IndiaLatest

കേന്ദ്രസര്‍ക്കാരിന്റെ ജല്‍ ജീവന്‍ മിഷന്‍ : ആദ്യഘട്ടത്തില്‍ 2250 വീടുകളില്‍ വെള്ളമെത്തും

“Manju”

ശ്രീജ.എസ്

 

കോഴിക്കോട്: അഞ്ചു വര്‍ഷം കൊണ്ട് എല്ലാ വീടുകളിലും കുടിവെള്ളം ലഭ്യമാക്കുന്ന കേന്ദ്രപദ്ധതിയായ ജല്‍ ജീവന്‍ മിഷന്‍ ബാലുശ്ശേരി, കുന്ദമംഗലം മണ്ഡലങ്ങളില്‍ നടപ്പാക്കും.

ബാലുശ്ശേരി മണ്ഡലത്തിലെ മൂന്നു പഞ്ചായത്തുകളിലായി 2250 വീടുകളില്‍ ആദ്യഘട്ടത്തില്‍ വെള്ളമെത്തും. ബാലുശ്ശേരി പഞ്ചായത്തിലെ 1,800 കുടുംബങ്ങള്‍ക്കും ഉണ്ണികുളം ഗ്രാമപഞ്ചായത്തില്‍ 400 കുടുംബങ്ങള്‍ക്കും കായണ്ണ ഗ്രാമപഞ്ചായത്തില്‍ 50 കുടുംബങ്ങള്‍ക്കും പദ്ധതിയുടെ ഭാഗമായി കുടിവെള്ള കണക്ഷന്‍ ലഭിക്കും.

കുന്ദമംഗലം നിയോജകമണ്ഡലത്തിലെ ഒളവണ്ണ, മാവൂര്‍, കുന്ദമംഗലം ഗ്രാമപഞ്ചായത്തുകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

2021 മാര്‍ച്ച്‌ 31 ന് മുന്‍പായി കുന്ദമംഗലത്ത് 5,261, മാവൂരില്‍ 3,825, ഒളവണ്ണ 10,435 എന്ന ക്രമത്തില്‍ ആകെ 19,521 കണക്ഷനുകളാണ് ആദ്യ ഘട്ടമായി നല്‍കുക. പദ്ധതി നടപ്പാക്കുന്നതിന് കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ 14.73 കോടി, മാവൂര്‍ 10.7 കോടി, ഒളവണ്ണ 31.21 കോടി എന്ന ക്രമത്തില്‍ ആകെ 56.64 കോടി രൂപ ചെലവ് വരും.

2021 ഏപ്രില്‍ ഒന്നു മുതലുള്ള സാമ്പത്തിക വര്‍ഷത്തില്‍ ചാത്തമംഗലം, പെരുവയല്‍, പെരുമണ്ണ ഗ്രാമപഞ്ചായത്തുകളിലും ഇപ്പോള്‍ തെരഞ്ഞെടുത്ത പഞ്ചായത്തുകളിലെ ബാക്കി വരുന്ന പ്രദേശങ്ങളിലും പദ്ധതി വഴി കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കും. കുന്ദമംഗലത്ത് ജൈക്ക പൈപ്പ് ലൈനുകളും ട്രീറ്റ്‌മെന്റ് പ്ലാന്റുകളും ടാങ്കുകളും കെഡബ്ല്യുഎ ലൈനുകളും ജലവിതരണത്തിന് സജ്ജമായതും വേഗത്തില്‍ കണക്ഷന്‍ നല്‍കാന്‍ സാധിക്കുന്നതുമാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്ന പഞ്ചായത്തുകളെ തെരഞ്ഞെടുക്കുന്നതില്‍ മാനദണ്ഡമാക്കിയത്.

കേന്ദ്ര-സംസ്ഥാന ഫണ്ടുകള്‍ വിനിയോഗിച്ച്‌ തദ്ദേശസ്വയംഭരണഭരണ സ്ഥാപനങ്ങളുടെയും ഗുണഭോക്താക്കളുടെയും പങ്കാളിത്തത്തോടെയാണ് ജലജീവന്‍ മിഷന്‍ പദ്ധതി കേരള വാട്ടര്‍ അതോറിറ്റി മുഖേന നടപ്പാക്കുന്നത്.

ബാലുശ്ശേരി റസ്റ്റ് ഹൗസില്‍ പുരുഷന്‍ കടലുണ്ടി എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ ആലോചനായോഗം ചേര്‍ന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരളാ വാട്ടര്‍ അതോറിറ്റി കോഴിക്കോട് ഡിവിഷന്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പി.ടി.എ. റഹീം എംഎല്‍എ അദ്ധ്യക്ഷനായി. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, കെഡബ്ല്യുഎ, ജിക്ക ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button