KeralaLatestThiruvananthapuram

നടന്‍ ബിജു മേനോന് ഇന്ന് അന്‍പതാം പിറന്നാള്‍

“Manju”

സിന്ധുമോള്‍ ആര്‍
മലയാളികള്‍ക്ക് എന്നും ഏറെ പ്രിയങ്കരനായ താരമാണ് ബിജു മേനോന്‍. ഇന്ന് തന്റെ അന്‍പതാം പിറന്നാള്‍ ആഘോഷിക്കുന്നതിനൊപ്പം ഇരട്ടി മധുരമായി താരം തന്റെ സിനിമ ജീവിതത്തിലെ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ തികക്കുകയാണ്. 1995 ല്‍ പുറത്തിറങ്ങിയ ‘പുത്രന്‍’ എന്ന ചിത്രത്തിലൂടെയാണ് ബിജു മേനോന്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയുടെ പ്രധാന ഒരു ഭാഗമായി മാറുകയായിരുന്നു ഇദ്ദേഹം.
കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, മേഘമല്‍ഹാര്‍, മഴ, മധുരനൊമ്പരക്കാറ്റ് എന്നീ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായ ചിത്രങ്ങളാണ്. കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിലെ ഭുവനചന്ദ്രന്‍ എന്ന ക‌ഥാപാത്രം മികച്ച രണ്ടാമത്തെ നടനുള്ള 1997-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ബിജു മേനോന് നേടിക്കൊടുത്തു. മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളില്‍ ബിജു മേനോന്‍ തന്റെ അഭിനയ പ്രവീണ്യം വരച്ചുകാട്ടി. തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകര്‍ അത് ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. പില്‍കാലത്ത് അഭിനയത്തിലെ ട്രാക്ക് മാറ്റി കോമഡി കഥാപാത്രങ്ങള്‍ക്ക് മുന്‍‌തൂക്കം കൊടുത്തപ്പോഴും അതെല്ലാം വിജയം കണ്ടു. 2014-ല്‍ ബിജു മേനോന്‍ നായകനായ വെള്ളിമൂങ്ങ എന്ന ചിത്രം ആ വര്‍ഷത്തെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു.
പിന്നീട് ഇങ്ങോട്ട് നായകനായും സഹതാരമായും എല്ലാം സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി വിജയക്കോടി പാറിച്ച്‌ മുന്നേറുകയാണ് അദ്ദേഹം. ഈ വര്‍ഷം പുറത്തിറങ്ങിയ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രത്തിന്റെ പ്രകടനം ബിജു മേനോന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്. മലയാളികളുടെ പ്രിയ നായിക സംയുക്ത വര്‍മ്മയെയാണ് വിവാഹം ചെയ്‌തിരിക്കുന്നത്. ദക്ഷ് ധാര്‍മിക് എന്ന ഒരു മകനും ഇവര്‍ക്കുണ്ട്. മലയാളികളുടെ പ്രിയതാരത്തിന് ഒരായിരം പിറന്നാള്‍ ആശംസകള്‍.

Related Articles

Back to top button