KeralaLatestThrissur

കൊറോണ പ്രതിരോധ മാര്‍ഗങ്ങളുമായി ഒരു ഓട്ടോക്കാരന്‍

“Manju”

സിന്ധുമോള്‍ ആര്‍

തൃശൂര്‍: ജനങ്ങളെ ആശങ്കയിലാക്കി കൊറോണ വൈറസ് വ്യാപനം ദിനംപ്രതി വര്‍ധിക്കുമ്പോള്‍ വൈറസിനെ തുരത്താന്‍ പുതുവഴികള്‍ തേടുകയാണ് പലരും. ഇക്കൂട്ടത്തില്‍ വ്യത്യസ്തനാകുകയാണ് തൃശൂര്‍ സ്വദേശിയായ സെബീര്‍ പി. മജീദ്. തന്റെ ഓട്ടോയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇനി കൊറോണയെ പേടിക്കേണ്ടെന്ന് സെബീര്‍ പറയുന്നു. കൊറോണയെ പ്രതിരോധിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും തന്റെ ഓട്ടോയിലൊരുക്കിയിരിക്കുകയാണ് ഈ 33കാരന്‍.

യാത്രക്കാരനെ ഓട്ടോയില്‍ കയറ്റുന്നതിന് മുന്‍പ് പനി പരിശോധന നടത്താന്‍ തെര്‍മല്‍ സ്‌കാനര്‍, ഓട്ടോമേറ്റിക് സാനിറ്റെസര്‍, ഡ്രൈവറെയും യാത്രക്കാരെയും വേര്‍തിരിക്കുന്ന ഫൈബര്‍ ഗ്ലാസ്, യാത്രക്കാര്‍ ഇറങ്ങിയാല്‍ ഓട്ടോയുടെ ഉള്‍ഭാഗം സാനിറ്റൈസര്‍ ചെയ്യുന്നതിനിനുള്ള സംവിധാനം ഡിസ് ഇന്‍ഫെക്ടീവ് ഫോഗ് എന്നിവ ഓട്ടോയിലുണ്ട്. കൂടാതെ മാസ്‌ക് ഇല്ലാത്തവര്‍ക്ക് മാസ്‌കും. കൊറോണ പ്രതിരോധത്തിന് വേണ്ടിയിട്ടുള്ള ചെറുകുറിപ്പുകളും നല്‍കുന്നുണ്ട്. ഓട്ടോയില്‍ കയറുന്ന യാത്രക്കാര്‍ക്ക് ആദ്യം അമ്പരപ്പാണെങ്കിലും പിന്നീട് ഇതെല്ലാം വായിച്ച്‌ സെബീറിനോട് കുശലങ്ങള്‍ അന്വേഷിച്ചതിന് ശേഷമാണ് മടങ്ങുക.

ചില ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങളും ഹൈടെക് ഓട്ടോയുടെ നിര്‍മ്മാണത്തിന് വേണ്ട സെബീര്‍ സ്വീകരിച്ചിരുന്നു. ഓട്ടോയില്‍ പ്രതിരോധത്തിനായുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചതിന് ഏകദേശം 40,000ഓളം രൂപ വേണ്ടിവന്നെങ്കിലും സുരക്ഷയുടെ കാര്യത്തില്‍ പിന്നാക്കം പോകാനാകില്ലല്ലോയെന്ന് സെബീര്‍ ചോദിച്ചു. നമ്മള്‍ കാരണം ആര്‍ക്കും രോഗവ്യാപനം ഉണ്ടാകരുത് എന്ന ചിന്തയിലാണ് ഇതെല്ലാം സ്ഥാപിച്ചത്.

ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സര്‍വ്വീസ് നടത്തിയെങ്കിലും ഓട്ടോയില്‍ കയറാന്‍ ആളുകള്‍ മടിച്ചിരുന്നു. എന്നാല്‍ പേടികൂടാതെ എങ്ങനെ ജോലി ചെയ്യാമെന്ന ചിന്തയിലാണ് ഈ ആശയം ഉദിച്ചതെന്ന് സെബീര്‍ പറയുന്നു. നാട്ടില്‍ നടക്കുന്ന കൊറോണയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെല്ലാം സെബീര്‍ സജീവമാണ്. നേരത്തെ മെഡിക്കല്‍ കോളേജില്‍ താല്ക്കാലികമായി ഡ്രൈവര്‍ തസ്തികയില്‍ ജോലി ചെയ്യുകയായിരുന്നു. പിന്നീട് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ മേഖലയിലേക്ക് മാറുകയായിരുന്നു. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഈ മേഖലയില്‍ ജോലി ചെയ്യുകയാണ് സെബീര്‍. ഭാര്യ: സുല്‍ഫത്ത്. മകന്‍: മുഹമ്മദ് റിസ്വാന്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്നു.

Related Articles

Back to top button