KeralaKollamLatest

പൗർണമി പിറന്നു, സായിയുടെയും രാജയുടെയും മകളായി

“Manju”

 

മഹേഷ് കൊല്ലം

പൗർണമി ആരാണെന്നല്ലേ? പരവൂർ കലയ്ക്കോട് കൃഷ്ണവിലാസത്തിൽ കലേഷ് വളർത്തുന്ന 7 വയസുള്ള സായി എന്ന കുതിരക്ക് പിറന്ന കുഞ്ഞാണ് പൗർണ്ണമി. അഞ്ചു വർഷം മുൻപാണ് സിനിമാതാരവും കുതിരപ്രേമിയുമായ കലേഷ് കോയമ്പത്തൂരിൽ നിന്നും സായിയെ വാങ്ങിയത്. ഒരു ലക്ഷം രൂപയായിരുന്നു കാത്തേവാരി ഇനത്തിൽപ്പെട്ട ഈ കുതിരയുടെ വില. ഉത്സവകാലത്ത് ഗജവീരന്മാർക്കൊപ്പം കുതിരയെ കൂടി എഴുന്നള്ളിപ്പിക്കാം എന്ന ആശയത്തെ തുടർന്നാണ് കലേഷ് കുതിരകളെ വാങ്ങിത്തുടങ്ങിയത്.
ഒരു തവണ ഉത്സവത്തിന് പോകുന്ന വഴിമധ്യേയാണ് നമ്മുടെ നായിക സായി രാജയെ കണ്ടുമുട്ടിയത്. തിരുവനന്തപുരത്ത് ഉത്സവ എഴുന്നെള്ളീപ്പിന് പോകും വഴിയാണ് തിരുവനന്തപുരം മംഗലപുരം എസ്.എ. മൻസിലിൽ സെയ്ദിന്റെ രാജയെന്ന ആൺകുതിരയെ കണ്ടത്. മൃഗങ്ങളുടെ സ്നേഹഭാവങ്ങൾ കണ്ടപ്പോൾ തവിട്ട് നിറമുള്ള രാജയോടൊപ്പം നാലു ദിവസം കഴിയാൻ കലേഷ് സായിയെ അനുവദിച്ചു. ആറുമാസം കഴിഞ്ഞപ്പോൾ ചില അസ്വസ്ഥതകൾ പ്രകടമായതോടെയാണ് സായി ഗർഭിണിയാണെന്ന് അറിയുന്നത്. പിന്നെ സായിക്ക് മികച്ച ഗർഭകാല പരിചരണമൊരുക്കി കലേഷ്.
ഗർഭം ധരിച്ച് 11 മാസം കഴിഞ്ഞാണ് കുതിരകൾ പ്രസവിക്കുക. പതിനൊന്ന് മാസം തികഞ്ഞതോടെ സായി പ്രസവിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ ഉറക്കം ഉണർന്ന കലേഷ് കാണുന്നത് സായിയുടെ കൂടിനു പുറത്ത് നിൽക്കുന്ന തവിട്ടും വെള്ളയും നിറത്തിലുള്ള കുതിരക്കുട്ടിയെ. പൗർണമി എന്നു പേരിട്ട കുതിരക്കുട്ടിയെ കാണാൻ ഒട്ടേറെപ്പേരാണു എത്തുന്നത്.
കലേഷിനുണ്ടായിരുന്ന റാം എന്ന ആൺകുതിരയെ വിറ്റിട്ടാണ് തൂവെള്ള നിറത്തിലുള്ള സായിയെ സ്വന്തമാക്കിയത്. ഗുജറാത്തിലെ കാങ്കറേജ് ഇനത്തിൽപ്പെട്ട കൂറ്റൻ കാളയെയും കലേഷ് വളർത്തുന്നുണ്ട്. പേര് ഭീമൻ. മോഹൻലാലിനൊപ്പം ലൂസിഫറിലും മറ്റു നായകൻമാർക്കൊപ്പം സിനിമയിലും സീരിയലിലും ശ്രദ്ധേയ വേഷങ്ങളിലും കലേഷ് അഭിനയിച്ചിട്ടുണ്ട്.

Related Articles

Back to top button