KeralaLatest

സെക്രട്ടേറിയറ്റ് പൂട്ടിയത് ചരിത്രത്തില്‍ ആദ്യം

“Manju”

സിന്ധുമോള്‍ ആര്‍

 

തിരുവനന്തപുരം: ഞായറാഴ്ച രാത്രി തന്നെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് താഴിട്ട് പൂട്ടി. നാലു കവാടങ്ങളിലും താഴിട്ടതിന് പുറമെ കയര്‍ വരിഞ്ഞ് മുറുക്കുകയും ചെയ്തു. ഒരാഴ്ചത്തെ ട്രിപ്പിള്‍ ലോക്ഡൗണ്‍ കാലയളവില്‍ മുഴുവന്‍ ഇങ്ങനെ ആവണമെന്നില്ല. ഏതായാലും പഴയ ഹജൂര്‍ കച്ചേരിയായ ഇന്നത്തെ സെക്രട്ടേറിയറ്റിന് ഇങ്ങിനെ ഒരവസ്ഥ ഉണ്ടാകുന്നത് ചരിത്രത്തില്‍ ആദ്യം.

ആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് ഹജൂര്‍ കച്ചേരിയുടെ പണിതുടങ്ങിയത്. 1869 ജൂലൈ എട്ടിന് പൂര്‍ത്തിയായി. ആഗസ്റ്റ് 23ന് പ്രവര്‍ത്തനവും ആരംഭിച്ചു. രാജഭരണം അവസാനിച്ചതോടെ സംസ്ഥാന ഭരണത്തിന്റെ ആസ്ഥാനവുമായി. 151 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഒരിക്കലും ഉണ്ടാകാത്ത ദുരവസ്ഥയാണ് സെക്രട്ടേറിയറ്റിന് വന്നുപെട്ടത്. അതോടൊപ്പം തലസ്ഥാന നഗരത്തിലെ ജനങ്ങള്‍ക്കും.

നഗരത്തിലേക്കുള്ള വഴികളെല്ലാം അടച്ചുകെട്ടി. പോലീസ് അനുവദിക്കാതെ ആംബുലന്‍സ് പോലും മുന്നോട്ടില്ല. കടകമ്പോളങ്ങളൊന്നും തുറന്നുകൂടാ. പൊതുവാഹനങ്ങള്‍ നിരത്തിലിറങ്ങില്ല. അവശ്യസാധനങ്ങള്‍ വേണ്ടവര്‍ പോലീസിനെ അറിയിച്ചാല്‍ എത്തിച്ചു നല്‍കും. മെഡിക്കല്‍ ഷോപ്പുകള്‍ തുറക്കാം. പക്ഷെ അവിടെ പോകുന്നവര്‍ സത്യവാങ്മൂലം നല്‍കണം. ഞായറാഴ്ച രാത്രി ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് അതായിരുന്നു. ടിവി വാര്‍ത്തകളിലൂടെ ഇതറിഞ്ഞ തലസ്ഥനവാസികള്‍ അമ്പരന്നു. അപ്രതീക്ഷമായിരുന്നു ട്രിപ്പിള്‍ ലോക്ഡൗണ്‍. ഭക്ഷണമില്ലാതെ, വെള്ളംപോലും കിട്ടാതെ ആയിരങ്ങള്‍ വലഞ്ഞു. തിങ്കളാഴ്ച ഉച്ചയോടെ രാത്രി പ്രഖ്യാപിച്ച നിബന്ധനകള്‍ അയഞ്ഞു.

Related Articles

Back to top button