IndiaLatest

കൊറോണില്‍ കോവിഡ് സുഖപ്പെടുത്തുമെന്ന് പറഞ്ഞിട്ടില്ല : പതഞ്ജലി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: പതഞ്ജലി നിര്‍മിച്ച കൊറോണില്‍ എന്ന മരുന്ന് കോവിഡിനെ ചികിത്സിച്ച് ഭേദപ്പെടുത്തുമെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്ന് കമ്പനി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ആചാര്യ ബാലകൃഷ്ണന്‍. ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അനുകൂല ഫലങ്ങള്‍ പങ്കിടുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് ദിവസങ്ങള്‍ക്കുള്ളില്‍ സുഖപ്പെടുമെന്നും 280-ഓളം രോഗികളില്‍ ഇത് പരീക്ഷിച്ച് വിജയം കണ്ടെത്തിയെന്നും അവകാശപ്പെട്ട് കഴിഞ്ഞ ആഴ്ചയാണ് ബാബ രാംദേവും ആചാര്യ ബാലകൃഷ്ണയും കൊറോണില്‍ എന്ന ആയുര്‍വേദ മരുന്ന് പുറത്തിറക്കിയത്. ഇതിന് പിന്നാലെ ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിച്ചുള്ള മരുന്നിന്റെ പരസ്യം കേന്ദ്രകേന്ദ്ര സര്‍ക്കാര്‍ തടഞ്ഞിരുന്നു. മരുന്നിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നതോടെയാണ് പതജ്ഞലി അവകാശവാദത്തില്‍നിന്ന് മലക്കം മറിഞ്ഞിരിക്കുന്നത്.

കൊറോണയെ സുഖപ്പെടുത്താനോ നിയന്ത്രിക്കാനോ മരുന്നിന് (കൊറോണില്‍) കഴിയുമെന്ന് ഞങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ഞങ്ങള്‍ മരുന്നുകള്‍ ഉണ്ടാക്കി, കൊറോണ രോഗികളെ സുഖപ്പെടുത്തുന്ന ക്ലിനിക്കല്‍ നിയന്ത്രിത ട്രയലില്‍ അവ ഉപയോഗിച്ചുവെന്ന് ഞങ്ങള്‍ പറഞ്ഞു. അതില്‍ യാതൊരു ആശയകുഴപ്പവുമില്ല.’ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് ആചാര്യ ബാലകൃഷ്ണ പറഞ്ഞു.

മരുന്നുകളുടെ ഘടന, ഗവേഷണ ഫലങ്ങള്‍, ഗവേഷണം നടത്തിയ ആശുപത്രകള്‍, ഇന്‍സ്റ്റിറ്റിയൂഷണല്‍ എത്തിക്‌സ് കമ്മിറ്റിയില്‍ നിന്നുള്ള അനുമതി, ക്ലിനിക്കല്‍ ട്രയലിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നതടക്കമുള്ള വിശദാംശങ്ങള്‍ നല്‍കാന്‍ ആയുഷ് മന്ത്രാലയം പതഞ്ജലിയോട് ആവശ്യപ്പെട്ടിരുന്നു.

സര്‍ക്കാര്‍ കമ്പനിക്ക് നോട്ടീസയച്ചതിന് പിന്നാലെ രോഗപ്രതിരോധം വര്‍ധിപ്പിക്കുന്നതിനും ചുമയും പനിയും ഭേദമാക്കുന്നതിനുമുള്ള മരുന്നിന് വേണ്ടി പതഞ്ജലി ലൈസന്‍സിന് അപേക്ഷിച്ചിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു. കൊറോണ കിറ്റുകളെ സംബന്ധിച്ചൊന്നും അപേക്ഷയിലില്ല. ഇവര്‍ പുറത്തിറക്കിയ കൊറോണിലിലിന്റെ സാമ്പിളുകളും മറ്റും പരിശോധനയ്ക്കായി എടുത്തിട്ടുണ്ടെന്നും ഉത്തരാഖണ്ഡ് ആയുര്‍വേദ വകുപ്പും അറിയിച്ചു.

ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കായി സ്വകാര്യ ഉടമസ്ഥതയിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസുമായും ജയ്പൂരിലെ നിംസ് സര്‍വകലാശാലയുമായും കമ്പനി സഹകരിച്ചുവെന്ന് രാംദേവ് പറഞ്ഞിരുന്നു.

Related Articles

Back to top button