Kerala

പ്രധാനമന്ത്രിക്ക് മുൻപിൽ വിവിധ പദ്ധതികളുമായി കേരളം

“Manju”

ന്യൂഡൽഹി : പ്രധാനമന്ത്രിക്ക് മുൻപിൽ കേരളം അവതരിപ്പിച്ചതിൽ ശബരിമല വിമാനത്താവളവും ലൈറ്റ് മെട്രോ പദ്ധതികളും. കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിൽ സംസ്ഥാനം അവതരിപ്പിച്ച പദ്ധതികൾ വെളിപ്പെടുത്തിയത്. കൊറോണ നിയന്ത്രണങ്ങളെ തുടർന്ന് സംസ്ഥാനത്തുണ്ടായ സ്തംഭാനവസ്ഥയും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

കേരളത്തിന്റെ ദീർഘകാല ആവശ്യമായ എയിംസ് ഉടനെ അനുവദിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ അനുകൂലമായ പ്രതികരണമാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. കൊറോണ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ വലിയ തോതിൽ സഹായം വേണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പിണറായി വിജയൻ വ്യക്തമാക്കി.

4500 കോടിയുടെ ജിഎസ്ടി നഷ്ടപരിഹാരം അടക്കം സംസ്ഥാനത്തിന് ലഭിക്കാനുണ്ട്. ഇതിന്റെ വിതരണം ത്വരിതപ്പെടുത്താനുള്ള നടപടി വേണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. അങ്കമാലി – ശബരി റെയിൽപാത പദ്ധതി നടപ്പാക്കാൻ നേരത്തെ തന്നെ ധാരണാപത്രം ഒപ്പിട്ടതാണ്. 2815 കോടി രൂപയാണ് ഈ പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചിലവ്. ഇതിന്റെ എൺപത് ശതമാനം സംസ്ഥാന സർക്കാർ വഹിക്കും. ആ പദ്ധതി വേഗത്തിൽ തന്നെ ആരംഭിക്കണമെന്നും പൂർത്തീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തുന്ന ശബരിമലയിൽ വിമാനത്താവളം വരേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രിയെ ധരിപ്പിച്ചു. തലശ്ശേരി -മൈസൂർ റെയിൽവേ പദ്ധതിയുടെ ഗുണഫലങ്ങളും ആ പദ്ധതി അടിയന്തരമായി നടപ്പാക്കാൻ നടപടി വേണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

കണ്ണൂർ വിമാനത്താവളത്തിന് വിദേശ വിമാന സർവ്വീസ് ഉറപ്പാക്കണമെന്നും അതിനായി കണ്ണൂരിനെ ആസിയാൻ ഓപ്പൺസ്‌കൈ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. 4673 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.

നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് വരെയുള്ള രണ്ടാം ഘട്ട നിർമ്മാണത്തിനുള്ള അനുമതി ഉടൻ തന്നെ നൽകാമെന്ന് കേന്ദ്ര നഗരവികസനവകുപ്പ് മന്ത്രി ഹർകിഷൻ സിംഗ് പുരി അറിയിച്ചു. 11.2 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാം ഘട്ടത്തിൽ 11 സ്റ്റേഷനുകളാണുള്ളത്. പ്രാരംഭ നടപടിയായി 260 കോടി കേരള സർക്കാർ പദ്ധതിക്ക് മാറ്റി വച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Related Articles

Back to top button