IndiaLatest

യു.പിയില്‍ റെയ്ഡിനിടെ അക്രമികളുടെ വെടിയേറ്റ് 8 പൊലീസുകാര്‍ കൊല്ലപ്പെട്ടു

“Manju”

സിന്ധുമോള്‍ ആര്‍

 

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ റെയ്ഡിനിടെ അക്രമികള്‍ നടത്തിയ വെടിവയ്പ്പില്‍ എട്ടു പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഡി.വൈ.എസ്.പി ദേവേന്ദ്ര മിശ്രയടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. 12ഓളം പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 60ഓളം കേസുകളില്‍ പ്രതിയായ വികാസ് ദുബെയെ തേടിയെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് വെടിവയ്പ്പുണ്ടായത്. കാണ്‍പൂര്‍ ദേഹട്ടിലെ ശിവ്‌ലി പൊലീസ് സ്‌റ്റേഷന്‍ പ്രദേശത്തെ ബ്രികു ഗ്രാമത്തിലാണ് പൊലീസ് സംഘം റെയ്ഡ് നടത്തിയത്. വികാസ് ദുബെയെ പിടികൂടാനായി പൊലീസ് ഗ്രാമത്തിലെത്തുമ്പോള്‍ വലിയൊരു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ റോഡില്‍ ഗതാഗതം തടസപ്പെടുത്തുകയായിരുന്നു. ഇതോടെ പൊലീസുകാര്‍ വാഹനത്തില്‍നിന്ന് പുറത്തിറങ്ങി. ഉടന്‍ തന്നെ കെട്ടിടങ്ങളുടെ മുകള്‍ നിലയില്‍ ഒളിച്ചിരിക്കുകയായിരുന്ന കുറ്റവാളികള്‍ പൊലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

2001-ല്‍ ശിവ്‌ലി പൊലീസ് സ്‌റ്റേഷനില്‍ വച്ച്‌ മുന്‍ മന്ത്രി സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്‌ ദുബെ. രാജ്‌നാഥ് സിംഗ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു സന്തോഷ് ശുക്ല.

വെടിവയ്പ്പിനെ തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി. ഫോറന്‍സിക് ടീമടക്കമുള്ളവര്‍ പരിശോധന നടത്തിവരികയാണ്. സംഭവത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റിപ്പോര്‍ട്ട് തേടി. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കി.

Related Articles

Back to top button