ്ടോ നോക്കു കൊണ്ടോ പോലും എതിർക്കാതെ സ്വന്തം ജീവിതത്തിലെ എല്ലാ സുഖങ്ങളും ത്യജിച്ചു അരങ്ങിന് പിന്നിലേക്ക് നടന്നു നീങ്ങിയ ഊര്മിളയെ ആരും അറിഞ്ഞില്ല . ഊർമിള രാമായണത്തിലെ ശക്തയായ സ്ത്രീ കഥാപാത്രം തന്നെയാണ്. തന്റെ ഭർത്താവ് വനവാസത്തിനു പോകുന്നു എന്നറിഞ്ഞപ്പോൾ പോയി വരൂ.. ഞാൻ അമ്മമാരെ നോക്കി കൊട്ടാരത്തിൽ കഴിഞ്ഞോളാം.. എന്നെ ഓർത്ത് വിഷമിക്കേണ്ട.. ഞാൻ എന്നും അങ്ങയെ ഓർക്കും… പക്ഷേ ഒരു നിമിഷം പോലും അങ്ങ് എന്നെ ഓർക്കരുത് എന്ന് പറഞ്ഞ പതിവ്രതയായ ഊർമിള നമ്മുക്കേവർക്കും മാതൃകയാണ്. ചിന്തിക്കാനാകുമോ ആ ത്യാഗത്തെ പറ്റി…

ദുഖിപ്പതില്ലീ നേരമെനിക്ക് മംഗളം നേർന്നീടുവാൻ കാമിച്ചീടുന്നു…
എന്ന് പറയുന്നത് 24000 ശീലുകൾ ഉള്ള രാമായണത്തിലെ പരിമിതമായ വരികളിൽ മാത്രം വർണ്ണന ചുരുങ്ങിയ ഊർമിള എന്ന നിരുപമ കഥാപാത്രത്തെ കുറിച്ചാണ്.

ശ്രീരാമനോടൊപ്പം വനവാസത്തിനായി പോകുവാൻ ലക്ഷ്മണൻ തീർച്ചയാക്കിയ സമയത്ത് ഞാൻ എപ്പോഴും എന്നും ശ്രീരാമപാദത്തോടൊപ്പം ഉണ്ടാകും അതിന് ഇളക്കം ഉണ്ടാവില്ല നിശ്ചയമെന്ന് ലക്ഷ്മണൻ പറയുന്നു. അപ്പോൾ സീതയും ശക്തമായി തന്നെ രാമനോട് പറഞ്ഞു തനിക്കും ശ്രീരാമപാദമല്ലാതെ മറ്റൊരു സങ്കല്പം ഇല്ല സത്യമെന്ന്…അപ്പോഴും അവൾക്ക് മാത്രം നീരസങ്ങളില്ലായിരുന്നു.. ആക്ഷേപങ്ങളും ഇല്ലായിരുന്നു.. പക്ഷേ
14 വർഷം തന്നെ വിട്ടുപിരിയുന്ന ഭർത്താവിന് മംഗളം നേരുമ്പോൾ കൂടെ ഞാനും വരട്ടെ എന്ന അവളുടെ ചോദ്യത്തിന്, ‘വേണ്ട കൃത്യനിർവഹണഭംഗം ആകരുത്’ എന്ന് ലക്ഷ്മണൻ പറയുമ്പോൾ നിസ്സഹായയായ ആ സ്ത്രീ ഹൃദയം നാം കാണാതെ പോകരുത്.വനത്തിൽ ഉറങ്ങാതിരിക്കുന്ന തന്റെ ഭർത്താവിന് തന്നെ ഓർമ്മ വരാതിരിക്കുവാനുള്ള വരം നിദ്രാദേവിയോട് ചോദിച്ച അവളോളം ശ്രേഷ്ഠത മറ്റൊരു സ്ത്രീക്ക് ഉണ്ടാകുമോ… നിയോഗത്തിന് ഭംഗം വരാതിരിക്കുവാൻ തന്റെ ഓർമ്മകളെ പോലും പതിയിൽ നിന്ന് മായ്ക്കാൻ ശ്രമിച്ച പതിവ്രത..

ഊർമിള രാജകുമാരിയോട് ഒരിക്കൽ അമ്മ കൗസല്യ ചോദിച്ചിട്ടുണ്ട് ലക്ഷ്മണന് വാക്ക് കുറവാണ്, നിനക്കതിൽ വിഷമം ഉണ്ടോയെന്ന്. അപ്പോഴുമവൾ ദൃഢനിശ്ചയത്തോടെ തന്നെ പറഞ്ഞു ഇല്ല അഭിമാനമാണ് എനിക്ക്.. അനാവശ്യമായ ഒരു വാക്കു പോലും അദ്ദേഹത്തിൽ നിന്ന് വരുന്നത് ഞാൻ കേട്ടിട്ടില്ല എന്ന്..

മനുഷ്യ ഹൃദയങ്ങളിൽ മായാത്ത മുദ്ര പതിപ്പിച്ചു കൊണ്ട്, കാലത്തെ അതിജീവിച്ച്, എക്കാലവും മാറിമറിഞ്ഞു കൊണ്ടിരിക്കുന്ന തലമുറകൾക്കാകെ മാതൃകയാക്കാൻ നിശബ്ദ തപസ്വിനിയായ ഉർമിളയിലൂടെ വാത്മീകിക്ക് സാധിച്ചിട്ടുണ്ട്.കാരണം അത്തരത്തിലുള്ളൊരു ശാശ്വതമായ വശ്യതയിലാണ് ആദി കവി രാമായണം രചിച്ചിരിക്കുന്നത്.കാട്ടിലേക്കുള്ള യാത്രാവേളയില്‍ ലക്ഷ്‌മണന്‍ ഊര്‍മ്മിളയോട്‌ ഒന്നേ ആവശ്യപ്പെട്ടുള്ളു… കരയരുത്‌…. അത്‌ ഊര്‍മ്മിള പാലിച്ചു. കരുത്തുറ്റ മനസ്സിന്റെ ഉടമ എന്നതിനേക്കാള്‍ ഭര്‍ത്താവിന്റെ വാക്കിനു വില കല്‍പ്പിക്കുന്ന ഒരു ഭാര്യയായി മാറുന്നു അവൾ .വനവാസക്കാലം പതിനാലു കൊല്ലമാണ്‌. ആ കാലമെല്ലാം ഒരു തുള്ളി കണ്ണുനീര്‍ പോലും ചൊരിയാതെ ഊര്‍മ്മിള അമ്മമാരെയും പിതാവിനെയും ശുശ്രൂഷിച്ചിടത്താണ് ഊര്മിളയെന്ന കഥാപാത്രം അസാധാരണ വലിപ്പമാർജ്ജിക്കുന്നത് .ത്യാഗത്തിന്റെയും നിർലോഭ സ്നേഹത്തിന്റെയും, പതിവ്രത്യത്തിന്റെയും ഉദാത്തമായ മാതൃകയായി നമുക്ക് സംശയലേശമന്യേ ചൂണ്ടി കാണിക്കുവാൻ നമുക്ക് മുന്നിൽ ഒരു ഊർമിളയുമുണ്ട് എന്ന് മറക്കാതെ ഇരിക്കുക..

Related Articles

Back to top button