IndiaLatest

വിവാഹത്തില്‍ പങ്കെടുത്തവര്‍ 95 പേര്‍ക്ക് കോവിഡ്, വരന് കോവിഡ് മരണവും

“Manju”

പാറ്റ്ന: കൊവിഡ് ബാധിച്ച്‌ നവവരന്‍ മരിച്ചു. ബീഹാറിലെ പാറ്റ്നയിലായിരുന്നു സംഭവം. വിവാഹം കഴിഞ്ഞ് രണ്ടാംദിവസമാണ് യുവാവ് മരിച്ചത്. വിവാഹത്തില്‍ പങ്കെടുത്ത 95 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗുരുഗ്രാമില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി ജോലിനോക്കുന്ന മുപ്പതുകാരനാണ് മരിച്ചത്. കൊവിഡ് പരിശോധന നടത്താതെയാണ് യുവാവിന്റെ മൃതദേഹം അടക്കിയത്.

നവവരന് കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടെന്ന് ചടങ്ങില്‍ പങ്കെടുത്ത ചിലര്‍ സംശയം പ്രകടിപ്പിച്ചു. ഇതിനെത്തുടര്‍ന്നാണ് അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും പരിശോധനയ്ക്ക് വിധേയരാക്കിയത്. ആദ്യ പരിശോധനയില്‍ പതിനഞ്ചുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സമ്പര്‍ക്കപ്പട്ടികയിലുള്ള നൂറോളംപേരെ പരിശോധനയ്ക്ക് വിധേയരാക്കി. ഇതിലാണ് എണ്‍പതുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. യുവാവിന്റെ മരണം ബന്ധുക്കള്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചില്ലെന്നും അനുമതി ലഭിക്കുന്നതിന് മുന്‍പ് തന്നെ മൃതദേഹം മറവുചെയ്തതാണ് ഇത്രയും ഗുരുതര സാഹചര്യത്തിലേക്ക് എത്തിച്ചതെന്നുമാണ് അധികൃതര്‍ അറിയിച്ചത്.

വിവാഹവുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസമാണ് യുവാവ് നാട്ടിലെത്തിയത്. ഈ സമയം രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. ഇയാള്‍ക്ക് എവിടെനിന്നാണ് രോഗം ബാധിച്ചതെന്നും വ്യക്തമല്ല.

പ്രദേശത്ത് അതി ജാഗ്രത പ്രഖാപിച്ചിരിക്കുകയാണ്. കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്നറിയാന്‍ കൂടുതല്‍ പരിശോധന നടത്താന്‍ ഒരുങ്ങുകയാണ് അധികൃതര്‍.

Related Articles

Back to top button